ദര്‍ശന സാഫല്യമേകി മുത്തപ്പന്‍ മല കയറി

Tuesday 17 November 2015 8:30 pm IST

ന്യൂദല്‍ഹി: ദല്‍ഹി മുത്തപ്പ സേവാ സമിതിയുടെ പതിനൊന്നാമത് മുത്തപ്പ മഹോത്സവത്തിന്റെ ഭാഗമായി മയൂര്‍ വിഹാര്‍ ഫേസ്3ലെ ബി6 പാര്‍ക്കില്‍ അണിയിച്ചൊരുക്കിയ മഠപ്പുരയിലെത്തിയ ഭക്തജനങ്ങള്‍ക്ക് ആശ്വാസ വചനങ്ങളും ദര്‍ശന സാഫല്യവുമേകി മുത്തപ്പന്‍ മല കയറി. ദല്‍ഹിയില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും നിരവധി ഭക്തജനങ്ങള്‍ ചടങ്ങുകളില്‍ പങ്കെടുത്തു. മാടവന നാരായണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ മഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിച്ചത്. മുത്തപ്പസ്തുതികള്‍ക്കു ശേഷം ആരൂഡമായ കുന്നത്തൂര്‍ പാടിയില്‍ നിന്നുള്ള വരവിനെ അനുസ്മരിപ്പിച്ചുകൊണ്ട് മലയിറക്കവും തുടര്‍ന്ന് മുത്തപ്പന്റെ തിരുമുടിയേറ്റി തിരുവിളയാട്ടവും നടന്നു. ശ്രീനിവാസന്‍ മടയന്‍ മറ്റു ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കണ്ണൂര്‍ തളിപ്പറമ്പ് ച്യവനപ്പുഴയിലെ രതീഷ് പെരുവണ്ണാനാണ് ഇത്തവണ മുത്തപ്പന്‍ വേഷമണിഞ്ഞത്. ഷൈജു, ബൈജു, ഷാരോണ്‍, ചന്ദ്രന്‍, പ്രതീഷ്, സപ്‌നേഷ്, എന്നിവര്‍ വാദ്യമേളങ്ങളൊരുക്കി. തളിപ്പറമ്പ് ചുഴലിയിലെ അമ്പോലുമ്മല്‍ വിജയന്‍ ആചാരിയുടെ നേതൃത്വത്തിലാണ് താല്‍കാലിക മഠപ്പുര ഒരുങ്ങിയത്. മുത്തപ്പനെ കാണാനും അനുഗ്രഹങ്ങള്‍ വാങ്ങാനും ഭക്തജനങ്ങളോടൊപ്പം മയൂര്‍ വിഹാര്‍ ഫേസ്3 എം.എല്‍.എ. മനോജ് കുമാര്‍, കൗണ്‍സിലര്‍ രാജീവ് വര്‍മ്മ തുടങ്ങി സാമൂഹിക രംഗത്തെ പ്രമുഖരും സന്നിഹിതരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.