ശ്രീനഗര്‍: കശ്മീരിലെ കുപ്പുവാര ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു കേണല്‍ കൊല്ലപ്പെട്ടു. രണ്ട്സൈനികര്ക്ക് പരിക്കേറ്റു. 41 രാഷ്ട്രീയ റൈഫിള്‍സിലെ കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ സന്തോഷ് മാഹദിക് ആണ് കൊല്ലപ്പെട്ടത്. അതിര്‍ത്തിക്കടുത്തുള്ള വനത്തില്‍ ഭീകരര്‍ക്കായുള്ള തെരച്ചിലിനിടയിലാണ് ഭീകരര്‍ വെടിയുതിര്‍ത്തത്.
ലഷ്കര്‍ ഇ തോയിബ ഭീകരര്‍ വനത്തിനുള്ളില്‍ മറഞ്ഞിരിക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് 13 മുതല്‍ ഇവിടെ തിരച്ചില്‍ നടക്കുകയാണ്. തിരച്ചിലിനെത്തുടര്‍ന്ന് കൊടുംകാടിനുള്ളിലേക്ക് നീങ്ങിയ ഭീകരര്‍ക്ക് പിന്നാലെ കശ്മീര്‍ പോലീസും സൈന്യവും സംയുക്തമായി നീങ്ങിയിരുന്നു.
ഇതിനെത്തുടര്‍ന്നാണ് ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ത്തത്. പരിക്കേറ്റവരില്‍ സ്പെഷ്യല്‍ ഓപറേഷന് വിഭാഗത്തിലെ പോലീസ് ഓഫീസര്‍ മജ്ലൂണ് അഹമ്മദും ഉള്‍പ്പെടുന്നു. ഒക്ടോബര്‍ 30,31 ദിവസങ്ങളില്‍ നുഴഞ്ഞുകയറിയ ഭീകരര്‍ കടുത്ത മഞ്ഞിനെത്തുടര്‍ന്ന് വനത്തില്പ്പെട്ടുപോവുകയായിരുന്നു. അസുഖം വന്ന് മരിച്ച ഒരു ഭീകരന്റെ മൃതശരീരം സൈന്യം കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: