അന്നദാനം അയ്യപ്പസ്വാമിക്കുള്ള നിവേദ്യമായി മാറണം: കുമ്മനം

Tuesday 17 November 2015 10:41 pm IST

എരുമേലി: ശബരിമല തീര്‍ത്ഥാടകര്‍ക്കായി നല്‍കുന്ന അന്നദാനം അയ്യപ്പസ്വാമിക്കുള്ള നിവേദ്യമായി മാറണമെന്ന് ശബരിമല അയ്യപ്പസേവാ സമാജം ദേശീയ വൈസ് പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ എരുമേലിയിലെ അന്നദാന സേവാകേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭക്തി രണ്ടു രീതിയിലാണുള്ളത്. നിസ്വാര്‍ത്ഥമായ ഭക്തിയും, സ്വാര്‍ത്ഥമായ ഭക്തിയുമാണത്. നമുക്ക് എന്തു നേടാം എന്നതല്ല, നമുക്ക് അങ്ങോട്ട് എന്തൊക്കെ കൊടുക്കാനാകും എന്നു ചിന്തിക്കുന്ന നിസ്വാര്‍ത്ഥമായ സേവനമാണ് ശബരിമല തീര്‍ത്ഥാടനത്തിലുണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പചൈതന്യത്തെ മനസ്സിലാക്കി നിഷ്‌കളങ്കമായ സേവനം ചെയ്യുന്നതിലൂടെ ആദ്ധ്യത്മികതത്വം ഉള്‍ക്കൊള്ളാനും അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍മ്മങ്ങള്‍ എല്ലാം ഈശ്വരീയമാണ്. അയ്യപ്പസ്വാമിയെ വിളിച്ച് സേവനം ചെയ്യുന്നതിലൂടെ അഹന്ത ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല തീര്‍ത്ഥാടനത്തിലൂടെ അയ്യപ്പനെ കാണുകയല്ല, അയ്യപ്പനെ ദര്‍ശിക്കുകയാണ് സേവനത്തിലൂടെ വ്യക്തമാക്കുന്നതെന്നും ഇതിന് സ്‌നേഹം, ദയ, കാരുണ്യം എന്നിവയിലൂന്നിയ പ്രവര്‍ത്തനം അനിവാര്യമാണെന്നും കുമ്മനം പറഞ്ഞു. തീര്‍ത്ഥാടകരുടെ ദു:ഖങ്ങള്‍ അകറ്റാനുള്ള കേന്ദ്രങ്ങളായി തീര്‍ത്ഥാടന സ്ഥലങ്ങള്‍ മാറുമ്പോഴാണ് സേവനം ചെയ്യുന്നവര്‍ക്ക് സംതൃപ്തി ഉണ്ടാകുകയെന്നും സംസ്ഥാനത്ത് നൂറിലധികം സേവാ കേന്ദ്രങ്ങള്‍ ഇത്തരത്തില്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ഹിന്ദുഐക്യവേദി എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ബിജി കല്യാണി അദ്ധ്യക്ഷത വഹിച്ചു. അന്നദാന വിതരണോദ്ഘാടനം ശബരിമല അയ്യപ്പസേവാസമാജം സംസ്ഥാന സംഘടനാ സെക്രട്ടറി വി.കെ. വിശ്വനാഥന്‍ നിര്‍വ്വഹിച്ചു. കുടിവെള്ള വിതരണത്തിന്റെ ഉദ്്ഘാടനം എരുമേലി ഗ്രാമപഞ്ചായത്തംഗം ടി.എസ്. കൃഷ്ണകുമാര്‍ നിര്‍വ്വഹിച്ചു. ജൈവകൃഷി കര്‍ഷകനായ മോഹന്‍ദാസ് കൊണ്ടുവന്ന പച്ചക്കറികള്‍ സമാജം സംസ്ഥാന സഹ സംഘടനാ സെക്രട്ടറി ടി.കെ. കുട്ടന്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു, രാഷ്ട്രീയ സ്വയം സേവകസംഘം ജില്ലാ കാര്യവാഹക് വി.കെ. സജീവന്‍, വ്യവസ്ഥ പ്രമുഖ് കെ.കെ. മോഹന്‍ദാസ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ഹരി, സേവാ സമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ്, വി.എച്ച്.പി. പ്രഖണ്ഡ് പ്രമുഖ് ടി.കെ. കൃഷ്ണന്‍ കുട്ടി, ഹിന്ദുഐക്യവേദി പഞ്ചായത്ത് കമ്മറ്റി ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്‍ കനകപ്പലം, ആര്‍എസ്എസ് എരുമേലി താലൂക്ക് കാര്യവാഹക് വി.ആര്‍. രതീഷ്, ബാലഗോകുലം താലൂക്ക് കാര്യദര്‍ശി എസ്. രാജന്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.