പാലാ - പൊന്‍കുന്നം റോഡിലൂടെ ശബരിമല തീര്‍ത്ഥാടക യാത്ര കഠിനമെന്റയ്യപ്പാ

Tuesday 17 November 2015 10:44 pm IST

പൊന്‍കുന്നം/പാലാ: പൊന്‍കുന്നം-പാലാ റൂട്ടിലെ തീര്‍ത്ഥാടക യാത്ര കാഠിന്യം നിറഞ്ഞത്. മൂവാറ്റുപുഴ-കൂത്താട്ടുകുളം-പാലാ-പൊന്‍കുന്നം-എരുമേലി പാതയിലെ പാലാ മുതല്‍ പൊന്‍കുന്നം വരെയുള്ള ഭാഗത്താണ് യാത്ര ദുരിതമാകുന്നത്. ജില്ലയുടെ വടക്കുദിക്കില്‍ നിന്നും ഉത്തര കേരളത്തില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ ശബരിമലയില്‍ എത്തിച്ചേരാവുന്ന പാതയാണിത്. സംസ്ഥാന പാത വികസനത്തിന്റെ ഭാഗമായി പണികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെവന്നതാണ് തീര്‍ത്ഥാടകരെ വലക്കുന്നത്. പാലാ മുതല്‍ പൊന്‍കുന്നം വരെ ഏഴോളം സ്ഥലത്ത് കലുങ്ക് പണിയുടെ പേരില്‍ റോഡ് പൊളിച്ചിട്ടിരിക്കുന്നു. ഇവിടെയെല്ലാം വാഹനങ്ങള്‍ കടന്നുപോകാന്‍ ഏറെ താമസമെടുക്കുന്നു. തൊടുപുഴ മുതല്‍ പൊന്‍കുന്നം വരെയുള്ള റോഡിന്റെ നിര്‍മ്മാണം ഇഴയുകയാണ്. കുണ്ടും കുഴിയും നിറഞ്ഞ പാതയിലൂടെ ചെറിയ വാഹനങ്ങള്‍ ഓടിക്കുന്നത് ഏറെ ദുഷ്‌കരമായിരിക്കുന്നു. മണ്ണെടുപ്പ്, ടാറിംഗ് ജോലികള്‍ വൈകുന്നതിനാല്‍ പലയിടങ്ങളിലും വന്‍ ഗട്ടറുകള്‍ താണ്ടി വാഹനങ്ങള്‍ ഓടിക്കേണ്ട സ്ഥിതിയാണുള്ളത്. 240 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പാത ലോകബാങ്ക് സഹായത്തോടെ രണ്ട് വര്‍ഷം മുന്‍പ് നിര്‍മ്മാണം തുടങ്ങിയതാണ്. 50.32 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പാത അടുത്ത ജൂണില്‍ മാത്രമേ പൂര്‍ത്തിയാകൂ എന്നാണ് അറിയുന്നത്. പാലാ മുതല്‍ പൈക കുരുവിക്കൂട് ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് റോഡ് പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയാണ്. കുരുവിക്കൂട് മുതല്‍ മൂന്ന് കി.മി ദൂരത്തില്‍ വീതിയേറിയ ടാറിംഗ് നടത്തിയുട്ടുണ്ടെങ്കിലും പനമറ്റം കവല മുതല്‍ ഇളങ്ങുളം ചന്ത വരെ നിര്‍മ്മാണം എങ്ങുമെത്തിയിട്ടില്ല. ഇളങ്ങുളത്തുനിന്ന് നിന്ന് പ്രശാന്ത് നഗര്‍ വരെയും ഹൈവേ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍ പൊന്‍കുന്നത്തേക്ക് എത്തുന്നതിനുള്ള ഒന്നര കിലോമീറ്റര്‍ ദൂരം വാഹനങ്ങള്‍ക്ക് കഠിനയാത്രയാണ്. നവീനരീതിയില്‍ പത്ത് മീറ്റര്‍ ടാറിംഗ് നടത്തി ഏഴു മീറ്റര്‍ വാഹന ഗതാഗതത്തിനു നല്‍കുന്ന രീതിയിലാണ് ഹൈവേ വിഭാവനം ചെയ്തിരിക്കുന്നത്. ഇരുവശങ്ങളിലുമായി ഒന്നര മീറ്റര്‍ വീതം വേര്‍തിരിച്ച് ഇരുചക്രവാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും അനുവദിക്കും. ഇതിനു പുറത്തായിരിക്കും പാര്‍ക്കിംഗ് സ്ഥലം കണ്ടെത്തുന്നത്. ഇരുഭാഗത്തും ഓടയുടെ നിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. പൂനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാത 2002 ലാണ് സംസ്ഥാന റോഡ് പ്രോജക്ട് വകുപ്പ് ഏറ്റെടുത്തത്. കോലാനി മുതല്‍ പാലാ വരെ യാത്ര ഏറെ ദുഷ്‌കരമാണ്. പാലാ-പൈക റൂട്ടില്‍ റോഡ് ചെളിക്കുഴിയായി മാറിയിരിക്കുന്നു. പൈക മുതല്‍ പൊന്‍കുന്നം വരെ റോഡ് ശബരിമല സീസണു മുന്‍പ് പൂര്‍ത്തിയാകുമെന്നു കരാറുകാര്‍ പറഞ്ഞിരുന്നു. മൂവാറ്റുപുഴയില്‍ നിന്നാരംഭിച്ച് തൊടുപുഴ, പാലാ, പൊന്‍കുന്നം, തെക്കേത്തുകവല, മണിമലവഴി പുനലൂരില്‍ എത്തുന്ന വിധമാണ് സംസ്ഥാനപാതയുടെ നിര്‍മ്മാണം ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. കേരളത്തിന്റെ വടക്കുനിന്നും കര്‍ണ്ണാടക, ആന്ധ്ര തുടങ്ങി അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന ശബരിമല തീര്‍ത്ഥാടകരൂടെ പ്രധാന പാതയാണിത്. ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി രാപകല്‍ ഭേദമില്ലാതെ കടന്നുപോകുന്നത്. കലുങ്ക് പണിയുടെ പേരില്‍ റോഡിന്റെ പകുതിയും പൊളിച്ചുമാറ്റിയും ബാക്കി ഭാഗങ്ങളില്‍ മണ്ണും പണിസാമഗ്രികളും നിരത്തിയിട്ടിരിക്കുന്നത് അപകടങ്ങള്‍ക്കും ഗതാഗത തടസ്സത്തിനും ഇടയാക്കുന്നുണ്ട്. പലസ്ഥലങ്ങളിലും റോഡ് കുഴിച്ചിട്ടിരിക്കുന്നിടത്ത് സൂചനാ ബോര്‍ഡുകളോ മുന്നറിയിപ്പുകളോ ഇല്ല. ഇടയ്ക്ക് മഴ പെയ്തതോടെ മണ്ണുകള്‍ റോഡിലേക്ക് ഒലിച്ചിറങ്ങിയ അവസ്ഥയാണ്. ഇരുചക്രവാഹനങ്ങള്‍ തെന്നിമറിയുന്നതും പതിവാണ്. പാലാ മുതല്‍ പൊന്‍കുന്നം വരെയുള്ള ഭാഗങ്ങള്‍ മണ്ഡല-മകരവിളക്ക് കാലത്ത് റോഡ് നിര്‍മ്മാണത്തിന്റെ പേരില്‍ പൊളിച്ചിടുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുള്ളത്. തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂര്‍, കടപ്പാട്ടൂര്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം തടഞ്ഞുകൊണ്ട് തീര്‍ത്ഥാടകസംഘങ്ങളുടെ നിരവധി വാഹനങ്ങള്‍ മൂവാറ്റുപുഴയില്‍ നിന്നും തൊടുപുഴ, ഈരാറ്റുപേട്ട വഴി മാറ്റി വിടുന്നുമുണ്ട്. തീര്‍ത്ഥാടകരുടെ പരമ്പരാഗത യാത്ര മുടക്കുന്ന നടപടി അധികൃതര്‍ ഇടപെട്ട് ഒഴിവാക്കേണ്ടതുണ്ട്. എന്നാല്‍ നിര്‍മ്മാണം വൈകുന്നതോടെ റോഡിലൂടെയുള്ള യാത്ര ദുസ്സഹായിക്കൊണ്ടിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.