എരുമേലിയിലെ തീര്‍ത്ഥാടകരുടെ കുളിക്കടവ് ദേവസ്വം ബോര്‍ഡ് വൃത്തിയാക്കി

Tuesday 17 November 2015 10:45 pm IST

എരുമേലി: ഗ്രാമപഞ്ചായത്തും ഇറിഗേഷന്‍ വകുപ്പും അവഗണിച്ച ശബരിമല തീര്‍ത്ഥാടകരുടെ എരുമേലിയിലെ കുളിക്കടവ് ദേവസ്വം ബോര്‍ഡ് വൃത്തിയാക്കി. ശബരിമല തീര്‍ത്ഥാടനമാരംഭത്തിനു മുമ്പ് തന്നെ വലിയ അമ്പലത്തിനു മുന്നിലുള്ള കുളിക്കടവ് പഞ്ചായത്തോ ഇറിഗേഷന്‍ വകുപ്പോ വൃത്തിയാക്കുകയാണ് പതിവെങ്കിലും ഇത്തവണ കുളിക്കടവ് ശുചീകരണം ചെയ്യാത്തതിനെതിരെ വ്യാപക പ്രതിഷേധമാണുയര്‍ന്നത്. കഴിഞ്ഞ ശബരിമല തീര്‍ത്ഥാടന യോഗങ്ങളില്‍ വലിയതോട്ടിലെ കുളിക്കടവ് വൃത്തിയാക്കാന്‍ പഞ്ചായത്തിനോട് ഉന്നതാധികാരികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തീര്‍ത്ഥാടനമാരംഭിച്ചിട്ടും നടപടി ഉണ്ടാകാത്തിതിനെ തുടര്‍ന്നാണ് കുളിക്കടവ് ശുചീകരണത്തിനുള്ള ഫണ്ടില്ലെന്ന് പറഞ്ഞ് പഞ്ചായത്ത് കടുത്ത അനാസ്ഥയുമായി രംഗത്തെത്തിയിരിക്കുന്നത്. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി പേട്ടതുള്ളിവരുന്ന പതിനായിരക്കണക്കിനു തീര്‍ത്ഥാടകരുടെ ഏക ആശ്രയമാണ് ഈ കുളിക്കടവ്. ശബരിമല തീര്‍ത്ഥാടന ക്രമീകരണങ്ങള്‍ക്കായി സര്‍ക്കാര്‍ 30 ലക്ഷം രൂപയാണ് പഞ്ചായത്തിന് നല്‍കുന്നത്. എന്നാല്‍ ഈ ഫണ്ട് ഇതുവരെ വന്നില്ലെന്ന പഞ്ചായത്തിന്റെ വാദം നിരുത്തരവാദപരമാണെന്നും ആക്ഷേപം ഉയര്‍ന്നു. ചെളിമണ്ണ് നിറഞ്ഞ കുളിക്കടവില്‍ കുളിക്കാനുള്ള തീര്‍ത്ഥാടകരുടെ ശാഠ്യം ദേവസ്വം ബോര്‍ഡ് നേരില്‍ കണ്ട് ബോധ്യപ്പെട്ടതാണ്. അടിയന്തിര പ്രാധാന്യത്തോടെ കുളിക്കടവ് വൃത്തിയാക്കാന്‍ നടപടി സ്വീകരിക്കുകയായിരുന്നുവെന്നും മരാമത്ത് ഓവര്‍സിയര്‍ ഷാജിമോന്‍ ജന്മഭൂമിയോട് പറഞ്ഞു. കുളിക്കടവിന്റെ ഇരുവശത്തുമുള്ള ചെളി മണ്ണ് വാരിയെടുത്തതിനുശേഷം കടവ് കഴുകി വൃത്തിയാക്കി കുളിക്കടവ് തീര്‍ത്ഥാടകര്‍ക്ക് ഉപയോഗപ്രദമാക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ലക്ഷക്കണക്കിനു തീര്‍ത്ഥാടകരെത്തുന്ന എരുമേലിയില്‍ തീര്‍ത്ഥാടകരുടെ കുളിക്കടവ് വൃത്തിയാക്കുന്നതില്‍ വീഴ്ചവരുത്തിയ പഞ്ചായത്ത്, ഇറിഗേഷന്‍ വകുപ്പുകള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.