മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളെ എല്‍ഡിഎഫ് പ്രഖ്യാപിച്ചു; പ്രമുഖരെ ഒഴിവാക്കി

Wednesday 18 November 2015 9:54 am IST

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളെ എല്‍ഡിഎഫ് പ്രഖ്യാപിച്ചു. ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനവും അഞ്ച് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനങ്ങളും സിപിഎമ്മിനാണ്. ഓരോ സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനങ്ങള്‍ വീതം സിപിഐക്കും എന്‍സിപിക്കുമായി വിട്ടുകൊടുത്തു. മുന്‍മേയര്‍മാരായ തോട്ടത്തില്‍ രവീന്ദ്രന്‍, എം.എം. പത്മാവതി എന്നിവര്‍ക്ക് മേയര്‍, ഡെപ്യൂട്ടിമേയര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനങ്ങള്‍ നല്‍കാന്‍ സിപിഎം തയ്യാറായില്ല. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് പറഞ്ഞിരുന്ന പ്രമുഖ വനിതാ നേതാക്കളെ മാറ്റിനിര്‍ത്തി. കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ത്ഥിയായി വി.കെ.സി മമ്മദ്‌കോയയെയും ഡെപ്യൂട്ടി മേയറായി മീരാദര്‍ശകിനെയും തെരഞ്ഞെടുത്തു. എം.എം. പത്മാവതി, ടി.വി. ലളിതപ്രഭ എന്നിവരെയാണ് ഡെപ്യൂട്ടി മേയര്‍സ്ഥാനത്തേക്ക് സിപിഎം ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ ഇവരെ ഒഴിവാക്കിയാണ് താരതമ്യേന സംഘടനയില്‍ ജൂനിയറായ മീരാദര്‍ശകിനെ ഡെപ്യൂട്ടി മേയര്‍സ്ഥാനത്തേക്ക് പരിഗണിച്ചിരിക്കുന്നത്. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെയും എല്‍ഡിഎഫ് പ്രഖ്യാപിച്ചു. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനംഡെപ്യൂട്ടി മേയറായ മീരാദര്‍ശക് വഹിക്കും. പി.സി. രാജന്‍(വികസനം), അനിതാരാജന്‍(ക്ഷേമകാര്യം), കെ.വി.ബാബുരാജ്(ആരോഗ്യം), ടി.വി. ലളിതപ്രഭ(പൊതുമരാമത്ത്), എം.സി. അനില്‍കുമാര്‍(നഗരാസൂത്രണം), ആശാശശാങ്കന്‍(നികുതി, അപ്പീല്‍), എം.രാധാകൃഷ്ണന്‍ മാസ്റ്റര്‍(വിദ്യാഭ്യാസം കായികം) എന്നിവരാണ് മറ്റു സമിതി ചെയര്‍മാന്‍മാര്‍. കെ.വി. ബാബുരാജാണ് കൗണ്‍സില്‍ പാര്‍ട്ടിലീഡറും വി.ടി. സത്യന്‍ കൗണ്‍സില്‍ പാര്‍ട്ടി സെക്രട്ടറിയും എം.പി. സുരേഷ് വിപ്പുമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ബാലുശ്ശേരി ഡിവിഷനില്‍ നിന്നും വിജയിച്ച ബാബുപറശ്ശേരിയും വൈസ്പ്രസിഡന്റായി ചാത്തമംഗലം ഡിവിഷനില്‍ നിന്നും വിജയിച്ച റീന മുണ്ടേങ്ങാട്ടിനെയും തെരഞ്ഞെടുത്തു. പ്രസിഡന്റ് സ്ഥാനവും മൂന്ന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവും സിപിഎമ്മിനാണ്. വൈസ്പ്രസിഡന്റ് സ്ഥാനം സിപിഐക്കും എന്‍സിപിക്കുമാണ് നല്‍കിയിരിക്കുന്നത്. വിദ്യാഭ്യാസ-ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനമാണ് എന്‍സിപിക്ക് നല്‍കിയിരിക്കുന്നത്. എല്‍ഡിഎഫ് ജില്ലാ കണ്‍വീനറും എന്‍സിപി നേതാവുമായ മുക്കം മുഹമ്മദ് ആയിരിക്കും ഈ സ്ഥാനം വഹിക്കുക. സിപിഎം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാ ന്‍മാരുടെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും. സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍മാസ്റ്റര്‍, എ. പ്രദീപ്കുമാര്‍ എംഎല്‍എ, സിപിഐ ജില്ലാസെക്രട്ടറി ടി.വി.ബാലന്‍, മുക്കം മുഹമ്മദ്, പി.ടി. അസാദ്, എം.ഭാസ്‌കരന്‍, ടി.പി. ദാസന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.