കോഫി ഷോപ്പിനെതിരായ കേസ് റഫര്‍ ചെയ്യാന്‍ നീക്കം

Wednesday 18 November 2015 9:41 pm IST

കോഴിക്കോട്: തെരുവ് ചുംബനാവകാശത്തിനായി സമര രംഗത്തെത്തിയവര്‍ അതിലേക്ക് നയിച്ച കാരണമായി ചൂണ്ടിക്കാട്ടിയ കോഴിക്കോട് നഗരത്തിലെ വിഐപി കോഫി ഷോപ്പ് നിര്‍ബാധം പ്രവര്‍ത്തിക്കുന്നു. നഗരത്തിലെ ഡൗണ്‍ടൗണ്‍ കോഫി ഷോപ്പില്‍ പെണ്‍കുട്ടികളെ വശീകരിച്ച് ലൈംഗികമായി ചൂഷണം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച നടത്തിയ പ്രക്ഷോഭത്തെതുടര്‍ന്നാണ് ഒരു വിഭാഗം മാധ്യമങ്ങളുടെയും ഡിവൈഎഫ്‌ഐയുടെയും സഹായത്തോടെ സംസ്ഥാനത്താകെ തെരുവു ചുംബനാവകാശ സമരങ്ങള്‍ അരങ്ങേറിയത്. നഗരത്തിലെ സ്‌കൂള്‍ കുട്ടികളെയടക്കം ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ തെളിവ് സഹിതം യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍ വെള്ളയില്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതി പ്രകാരം പോലീസ് കേസെടുത്തെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. റസ്റ്റോറന്റ് ഉടമകള്‍ക്ക് പിന്തുണയുമായി കോഴിക്കോട്ടെ ഒരു വിഭാഗം സാംസ്‌കാരിക നായകന്മാരും കോണ്‍ഗ്രസ്, സിപിഎം നേതാക്കളും രംഗത്തെത്തി. നഗരത്തില്‍ കോഫി ഷോപ്പിന്റെ രണ്ടാമത്തെ ബ്രാഞ്ചിന്റെ ഉദ്ഘാടനം ആഘോഷമാക്കിയാണ് രാഷ്ട്രീയ നേതാക്കള്‍ യുവമോര്‍ച്ചക്കെതിരെ രംഗത്തു വന്നതും ലൈംഗിക ചൂഷണത്തിന് പിന്തുണ പ്രഖ്യാപിച്ചതും. കോഫി ഷോപ്പിന്റെ ഗ്ലാസ് തല്ലിപ്പൊളിച്ചതുമായി ബന്ധപ്പെട്ട കേസില്‍ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ് ബാബുവടക്കം മൂന്ന് നേതാക്കളെ ജാമ്യം നിഷേധിച്ച് ജയിലിലടച്ച പോലീസ് ഷോപ്പുടമകള്‍ക്കെതിരായ കേസ് മരവിപ്പിക്കുകയായിരുന്നു. സിപിഎമ്മും, കോണ്‍ഗ്രസ് നേതാക്കളും ഒരു വിഭാഗം മാധ്യമങ്ങളും നല്‍കിയ പിന്തുണയില്‍ ഉടമകളെ ന്യായീകരിക്കാനാണ് പോലീസ് ശ്രമിച്ചത്. ഷോപ്പിന്റെ പാര്‍ക്കിംഗ് ഏരിയ മറച്ചുകെട്ടിയാണ് പെണ്‍കുട്ടികളെ കടയിലെത്തിച്ചിരുന്നത്. ഒരു കാപ്പിക്ക് 90 രൂപ മുതല്‍ വില ഈടാക്കുന്ന വിഐപി കോഫി ഷോപ്പിലെ ലൈംഗിക ചൂഷണ രംഗങ്ങള്‍ ജയ്ഹിന്ദ് ചാനല്‍ പുറത്തുവിട്ടതോടെയാണ് വിവരം ജനങ്ങളിലെത്തുന്നത്. ലൈംഗിക ചൂഷണത്തിനെതിരെ നടന്ന പ്രക്ഷോഭത്തെ ചുംബനാവകാശ നിഷേധമായി ചിത്രീകരിച്ചാണ് കേരളത്തില്‍ ആസൂത്രിതമായി തെരുവ് ചുംബന സമരങ്ങള്‍ അരങ്ങേറിയത്. ചുംബന സമരക്കാര്‍ പെണ്‍വാണിഭത്തിന് പിടിയിലായതോടെ നഗരങ്ങളിലെ ഇത്തരം ഷോപ്പുകളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം ഉയരുന്നത്. എന്നാല്‍ കേസ് റഫര്‍ ചെയ്യാനാണ് പോലീസിനുള്ളില്‍ നീക്കം നടക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.