കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനിന്നു: കളമശേരിയില്‍ തെരഞ്ഞെടുപ്പ് മാറ്റി

Wednesday 18 November 2015 10:55 pm IST

കളമശേരി: കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനിന്നതിനാല്‍ കളമശ്ശേരി നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് മാറ്റി വച്ചു. ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്ത റുക്കിയ ജമാല്‍ പുതുമുഖമായതിനാല്‍ അംഗീകരിക്കാനാവില്ലെന്ന കെപിസിസി നേതൃത്വത്തിന്റെ നിലപാടാണ് പ്രതിസന്ധിക്ക് വഴിവച്ചത്. ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള 'എ', 'ഐ' ഗ്രൂപ്പ് തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. ഇതിനെ തുടര്‍ന്ന് ചെയര്‍പേഴ്‌സണ്‍ തെരെഞ്ഞെടുപ്പില്‍ യുഡിഎഫ് ജില്ലാ നേതൃത്വം കൗണ്‍സിലര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. 42 അംഗ കൗണ്‍സിലില്‍ 22 എന്ന ക്വാറം തികയാത്തതിനാല്‍ ചെയര്‍പേഴ്‌സണ്‍ തെരെഞ്ഞെടുപ്പ് ഇന്നത്തേക്ക് മാറ്റി. യുഡിഎഫിലെ 18 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും 5 ലീഗ് കൗണ്‍സിലര്‍മാരുമാണ് വിപ്പു ലഭിച്ചതിനെ തുടര്‍ന്നാണ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. ഐ ഗ്രൂപ്പ് മുന്‍ നഗരസഭ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്റെ ഭാര്യ റുക്കിയ ജമാലിനേയും എ ഗ്രൂപ്പ് ജെസി പീറ്ററേയുമാണ് നിര്‍ദ്ദേശിക്കുന്നത്. തര്‍ക്കം പരിഹരിക്കാന്‍ ഇന്നലെ രാവിലെ ഒമ്പത് മണിക്ക് ഡി സിസി പ്രസിഡന്റ് യോഗം വിളിച്ചു ചേര്‍ത്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഓഫീസ് പൂട്ടിയിട്ട് ഐ വിഭാഗം പോയി. തുടര്‍ന്ന് സമീപത്തെ സ്വകാര്യ ഹോട്ടലിലെ കോണ്‍ഫറന്‍സ് ഹാളില്‍ പാര്‍ലമെന്ററി യോഗം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. യോഗത്തില്‍ ആറുപേര്‍ മാത്രമാണ് പങ്കെടുത്തത്. ഇവരെ ഒന്നാം വാര്‍ഡില്‍ നിന്ന് ജയിച്ച ജെ.സി. പീറ്ററാണ് ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയെന്നറിയിച്ചു. പങ്കെടുക്കാതിരുന്ന 12 കൗണ്‍സിലര്‍മാരെ മുസ്ലീ ലീഗിന്റെ നേതാക്കള്‍ വഴി തീരുമാനം അറിയിച്ചു. യുഡിഎഫ് കൗണ്‍സിലര്‍മാരെ കൗണ്‍സിലില്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. റുക്കിയയെ 13 കൗണ്‍സിലര്‍മാര്‍ ആദ്യം പിന്തുണച്ചെങ്കിലും പിന്നീടത് 12 ആയി മാറി. ജെ സി പീറ്ററിന് പിന്തുണ അഞ്ചില്‍ നിന്ന് ആറായി. ഭരണപരിചയമുള്ളവര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ അവരെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന കെപിസിസി നിര്‍ദ്ദേശമാണ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഭൂരിപക്ഷം ഉണ്ടായിട്ടും റുക്കിയയ്ക്ക് ചെയര്‍പേഴ്‌സണ്‍ സ്ഥാനം നഷ്ടമാകാനിടയാക്കിയത്. 42 അംഗങ്ങളുള്ള കളമശ്ശേരി നഗരസഭയില്‍ യുഡിഎഫിന് 23 അംഗങ്ങളാണ് കൗണ്‍സിലില്‍ ഉള്ളത്. ഇതില്‍ പതിനെട്ട് പേര്‍ കോണ്‍ഗ്രസ് അംഗങ്ങളും അഞ്ചുപേര്‍ മുസ്ലിംലീഗുമാണ്. എല്‍ഡിഎഫിന് 15 അംഗങ്ങളുണ്ട്. നാലുപേര്‍ സ്വതന്ത്രരും. കൗണ്‍സില്‍ ഹാള്‍ തുറക്കാത്തതിനെ തുടര്‍ന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ കളമശേരി നഗരസഭയ്ക്ക് മുന്നില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. സിപിഎം ഏരിയ സെക്രട്ടറി പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. നാലു സ്വതന്ത്രരില്‍ സിപിഎം റിബല്‍ സ്ഥാനാര്‍ത്ഥി മാത്രമാണ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.