മരടില്‍ വിമതരെ കോണ്‍ഗ്രസ് വഞ്ചിച്ചു; വൈസ് ചെയര്‍മാന്‍ സ്ഥാനം എല്‍ഡിഎഫിന്

Wednesday 18 November 2015 10:56 pm IST

മരട്: മരട് നഗരസഭയില്‍ കോണ്‍ഗ്രസിനും വിമതര്‍ക്കും കനത്ത പ്രഹരമേല്‍പ്പിച്ച് വൈസ് ചെയര്‍മാന്‍ സ്ഥാനം എല്‍ഡിഎഫിന്. കോണ്‍ഗ്രസ് ഐ വിഭാഗത്തിലെ രണ്ടു കൗണ്‍സിലര്‍മാര്‍ ഉച്ചക്കു ശേഷം നടന്ന വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നതാണ് വൈസ് ചെയര്‍മാന്‍ സ്ഥാനം യുഡിഎഫിനു നഷ്ടപ്പെടാന്‍ ഇടയാക്കിയത്. മരട് നഗരസഭയില്‍ നടന്ന ചെയര്‍പെഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ അജിത നന്ദകുമാറും വൈകിട്ടു നടന്ന വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ കെ.എ. ദേവസിയും തെരഞ്ഞെടുക്കപ്പെട്ടു. മരട് നഗരസഭ രണ്ടു മുന്നണികളും ചേര്‍ന്നു ഭരിക്കും. കെപിസിസി യുടെ തീരുമാനം വകവെക്കാതെ യുഡിഎഫ് റിബലായി മത്സരിച്ചുവിജയിച്ചു വന്ന രണ്ടു പേര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കി ഭരണത്തില്‍ പങ്കാളികളാക്കുന്നതില്‍ പ്രതിഷേധിച്ചാണ് രണ്ട് ഐ ഗ്രൂപ്പ് കൗണ്‍സിലര്‍മാര്‍ വൈകീട്ടു നടന്ന വൈസ് ചെയര്‍മാന്‍ തെരഞ്ഞടുപ്പില്‍ നിന്നും വിട്ടു നിന്നത്. ഐ ഗ്രൂപ്പിന് നാലു കൗണ്‍സിലര്‍മാരാണ് ഉള്ളത്. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ജില്ലയുടെ ചാര്‍ജുള്ള കെപിസിസി സെക്രട്ടറിയെ ഫോണില്‍ ബന്ധപ്പെട്ട് മരടില്‍ യുഡിഎഫ് റിബലായി മത്സരിച്ചു ജയിച്ചു വന്നവരെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കരുതെന്ന് പറഞ്ഞിരുന്നു. എന്നാല്‍ യുഡിഎഫും എല്‍ഡിഎഫും 15 വീതം സീറ്റുകള്‍ നേടി സമമായ മരടില്‍ ഭരണം പിടിക്കാന്‍ രണ്ട് വിമതരുടെ പിന്തുണ കൂടി വേണമായിരുന്നു. മറ്റൊരു സ്വതന്ത്ര വനിത എല്‍ഡിഎഫിനെ പിന്തുണച്ചിരുന്നു. ഇവരായിരുന്നു എല്‍ഡിഎഫിന്റെ ചെയര്‍പേഴ്‌സന്‍ സ്ഥാനാര്‍ത്ഥി. യുഡിഎഫിനെ പിന്തുണക്കണമെങ്കില്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം നല്‍കണമെന്ന് യുഡിഎഫ് വിമതരും ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ ഭരണം പിടിക്കുന്നതിനു വേണ്ടി കെപിസിസി പ്രസിഡന്റിന്റെ നിര്‍ദ്ദേശം അവഗണിച്ച് വിമതരെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നെട്ടൂരിലെ 28, 32 എന്നീ വാര്‍ഡുകളില്‍ നിന്നും വിജയിച്ച ടി.എച്ച്. നദീറ, ദേവൂസ് ആന്റണി എന്നീ കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് കൗണ്‍സിലര്‍മാര്‍ വിട്ടു നിന്നത്. രാവിലെ നടന്ന വോട്ടെടുപ്പില്‍ ഇവര്‍ പങ്കെടുക്കുകയും കെപിസിസി യുടെ തീരുമാനം മറികടന്നതിനെതിരെ വൈകിട്ടത്തെ വോട്ടെടുപ്പില്‍ നിന്നു വിട്ടു നില്‍ക്കുകയും ചെയ്തു. വിപ്പ് ഇതിന് ബാധകമാകില്ലെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു. ഐ ഗ്രൂപ്പ് നേതാക്കള്‍ കോണ്‍ഗ്രസ് മരട് മണ്ഡലം കമ്മിറ്റിക്കെതിരെ കെപിസിസി ക്ക് പരാതിയും നല്‍കി. മരടില്‍ ഇന്നലെ മുസ്ലിംലീഗ് കരിദിനമായും ആചരിച്ചു. റിബലായി ജയിച്ചവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കി യുഡിഎഫ് വിമതരെ ഭരണത്തില്‍ പങ്കാളികളാക്കുന്നതിനെതിരെയാണ് കരിദിനമായി ആചരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.