താനൂര്‍(മലപ്പുറം): കോഴിക്കോട് കാശ്യപാശ്രമത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ചതുര്വേദയജ്ഞമായ ‘വേദതീര്ത്ഥാടനം 2015’ നവംബര്‍ 20 മുതല്‍ 22 വരെ താനൂര്‍ ശോഭാപറമ്പ് ക്ഷേത്രമൈതാനത്ത് നടക്കും. യജ്ഞത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
20ന് വൈകിട്ട് മൂന്ന് മണിക്ക് വേദഘോഷയാത്രയോടെ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് നടക്കുന്ന പൊതുപരിപാടി തെക്കേമഠം മൂപ്പില്‍ സ്വാമിയാര് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്മാന് അഡ്വ. മാഞ്ചേരി നാരായണന് അദ്ധ്യക്ഷത വഹിക്കും. ആചാര്യ എം.ആര്. രാജേഷ് അനുഗ്രഹപ്രഭാഷണം നടത്തും. ബിജെപി ദേശീയ സമിതി അംഗങ്ങളായ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, കെ.ജനചന്ദ്രന് മാസ്റ്റര്‍, അബ്ദുറഹ്മാന് രണ്ടത്താണി എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട് ഋഗ്വേദയജ്ഞം നടക്കും.
21ന് രാവിലെ 10ന് നടക്കുന്ന സന്യാസി സമ്മേളനത്തില്‍ അഡ്വ.എന്‍.അരവിന്ദന് അദ്ധ്യക്ഷത വഹിക്കും. തൃശ്ശൂര്‍ ശ്രീരാമകൃഷ്ണമഠം മഠാധിപതി സ്വാമി നന്ദാത്മജാനന്ദ, കൊല്ലം സ്വരൂപാനന്ദാശ്രമം മഠാധിപതി ശിവാനന്ദഗിരി, സ്വാമി പ്രണവസ്വരൂപാനന്ദ, കോഴിക്കോട് അമൃതാനന്ദമയിമഠം മഠാധിപതി സ്വാമി വിവേകാമൃത ചൈതന്യ, മങ്കര അയ്യപ്പസേവാശ്രമം സ്വാമി ആത്മചിത്രാനന്ദ സരസ്വതി, കണ്ണൂര്‍ അവധൂത് ആശ്രമത്തിലെ സാധു വിനോദ് ചീമേനി എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് വൈകിട്ട് ഏഴിന് സനാതനധര്‍മ്മവും മാംസാഹാരവും എന്ന വിഷയത്തില്‍ സെമിനാര്‍. ബിജെപി സംസ്ഥാന സെല്‍ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ബി. ഗോപാലകൃഷ്ണന് വിഷയം അവതരിപ്പിക്കും. അജിത്ത് ആര്യ, താനൂര്‍ നഗരസഭ കൗണ്‍സിലര്‍ ടി. അറുമുഖന് എന്നിവര്‍ സംസാരിക്കും.
സമാപന ദിവസമായ 22ന് ആചാര്യന് എല്ലാവര്ക്കും മന്ത്രദീക്ഷ നല്‍കും. സമാപന സമ്മേളനത്തില്‍ ഡോ.എം.മനോജ് കുമാര്‍ അദ്ധ്യക്ഷത വഹിക്കും. ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. ധര്‍മ്മ ജാഗരണ്‍ പ്രമുഖ് കെ. നന്ദകുമാര്‍, വടക്കുമ്പാട്ട് നാരായണന് നമ്പൂതിരി, അഡ്വ. എം. നീലകണ്ഠന്, മുന്‍ എംപി: സി. ഹരിദാസ് എന്നിവര്‍ സംസാരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ.മാഞ്ചേരി നാരായണന്, പി.ടി.വിപിന്‍ദാസ്, സുധീശന്‍ കോടത്ത്, എ.കെ. സുകുമാരന്‍, ടി.പി. വിജയകുമാര്‍, എം. സജീഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: