തിരുവനന്തപുരം: റാഞ്ചിയില്‍ ഈ മാസം 21 മുതല്‍ 25 വരെ നടക്കുന്ന 31-ാമത് ദേശീയ ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ വിമാനത്തില്‍ അയയ്ക്കാന്‍ തീരുമാനം. കേരള ടീം യാത്ര ബുക്ക് ചെയ്തിരുന്ന ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസ് ട്രെയിന്‍ റദ്ദ് ചെയ്തതിനെ തുടര്‍ന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇടപെട്ടാണ് ടീമിനെ വിമാനത്തില്‍ അയയ്ക്കുന്നത്. പരിശീലകരും ടീം മാനേജുമെന്റും അടക്കം 171 പേരാണ് കേരള ടീമിലുള്ളത്. ഇന്ന് കൊച്ചിയില്‍ നിന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലായിരിക്കും കേരള ടീം പുറപ്പെടുക.
ആലപ്പുഴയില്‍ നിന്നും പുറപ്പെടുന്ന ധന്‍ബാദ് എക്സ്പ്രസില്‍ നവംബര്‍ 17,18 തീയതികളിലായിട്ടാണ് കേരള ടീം യാത്ര ബുക്ക് ചെയ്തിരുന്നത്. ചെന്നൈയില്‍ തുടരുന്ന കാലാവസ്ഥ പ്രശ്നങ്ങള്‍ കാരണം 17-ാം തീയതി പുറപ്പെടേണ്ട ധന്‍ബാദ് എക്സ്പ്രസ് റദ്ദ് ചെയ്തു. തുടര്‍ന്ന് അധികൃതര്‍ ഇടപെട്ട് 18ന് ടീമിനെ ഒരുമിച്ച് യാത്ര അയയ്ക്കാന്‍ തീരുമാനിച്ചു. എന്നാല്‍ 18ലെ ട്രെയിനും മോശം കാലാവസ്ഥയെ തുടര്‍ന്ന് റദ്ദ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് കേരള ടീമിന്റെ യാത്ര റദ്ദ് ചെയ്യാന്‍ തീരുമാനിച്ചു. ഈ സാഹചര്യത്തിലാണ് മന്ത്രി ഇടപെട്ടത്. കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു കായിക മത്സരത്തിനുള്ള ടീമിനെ മുഴുവന്‍ വിമാനത്തില്‍ അയക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: