കോര്‍പ്പറേഷന്‍ മേയറായി വി.കെ.സി മമ്മദ് കോയയും ഡെപ്യൂട്ടി മേയറായി മീരാദര്‍ശകും സ്ഥാനമേറ്റു

Thursday 19 November 2015 10:30 am IST

കോഴിക്കോട്: 25-ാമത് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറായി സിപിഎമ്മിലെ വി.കെ.സി മമ്മദ് കോയയും ഡെപ്യൂട്ടി മേയറായി മീരാദര്‍ശകും തെരഞ്ഞെടുക്കപ്പെട്ടു. കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ എന്‍.പ്രശാന്ത് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. ബിജെപി സ്ഥാനാര്‍ത്ഥിയായ നമ്പിടി നാരായണനും, കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി അഡ്വ. പി.എം.നിയാസും മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. വി.കെ.സി. മമ്മദ് കോയയുടെ പേര് സിപിഎമ്മിലെ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍ദ്ദേശിക്കുകയും എന്‍സിപിയിലെ എന്‍.പി. പത്മനാഭന്‍ പിന്താങ്ങുകയും ചെയ്തു. നമ്പിടിനാരായണന്റെ പേര് ഇ.സതീശന്‍ നിര്‍ദ്ദേശിച്ചു. നവ്യ ഹരിദാസ് പിന്താങ്ങി അഡ്വ. പി.എം. നിയാസിന്റെ പേര് നിര്‍ദ്ദേശിച്ചത് മുസ്ലിം ലീഗിലെ സി.അബ്ദു റഹിമാനായിരുന്നു. ജനതാദള്‍ യുവിലെ തോമസ് മാത്യു പിന്താങ്ങി. വി.കെ.സി മമ്മദ് കോയയ്ക്ക് 48 വോട്ടും, നിയാസിന് 19 വോട്ടും, നമ്പിടി നാരായണന് 7 വോട്ടും ലഭിച്ചു. മുസ്ലിം ലീഗിനെ എ.ടി. ബീരാന്‍ കോയയുടെ വോട്ട് അസാധുവായി. ജില്ലാ കലക്ടര്‍ എന്‍.പ്രശാന്ത് വി.കെ.സി. മമ്മദ് കോയയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്ഥാനമൊഴിയുന്ന മേയര്‍ പ്രൊഫ. എ.കെ. പ്രേമജം വി.കെ.സി. മമ്മദ് കോയയ്ക്ക് സ്ഥാനവസ്ത്രം അണിയിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ മീരാദര്‍ശക്, ബിജെപിയിലെ പൊന്നത്ത് ഷൈമ, മുസ്ലിം ലീഗിലെ ആയിഷാ ബി പാണ്ടികശാല എന്നിവരായിരുന്നു സ്ഥാനാര്‍ത്ഥികള്‍. മീരാദര്‍ശകിന്റെ പേര് എം.എം.പത്മാവതി നിര്‍ദ്ദേശിക്കുകയും സിപിഐയിലെ ആശാ ശശാങ്കന്‍ പിന്താങ്ങുകയും ചെയ്തു. ആയിഷാബി യെ കോണ്‍ഗ്രസ്സിലെ വിദ്യാ ബാലകൃഷ്ണന്‍ നിര്‍ദ്ദേശിക്കുകുയം ജനതാദള്‍ യുവിലെ ജയശ്രീ കീര്‍ത്തി പിന്തുണയ്ക്കുകയും ചെയ്തു. ഷൈമ പൊന്നത്തിനെ അനി ല്‍കുമാര്‍ നിര്‍ദ്ദേശിക്കുകയും ജിഷ ഗിരീഷ് പിന്താങ്ങുകയും ചെയ്തു. മീരാദര്‍ശകിന് 48 വോട്ടും, ആയിഷ ബിക്ക് 20 വോട്ടും, ഷൈമക്ക് 7 വോട്ടും ലഭിച്ചു. ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ട മീരാദര്‍ശകിന് മേയര്‍ വി.കെ.സി. മമ്മദ് കോയ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇരുവരെയും അഭിനന്ദിച്ചുകൊണ്ട് നമ്പിടി നാരായണന്‍ ഷൈമപൊന്നത്ത് ,അഡ്വ പി.എം. സുരേഷ്ബാബു, കെ.വി. ബാബുരാജ്, പി.എം. നിയാസ്, സി. അബ്ദുറഹിമാന്‍, പി. കിഷന്‍ചന്ദ്, എം.പി. പത്മനാഭന്‍, തോട്ടത്തില്‍ രവീന്ദ്രന്‍, എ.ടി. ബീരാന്‍ കോയ, കെ.വി. കുഞ്ഞാമുട്ടി, എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വി.കെ.സി മമ്മദ്‌കോയയെ നമ്പിടി നാരായണനും മീരാദര്‍ശകിന് ഷൈമ പൊന്നത്തും പൊന്നാടയണിയിച്ചു. മേയര്‍ വി.കെ.സി. മമ്മദ് കോയയും, ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശകും അനുമോദനത്തിന് മറുപടിപറഞ്ഞു. മേയറേയും ഡെപ്യൂട്ടി മേയറേയും അഭിനന്ദിക്കാന്‍ എം.എല്‍.എ മാരായ എ.പ്രദീപ്കുമാര്‍, എളമരം കരീം, പുരുഷന്‍ കടലുണ്ടി, സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍. മറ്റു ഇടതു ജനാധിപത്യ നേതാക്കള്‍ എന്നിവരും എത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.