ഐഎസ് ബന്ധം: കേരളത്തില്‍ നിന്നുള്ളവരടക്കം 150 പേര്‍ നിരീക്ഷണത്തില്‍

Thursday 19 November 2015 9:21 pm IST

ന്യുദല്‍ഹി: ഐഎസ് പ്രവര്‍ത്തനങ്ങള്‍ അതീവ ശ്രദ്ധയോടെ പിന്തുടരുകയും സാമൂഹ്യ മാധ്യമങ്ങളില്‍ ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു വന്ന നൂറ്റന്‍പതോളം ഭാരതീയര്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ വലയില്‍. ഇവരില്‍ കൂടുതല്‍ പേരും കേരളമടക്കമുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നാണ് സൂചന. ഇവര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ തത്ക്കാലം തീരുമാനം ഒന്നുമില്ലെങ്കിലും ഇവരെ തുടര്‍ന്നും നിരീക്ഷിക്കും. ഇവരുടെ മനംമാറുന്നതായി സൂചന ലഭിച്ചാല്‍ ആ നിമിഷം ഇടപെടാനാണ് ഇന്റലിജന്‍സ് തീരുമാനം. അവരുടെ കുടുംബാംഗങ്ങളെ അറിയിക്കുക, യുവാക്കളെ കൗണ്‍സിലിംഗിന് വിധേയരാക്കുക തുടങ്ങിയവക്കാണ് തീരുമാനം. ഐഎസ് വിരുദ്ധ നീക്കങ്ങളുടെ ഭാഗമായി ഐഎസ് അനുകൂല വെബ്‌സൈറ്റുകളും ഫേസ്ബുക്ക്, ട്വിറ്റര്‍, അക്കൗണ്ടുകളും ജാഗ്രതയോടെ നിരീക്ഷിക്കും. 23 ഭാരതീയര്‍ ഇതിനകം ഐസില്‍ ചേരുകയും ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ പോകുകയും ചെയ്തതായാണ് സൂചന. കേരളത്തില്‍ നിന്നുള്ള പത്രപ്രവര്‍ത്തകനും ഇതില്‍ പെടുന്നു. തേജസ് മുന്‍ പാലക്കാട് ലേഖകനാണിതെന്നാണ് വിവരം. ഇവരില്‍ ആറു പേര്‍ ജിഹാദിനിടെ കൊല്ലപ്പെട്ടു. ഇവരില്‍ രണ്ടു  പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാദാ സജീദ്, സുല്‍ത്താന്‍ അജ്മീര്‍ ഷാ എന്നിവരാണ് ഇവര്‍. 30 ഭാരതീയരെ ഐഎസില്‍ ചേരുന്നതില്‍ നിന്ന് വിലക്കാന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇവരില്‍ പത്തോളം മലയാളികളുമുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇവരെയും ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയിരുന്ന ഹൈദരാബാദ് സ്വദേശിനി അഫ്ഷാ ജാബീന്‍ എന്നിവരെയും അടുത്തിടെ യുഎഇ ഭാരതത്തിലേക്ക് നാടുകടത്തിയിരുന്നു. ഇവരില്‍ ജാബീന്‍ എന്‍ഐഎ കസ്റ്റഡിയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.