അപ്രതീക്ഷിത മഴയില്‍ തകര്‍ന്ന് റബ്ബര്‍ കര്‍ഷകര്‍

Thursday 19 November 2015 6:08 pm IST

പത്തനാപുരം: റബ്ബര്‍ വിലയിടിവും തുടര്‍ച്ചയായുള്ള മഴയും മൂലം കിഴക്കന്‍ മലയോരമേഖലയിലെ ചെറുകിട കര്‍ഷകരും തോട്ടം തൊഴിലാളികളും പ്രതിസന്ധിയിലായി. എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് ചെറുകിട റബര്‍ കര്‍ഷകര്‍. റബ്ബറിന് വിലയുണ്ടായിരുന്ന മുന്‍ വര്‍ഷങ്ങളിലൊക്കെ ചെറുകിട കച്ചവടക്കാരുടെ കൈയ്യില്‍ നിന്നും പണം അഡ്വാന്‍സ് എങ്കിലും വാങ്ങി കാര്യങ്ങള്‍ ഭംഗിയാക്കാമായിരുന്നെങ്കില്‍ അതും ഇപ്പോള്‍ നടക്കില്ല. തങ്ങളുടെ പ്രതിസന്ധി എങ്ങനെ തരണം ചെയ്യുമെന്നറിയാതെ കുഴങ്ങുകയാണ് ചെറുകിട വ്യാപാരികള്‍. ചെറുകിട കര്‍ഷകരും മലയോര കുടിയേറ്റ കര്‍ഷകരും ഗ്രാമീണമേഖലയിലെ ടാപ്പിംഗ് തൊഴിലാളികളുടേയും ദയനീയഅവസ്ഥ പറഞ്ഞറിയിക്കുവാന്‍ പറ്റാത്ത സ്ഥിതിയിലാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ റബ്ബര്‍ ഉല്‍പാദിപ്പിക്കുന്ന പ്രദേശമാണ് പത്തനാപുരവും പരിസരപ്രദേശങ്ങളും. റബ്ബറിനെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ പൊതുമേഖല സ്ഥാപനങ്ങളായ സ്‌റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്‍, റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍ തുടങ്ങിയ വന്‍കിട തോട്ടങ്ങളുടെ പ്രവര്‍ത്തനം പോലും മഴയും റബര്‍ വിലയിടിവും മൂലം പ്രതിസന്ധിയിലാണ്. വില 200 രൂപ വരെയെത്തിയിരുന്നത് കുത്തനെ പലതവണയായി കുറഞ്ഞ് 100ല്‍ താഴെ വരെയെത്തിയതാണ് ഇരുട്ടടിയായത്. എന്നാല്‍ വില ശരാശരി 150175 രൂപ വരെയായിരുന്നെങ്കില്‍ ഒരുപരിധി വരെ പിടിച്ചുനില്‍ക്കാനായേനെ. മഴ മൂലം വെട്ട് മുടങ്ങുക കൂടിയായതോടെ കര്‍ഷകരും തൊഴിലാളികളും താങ്ങാനാവാത്ത ബുദ്ധിമുട്ടിലായി. വ്യാപാരത്തിലെ വിലവ്യത്യാസം മൂലം എടുക്കുന്ന റബ്ബര്‍ വിറ്റഴിക്കുന്ന കാര്യത്തിലുളള ബുദ്ധിമുട്ടാണ് വ്യാപാരികളെ കുഴക്കുന്നതും പ്രതിസന്ധിയിലാക്കുന്നതും. ചെറുകിട റബര്‍ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര സഹായം നല്‍കുവാന്‍ നടപടികളെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. സാധാരണ റബര്‍കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കുകയോ ബാങ്കുകള്‍ വഴി ദീര്‍ഘകാല വായ്പകള്‍ നല്‍കുവാന്‍ അടിയന്തിര നടപടികളോ ഇല്ലെങ്കില്‍ പട്ടിണി മരണങ്ങള്‍ക്ക് ഇടയാക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.