എല്‍ഡിഎഫിന് 45, യുഡിഎഫിന് 25, ബിജെപിക്ക് ഒന്ന്

Thursday 19 November 2015 8:23 pm IST

ആലപ്പുഴ: ജില്ലയിലെ 72 ഗ്രമപഞ്ചായത്തുകളില്‍ 45 ഇടത്ത് എല്‍ഡിഎഫ് ഭരണം നേടി. യുഡിഎഫിന് 25 ഗ്രാമപഞ്ചായത്തിലും ബിജെപിക്ക് തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലും ഭരണം ലഭിച്ചു. ബുധനൂര്‍ ഗ്രാമപഞ്ചായത്തില്‍ ഡിസംബര്‍ ഒന്നിനുമാത്രമേ ഭരണസമിതി അധികാരത്തില്‍ വരികയുള്ളൂ. ജില്ലാ പഞ്ചായത്ത് ഭരണവും എല്‍ഡിഎഫിനാണ്. പന്ത്രണ്ടു ബ്ലോക്കു പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് ഒന്‍പതും യുഡിഎഫിന് മൂന്നും ലഭിച്ചു. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫിന് അധികാരം ലഭിച്ചെങ്കിലും എസ്ഡിപിഐ പിന്തുണച്ച സാഹചര്യത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ രാജിവയ്ക്കുകയായിരുന്നു. ഇവിടെ ഇന്ന് വീണ്ടും തെരഞ്ഞെടുപ്പു നടക്കും. ചെന്നിത്തല തൃപ്പെരുന്തൂര്‍ പഞ്ചായത്തില്‍ സിപിഎം വിമതന്‍ ഇ.എന്‍. നാരായണന്‍ പഞ്ചായത്ത് പ്രസിഡന്റായത് സിപിഎം ജില്ലാ കമ്മറ്റിക്ക് കനത്ത തിരിച്ചടിയായി. നാരായണന്‍ ഉള്‍പ്പെടെ ആറംഗങ്ങള്‍ക്കെതിരെയും പാര്‍ട്ടി നടപടിയെടുക്കുമെന്ന് ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ അറിയിച്ചു. ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്നതിനെത്തുടര്‍ന്ന് നറുക്കെടുപ്പുനടന്ന പുറക്കാട്, ദേവികുളങ്ങര പഞ്ചായത്തുകള്‍ യുഡിഎഫിനും കാര്‍ത്തികപ്പള്ളി, കുത്തിയതോട്, അരൂര്‍ പഞ്ചായത്തുകള്‍ എല്‍ഡിഎഫിനും ലഭിച്ചു. എടത്വാ, തലവടി ഗ്രാമപഞ്ചായത്തുകളില്‍ ഭരണം യുഡിഎഫിനാണ്. എടത്വാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ടെസിയെയും വൈസ് പ്രസിഡന്റായി ബൈജുജോസിനെയും തെരഞ്ഞെടുത്തു. തലവടിയില്‍ യുഡിഎഫിലെ ഭിന്നത മറനീക്കി. പതിനഞ്ചംഗ പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജെനൂബ് ആറു വോട്ടുകള്‍ നേടിയാണ് പ്രസിഡന്റായത്. എല്‍ഡിഎഫിന്റെ ലാലി അലക്‌സിന് നാല് വോട്ടും ബിജെപിയുടെ അനുരൂപിന് മൂന്നു വോട്ടുകളും ലഭിച്ചു. കേരളാ കോണ്‍ഗ്രസ് ജേക്കബ് സംസ്ഥാന നേതാവുകൂടിയായ ബാബു വലിയവീടനും സ്വതന്ത്രന്‍ മണിദാസ് വാസുവും വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു. ജിജിതോമസ് പ്രസാദാണ് വൈസ് പ്രസിഡന്റ്. തണ്ണീര്‍മുക്കത്ത് സിപിഐയിലെ കെ.ജെ. സെബാസ്റ്റ്യനാണ് പ്രസിഡന്റ്, സിപിഎമ്മിലെ ടി.ആര്‍. രേഷ്മ വൈസ് പ്രസിഡന്റായി തെരഞ്ഞടുക്കപ്പെട്ടു. കടക്കരപ്പള്ളിയില്‍ സിപിഐയിലെ മെര്‍ളിന്‍ സുരേഷിനാണ് പ്രസിഡന്റ് സ്ഥാനം. സിപിഎമ്മിലെ ശശിധരന്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ സേതുലക്ഷ്മിയെ പ്രസിഡന്റായും ബാബു ആന്റണിയെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. പള്ളിപ്പുറത്ത് സിപിഐയിലെ ഷില്‍ജ സലിമാണ് പ്രസിഡന്റ്, സിപിഎമ്മിലെ പ്രസീതാ വിനോദാണ് വൈസ്പ്രസിഡന്റ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.