ചക്കുളത്തുകാവില്‍ നിലവറദീപം ഇന്ന് തെളിയും

Thursday 19 November 2015 9:02 pm IST

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതീക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാലയ്ക്കു തുടക്കംകുറിച്ച് ഇന്ന് നിലവറദീപം തെളിയും. ഇനി വ്രതാനുഷ്ഠാനത്തിന്റെ നാളുകളാണ്. മൂല കുടുംബത്തിലെ നിലവറയില്‍ കെടാതെ സൂക്ഷിച്ചിരിക്കുന്ന നിലവിളക്കില്‍നിന്നും ക്ഷേത്ര മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി പകര്‍ന്നെടുത്ത ദീപം ക്ഷേത്രത്തിനു മുന്നിലെ കൊടിമരചുവട്ടില്‍ പ്രത്യേകം തയ്യാറാക്കിയ വിളക്കിലേക്ക് രാവിലെ 10ന് കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി ദീപം പകരും. നിലവറദീപം കൊടിമരച്ചുവട്ടില്‍ തെളിയിക്കുന്നതിനു മുമ്പായി മൂലകുടുംബ ക്ഷേത്രത്തിനു വലം വച്ച് വായ്ക്കുരവയുടെയും താളമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെയാണു ക്ഷേത്രനടയിലേക്കു ദീപം എത്തിക്കുന്നത്. ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റര്‍ അഡ്വ. കെ. കെ. ഗോപാലകൃഷ്ണന്‍ നായര്‍, രമേശ് ഇളമണ്‍ നമ്പൂതിരി, ഹരിക്കുട്ടന്‍ നമ്പൂതിരി, സെക്രട്ടറി സന്തോഷ് ഗോകുലം, എന്നിവര്‍ പങ്കെടുക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഭക്തജന സംഗമത്തിനു വേദിയൊരുങ്ങുന്ന ചക്കുളത്തുകാവില്‍ പൊങ്കാലയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ഇതോടെ ഏതാണ്ട് പൂര്‍ത്തിയായി. 25 നാണ് പൊങ്കാല. കൈകളില്‍ പൂജാ ദ്രവ്യങ്ങളും നാവില്‍ ദേവിസ്തുതികളുമായി സ്ത്രീകള്‍ അണമുറിയാതെ എത്തുമ്പോള്‍ ചക്കുളത്തുകാവും പരിസരവും കാര്‍ത്തിക പൊങ്കാലയുടെ പുണ്യം നുകരുകയായി. തിരുവല്ലാ മുതല്‍ തകഴിവരെയും, എം.സി റോഡില്‍ ചങ്ങനാശ്ശേരി-ചെങ്ങന്നൂര്‍ -പന്തളം റൂട്ടിലും മാന്നാര്‍-മാവേലിക്കര റൂട്ടിലും, മുട്ടാര്‍-കിടങ്ങറ, വായപുരം- ഹരിപ്പാട് റൂട്ടിലും പൊങ്കാല അര്‍പ്പിക്കുന്നതിനായി ഭക്തര്‍ ഇടം പിടിച്ചു തുടങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.