ഷോക്കടിച്ചപ്പോള്‍ തലയില്‍ മുണ്ടിട്ട് അവതാരകര്‍

Thursday 19 November 2015 10:52 pm IST

കൊച്ചി: സംഘപരിവാര്‍ പ്രസ്ഥാനങ്ങളോട് ചില ചാനലുകളിലെ അവതാരകര്‍ക്കുള്ള വൈരാഗ്യം ചുംബന സമരക്കാലത്ത് അവര്‍ രാഹുല്‍ പശുപാലന്‍, രശ്മി ആര്‍. നായര്‍ എന്നിവര്‍ വഴിയാണ് തീര്‍ത്തത്. ദേശീയ സംഘടനകള്‍ക്ക് എതിരെ ഇവരെക്കൊണ്ട് പറയിപ്പിക്കുന്ന വിധത്തില്‍ ചോദ്യങ്ങള്‍ ചോദിച്ച് വായില്‍ തോന്നിയതെല്ലാം പറയിപ്പിക്കുകയായിരുന്നു. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും പരിവാറുകാരുടെ സ്ത്രീവിരുദ്ധതയെക്കുറിച്ചുമെല്ലാം ഇവരെക്കൊണ്ട് തത്ത പറയിക്കും പോലെ പറയിപ്പിച്ച അവര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല. കഴിഞ്ഞ വര്‍ഷം ചുംബന സമരം  വിവാദമായ കാലം മുതല്‍ മാസങ്ങളോളം ചാനല്‍ ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നവരാണ് ബുധനാഴ്ച ഓണ്‍ ലൈന്‍ പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ രാഹുല്‍ പശുപാലനും ഭാര്യയും മോഡലുമായ രശ്മി ആര്‍. നായരും. ദിവസവും പല പല ചാനലുകളിലാണ് ഇവര്‍ ഭാരതത്തിലെ യുവജനതയ്ക്ക് വിലപിടിപ്പുള്ള ഉപദേശങ്ങളും മാര്‍ഗദര്‍ശനങ്ങളും നല്‍കിയത്. ഇപ്പോഴാണ് ഇവയുടെ അര്‍ഥം മലയാളിക്കു മനസിലായത്. കൈരളി, മാതൃഭൂമി ചാനലുകളില്‍ ഇവരെക്കൊണ്ട് ചര്‍ച്ചയ്ക്കിടെ ചുംബനം നടത്തിക്കുകയും ചെയ്തു. ഇത്തരം സമരങ്ങള്‍ അരാജകത്വം ഉണ്ടാക്കുമെന്നതിനാലും അതിന്റെ നേതാവ് രാഹുല്‍ അടക്കമുള്ളവരുടെ ലക്ഷ്യങ്ങള്‍ നന്നായി അറിയാവുന്നതിനാലുമാണ് അന്ന് പരിവാര്‍ പ്രസ്ഥാനങ്ങള്‍ ഇത്തരം സമരങ്ങളെ അതിശക്തമായി എതിര്‍ത്തത്. മതം അടിച്ചേല്‍പ്പിക്കുകയാണ്, ഫാസിസമാണ്, ഏകാധിപത്യമാണ്, സ്വന്തം ഇഷ്ടാനിഷ്ടങ്ങളില്‍ ആരെയും ഇടപെടാന്‍ അനുവദിക്കരുത്, സദാചാരപ്പോലീസാണ് തുടങ്ങി എണ്ണമറ്റ ആരോപണങ്ങളാണ് അവതാരകര്‍ ഇവരെക്കൊണ്ട് പറയിപ്പിച്ചതും ഇവര്‍ പറഞ്ഞതും. ഭൂമിക്കു താഴെയുള്ള സകല കാര്യങ്ങളെക്കുറിച്ചും ഇവര്‍ അഭിപ്രായം പറഞ്ഞു. വളരെ മോശം കമന്റുകളാണ് ഇവര്‍ പലപ്പോഴും നടത്തിയത്. ഫേസ് ബുക്കിലും ഇവരുടെ കമന്റുകള്‍ക്ക് അതിരുകളില്ലായിരുന്നു. ഇവര്‍ പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് എതിരെ നിരന്തരം പറഞ്ഞതിനാല്‍ ഇവരെ എഴുന്നെള്ളിക്കാന്‍ സിപിഎം, എസ്എഫ്‌ഐ, കോണ്‍ഗ്രസ് നേതാക്കളുമുണ്ടായി. പെണ്‍വാണിഭക്കേസില്‍ ഇരുവരും പിടിയിലായതോടെ ഇവര്‍ക്ക് മിണ്ടാട്ടമില്ല. എലി ചത്തുവീണാല്‍ പോലും അതിനെപ്പറ്റി മണിക്കൂറുകള്‍ ചര്‍ച്ചകള്‍ നടത്തുന്ന ചാനലുകള്‍ ബുധനാഴ്ച അനങ്ങിയില്ല. കേരളത്തെ ബാധിക്കുന്ന വലിയ വിഷയമായിട്ടും ഒരു ചര്‍ച്ചയും നടത്തിയില്ല. ഒരു ചാനല്‍ ന്യൂസ് അവറില്‍ ചെറിയ ഒരു ചര്‍ച്ച തട്ടിക്കൂട്ടി തലയൂരി. ചുംബന സമരത്തിന്റെ മറവില്‍ സ്ത്രീസ്വാതന്ത്ര്യത്തെപ്പറ്റി പറഞ്ഞു മയക്കി നിരവധി പെണ്‍കുട്ടികളെ പെണ്‍വാണിഭത്തിന് എത്തിച്ചിട്ടുണ്ടെന്നാണ് സംശയം. മാത്രമല്ല കുരുന്നുകളെപ്പോലും ഇവര്‍ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയിട്ടുണ്ടെന്നാണ് പോലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. സ്വന്തം ഭാര്യയെപ്പോലും പശുപാലന്‍ പെണ്‍വാണിഭത്തിന് കൈമാറിയെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.