ടിപ്പുവിന്റെ തനിനിറം

Friday 20 November 2015 1:28 am IST

ഉത്തരകേരളത്തിന്റെ സമാധാനപൂര്‍ണ്ണമായ സാമൂഹ്യ-സാംസ്‌കാരിക ജീവിതത്തെ കശക്കിയെറിഞ്ഞ വന്‍ സുനാമിയായിരുന്നു 1766 മുതല്‍ 1793 വരെയുള്ള 27 വര്‍ഷത്തെ മൈസൂര്‍ രാജാക്കന്മാരുടെ പടയോട്ടം. ഒരു ഭൂപ്രദേശത്തിന്റെ സാമ്പത്തിക തകര്‍ച്ച മാത്രമല്ല ജനസംഖ്യാ സ്വഭാവം തന്നെ മാറ്റിമറിക്കുന്നതിനും പില്‍ക്കാലത്തെ 1921-ലെ മാപ്പിള ലഹളയ്ക്കും പാക്കിസ്ഥാന്റെ ഭാഗമായി മാറാനുള്ള മാപ്പിളസ്ഥാന്‍ വാദത്തിനും ഇന്ന് തലപൊക്കുന്ന മലബാര്‍ വിമോചനവാദത്തിനുമൊക്കെ കാരണമായത് ടിപ്പുവിന്റെയും അതിനുമുമ്പ് ഹൈദറിന്റെയും നേതൃത്വത്തില്‍ നടന്ന പടയോട്ടമാണ്. ടിപ്പുവിനെ മാപ്പിളലഹളയുടെ ഗുരു എന്നാണ് കെ.മാധവന്‍നായര്‍ '1921-ലെ മാപ്പിള ലഹള'യില്‍ വിശേഷിപ്പിച്ചത്. ടിപ്പു നടത്തിയ കൂട്ടമതംമാറ്റത്തെ വെള്ളപൂശി അദ്ദേഹത്തെ മതേതരനാക്കി ഉത്തരകേരള വികസനത്തിന്റെ  കാരണക്കാരനായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവരുടെ ലക്ഷ്യം വരാനിരിക്കുന്ന മലബാര്‍ സംസ്ഥാനവാദമാണെന്നതില്‍ സംശയമില്ല. മലബാറില്‍ ടിപ്പു ഒഴുക്കിയ രക്തപ്പുഴ അവസാനിക്കുന്നില്ല എന്ന സൂചനയും അതിലുണ്ട്. കേരളത്തിലേക്ക് കച്ചവടക്കാരായി വരുകയും ഇവിടുത്തെ ജനങ്ങളുമായി സഹവര്‍ത്തിത്വത്തോടെ കഴിയുകയും ചെയ്ത മുസ്ലിങ്ങളുടെ പാരമ്പര്യമല്ല ടിപ്പുവിനും ഹൈദരാലിക്കുമുണ്ടായിരുന്നതെന്ന് പ്രശസ്ത ചരിത്രകാരനായ എം.ജി.എസ്. നാരായണന്‍ പറയുന്നു. കടന്നാക്രമിക്കുന്ന സ്ഥലത്തെ ജനങ്ങളെ കൊന്നുതള്ളുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ബാക്കിയുള്ളവരെ അടിമകളാക്കി വില്‍ക്കുകയും സ്വത്തുക്കള്‍ മുഴുവന്‍ കൊള്ളയടിക്കുകയും കൊണ്ടുപോകാന്‍ പറ്റാത്തത് തീയിട്ട് നശിപ്പിക്കുകയും ക്ഷേത്രങ്ങള്‍ കൊള്ളയടിച്ചശേഷം വിഗ്രഹങ്ങള്‍ അടിച്ചുടച്ച് തകര്‍ത്തുതരിപ്പണമാക്കുകയും പറ്റുന്നത്ര പേരെ മതംമാറ്റുകയും ചെയ്യുന്ന മുഗള പാരമ്പര്യമായിരുന്നു ടിപ്പുവിന്റേത്. ദൈവം ബാബറുടെ രൂപത്തില്‍ യമനെ ഭൂമിയിലേക്കയച്ചു എന്ന് സിക്ക് മതസ്ഥാപകനായ ഗുരുനാനാക് ബാബറുടെ പടയോട്ടത്തെ വിശേഷിപ്പിച്ചത് ടിപ്പുവിന്റെയും ഹൈദറുടെയും കാര്യത്തിലും തീര്‍ത്തും ശരിയാണ്. മൈസൂറില്‍ താമസമാക്കിയ പഞ്ചാബി മുസ്ലിമിന്റെ മകനായ ഹൈദറില്‍ നിന്നു ഇത്തരം സംസ്‌കാരം ഉണ്ടായില്ലെങ്കിലേ അതിശയിക്കാനുള്ളൂ. മുഗള ഭരണാധികാരികളെപ്പോലെ, കീഴടക്കിയ സ്ഥലങ്ങളിലുള്ളവരെപ്പോലും  ടിപ്പു മതംമാറ്റിയിരുന്നു. മംഗലാപുരത്തെ ജലാലാബാദും കണ്ണൂരിനെ കുശാനബാദും കോഴിക്കോടിനെ ഇസ്ലാമാബാദും ബേപ്പൂരിനെ സുല്‍ത്താന്‍ പട്ടണം അഥവാ ഫറൂഖിയുമാക്കി മാറ്റി. ടിപ്പുവിനുശേഷം ജനങ്ങള്‍ പഴയപേര് തന്നെ അംഗീകരിക്കുകയായിരുന്നു. മുഹമ്മദ് ഗസ്‌നിയുടെയും നാദിര്‍ഷായുടെയും അലാവുദ്ദീന്‍ ഖില്‍ജിയുടെയും തെക്കന്‍ പ്രതിരൂപമായിരുന്നു ഹൈദറും ടിപ്പുവും. വടക്കുംകൂര്‍ രാജരാജവര്‍മ്മ കേരള സംസ്‌കൃതസാഹിത്യ ചരിത്രത്തില്‍ പറയുന്നു: ''മലബാറില്‍ ടിപ്പുവിന്റെ ആക്രമണങ്ങള്‍ ക്ഷേത്രങ്ങള്‍ക്കു വരുത്തിവച്ച നാശങ്ങള്‍ക്ക് കണക്കില്ല. ദേവാലയങ്ങള്‍ക്ക് തീവെക്കുകയും ബിംബങ്ങള്‍ തകര്‍ക്കുകയും അവയുടെ മുകളില്‍ വെച്ചു പശുക്കളെ അറുക്കുകയും ടിപ്പുവിന്റെയും അനുചരന്മാരുടെയും വിനോദങ്ങളായിരുന്നു. തളിപ്പറമ്പ് ക്ഷേത്രത്തിനും തൃച്ചംബരം ക്ഷേത്രത്തിനും ടിപ്പുവരുത്തിവെച്ച നാശത്തിന്റെ സ്മരണ തന്നെ ഹൃദയവേദനയുണ്ടാക്കുന്നു. ഈ നവരാവണന്‍ നിമിത്തം മലബാറിലെ ക്ഷേത്രങ്ങള്‍ക്ക് നേരിട്ട നാശത്തില്‍ നിന്ന് ഇനിയും നിശ്ശേഷം മുക്തമായിട്ടില്ല.'' കോഴിക്കോടിന്റെ ചരിത്രത്തില്‍ ടിപ്പുവിന്റെ പടയോട്ടക്കാലത്തെ, ''ഹിന്ദുക്കള്‍ അനുഭവിക്കേണ്ടിവന്ന പീഡനം ലോകത്തിലൊരിടത്തുമുണ്ടാകാത്തവിധം അത്രയധികം ഭയാനകമായിരുന്നു'' എന്ന് കോഴിക്കോടിന്റെ ചരിത്രകാരനായ കെ.വി. കൃഷ്ണയ്യര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇളംകുളം കുഞ്ഞന്‍പിള്ള മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (1955 ഡിസംബര്‍, 25) എഴുതി-''കോഴിക്കോട് അന്ന് ബ്രാഹ്മണരുടെ കേന്ദ്രം. ആ നഗരിയില്‍ അന്ന് 7000-ല്‍ പരം ഭവനങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ 2000ല്‍ ശിഷ്ടവും ടിപ്പുവിന്റെ ആക്രമണത്തില്‍ നശിച്ചു. സുല്‍ത്താന്‍ സ്ത്രീകളെയും കുട്ടികളെയും കൂടി വിട്ടില്ല. പുരുഷന്മാര്‍ അന്യനാടുകളിലേക്കും കാടുകളിലേക്കും ഓടിപ്പോയി. മാപ്പിളമാര്‍ വളരെ വര്‍ദ്ധിച്ചു. ഹിന്ദുക്കളെ കൂട്ടംകൂട്ടമായി സുന്നത്തു നടത്തി മതത്തില്‍ കൂട്ടി. ടിപ്പുവിന്റെ ആക്രമണത്തില്‍ നായന്മാരുടെ സംഖ്യ നിസ്സാരമായി. നമ്പൂതിരിമാരും ഗണ്യമായി കുറഞ്ഞു.'' തളി, ശ്രീവളയനാട് കാവ്, തിരുവണ്ണൂര്‍, വരയ്ക്കല്‍, പുത്തൂര്‍, ഗോവിന്ദപുരം, തളിക്കുന്ന് മുതലായ കോഴിക്കോട് നഗരത്തിലെ പ്രധാന ക്ഷേത്രങ്ങള്‍ മാത്രമല്ല നഗരപ്രാന്തത്തിലെ മറ്റുക്ഷേത്രങ്ങളും നശിപ്പിക്കപ്പെട്ടു. ചിലതെല്ലാം സാമൂതിരിമാര്‍ പിന്നീട് പുതുക്കിപ്പണിതു. വെട്ടത്തുനാട്ടിലെ കേരളാധീശ്വരപുരം, തൃക്കണ്ടിയൂര്‍, തൃപ്രങ്ങോട് എന്നീ മഹാക്ഷേത്രങ്ങളും ഭയങ്കരമായ നാശത്തിനിരയായി. ഇവയെ ഉദ്ധരിച്ചതു സാമൂതിരിയാണ്. തിരുനാവായ ക്ഷേത്രം ടിപ്പു തകര്‍ത്തതായി മലബാര്‍ ഗസറ്റിയറില്‍ കാണാം. പൊന്നാനിയിലെ തൃക്കാവ് ക്ഷേത്രത്തിന്റെ ബിംബവും ഗോപുരവും നശിപ്പിച്ചു അവിടം സുല്‍ത്താന്റെ  വെടിമരുന്നു പുരയാക്കി (ലോഗന്‍). കൊടിക്കുന്ന്, തൃത്താല, പന്നിയൂര്‍, ശുകപുരം, എടപ്പാളിലെ പെരുമ്പറമ്പ്, ഏറനാട്ടിലെ വേങ്ങരയിലെ ക്ഷേത്രം, തൃക്കുളം ക്ഷേത്രം, രാമനാട്ടുകര അഴിഞ്ഞിലം ക്ഷേത്രം, ഇന്ത്യന്നൂര്‍ ക്ഷേത്രം, മണ്ണൂര്‍ ക്ഷേത്രം തുടങ്ങി ടിപ്പുവിന്റെ പടയോട്ടത്തില്‍ തകര്‍ത്തെറിയപ്പെട്ട ക്ഷേത്രങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്. ഗുരുവായൂര്‍ ക്ഷേത്രം ആക്രമിക്കാന്‍ ടിപ്പു എത്തി. ഭക്തര്‍ വിഗ്രഹവുമായി രക്ഷപ്പെട്ടു. മമ്മിയൂരും പാലയൂര്‍ പള്ളിയും തകര്‍ത്ത് ഗുരുവായൂരിലെത്തിയപ്പോള്‍ പേമാരിമൂലം ടിപ്പുവിന്റെ സൈന്യത്തിന് പിന്മാറേണ്ടിവന്നു. ജ്യോതിഷത്തില്‍ വിശ്വസിച്ചിരുന്ന ടിപ്പു ജ്യോതിഷികള്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് ക്ഷേത്രത്തിന് ചില ഇളവുകള്‍ ചെയ്തുകൊടുത്തിരുന്നതായി പറയപ്പെടുന്നു. കുറ്റിപ്പുറം കോട്ടയില്‍ ടിപ്പുവിനെതിരെ പ്രതിരോധം തീര്‍ത്ത 2000 നായര്‍ പടയാളികള്‍ക്ക് ഗത്യന്തരമില്ലാതെ മതംമാറേണ്ടിവന്നുവെന്നു കെ.വി. കൃഷ്ണയ്യര്‍ രേഖപ്പെടുത്തുന്നു. ഇവരെ ഉപയോഗിച്ചാണ് മറ്റു ഹിന്ദുക്കളെ മതംമാറ്റാന്‍ ശ്രമിച്ചത്. ടിപ്പുവിനു കീഴടങ്ങി കാഴ്ചസമര്‍പ്പിച്ച കോലത്തിരിയെ അകാരണമായി കുറ്റപ്പെടുത്തി കൊല്ലുകയും ശവം ആനയെക്കൊണ്ടു വലിപ്പിച്ചശേഷം മരത്തില്‍ കെട്ടിത്തൂക്കുകയും ചെയ്തതായി ലോഗന്‍, റൈസ്, പത്മനാഭന്‍ നായര്‍ എന്നിവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അഫ്ഘാനിസ്ഥാനില്‍ ചിലരെ താലിബാന്‍ ഭരണത്തില്‍ കമ്പിക്കാലില്‍ ശവം കെട്ടിത്തൂക്കിയതു ഒരു ദശാബ്ദത്തെ പഴക്കമുള്ള സംഭവമാണ്. കേരളക്കര രണ്ടുനൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഇത്തരം ഇസ്ലാമിക ശിക്ഷാവിധികള്‍ കണ്ടു മരവിച്ചിരുന്നു. ടിപ്പുവിന്റെ കാലത്തിനുമുമ്പുവരെ വടക്കന്‍ കേരളത്തില്‍ ഭൂനികുതി ഉണ്ടായിരുന്നില്ല. സാധാരണക്കാരെ പിഴിയാന്‍ വേണ്ടിയാണു ടിപ്പു ഭൂനികുതി ഏര്‍പ്പെടുത്തിയത്. വിളഞ്ഞ നെല്ലിന്റെ പകുതിപോലും പിടിച്ചെടുത്തു. ടിപ്പുവിന്റെ നികുതി പരിഷ്‌കരണത്തെ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ നാടിനെ ചൂഷണം ചെയ്യാനാണു ഈ പരിഷ്‌കാരം കൊണ്ടുവന്നത് എന്ന കാര്യം മറച്ചുവെച്ചു. ടിപ്പുവിന്റെ പാതപിന്തുടര്‍ന്നുകൊണ്ട്, പിന്നീട് വന്ന ബ്രിട്ടീഷുകാരും നികുതിപിരിവിലൂടെ ജനങ്ങളെ പിഴിയല്‍ തുടര്‍ന്നു. ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നത് ഒഴിവാക്കിയാല്‍ നാലുലക്ഷം സ്വര്‍ണ്ണവും വെള്ളിയും തരാമെന്നു ചിറയ്ക്കല്‍ രാജാവ് ടിപ്പുവിനെഴുതി. 'ലോകം മുഴുവന്‍ തന്നാലും ക്ഷേത്രം തകര്‍ക്കുന്നതില്‍ നിന്നു പിന്തിരിയില്ല' എന്നായിരുന്നു ടിപ്പുവിന്റെ മറുപടി. (സര്‍ദാര്‍ പണിക്കരുടെ സ്വാതന്ത്ര്യസമരം). ബ്രിട്ടീഷുകാരെ നേരിടാന്‍ എല്ലാവരും ഒരൊറ്റ മതത്തില്‍-ഇസ്ലാമില്‍-ചേരാനായിരുന്നു ടിപ്പുവിന്റെ ആഹ്വാനം. ദക്ഷിണഭാരതത്തെ തന്റെ ഇസ്ലാമിക സാമ്രാജ്യമാകുന്നതിനു ടിപ്പു കണ്ട തടസ്സം ബ്രിട്ടീഷുകാരായിരുന്നു. അതിനാല്‍ എല്ലാവരും ഇസ്ലാമായി മാറി ബ്രിട്ടീഷുകാരെ എതിര്‍ക്കുക എന്നതായിരുന്നു ടിപ്പുവിന്റെ ആവശ്യം. അതിനു തയ്യാറില്ലാത്തവരോടു ഒരു കരുണയും  കാണിച്ചില്ല. ക്ഷേത്രങ്ങള്‍ ഇടിച്ചുനിരത്തിയും കൂട്ട മതംമാറ്റം നടത്തിയും മതം മാറാത്തവരെ ആനയെകൊണ്ടു ചവിട്ടിക്കൊല്ലിച്ചുമെല്ലാം  മുന്നേറി. 1790 ജനുവരി 18ന് സയ്യിദ് അബ്ദുള്‍ ദുലായിക്കെഴുതിയ കത്തില്‍ ടിപ്പു പറഞ്ഞു: ''മുഹമ്മദ് നബിയുടെയും അള്ളാഹുവിന്റെയും അനുഗ്രഹം കൊണ്ട് കോഴിക്കോട്ടെ ഏതാണ്ടെല്ലാ ഹിന്ദുക്കളെയും ഇസ്ലാമാക്കി മാറ്റി. കൊച്ചിയുടെ അതിര്‍ത്തിയിലുള്ള ചിലരെ കൂടി മതം മാറ്റാനുണ്ട്. അവരെയും വേഗം മാറ്റാനാണ് എന്റെ നിശ്ചയം. ലക്ഷ്യപ്രാപ്തിക്കുള്ള ജിഹാദാണു ഇതെന്ന് ഞാന്‍ കരുതുന്നു.'' ഭാഷാപോഷിണി (1099 ചിങ്ങം)യില്‍ സര്‍ദാര്‍ കെ.എം. പണിക്കര്‍ പ്രസിദ്ധീകരിച്ച ടിപ്പുവിന്റെ കത്തുകളില്‍ ഒന്നാണിത്. ഇത്രയേറെ രക്തപ്പുഴയൊഴുക്കലും തച്ചുതകര്‍ക്കലുമുണ്ടായിട്ടും അതിനെ എതിരിടാനും അതിജീവിക്കാനും ഉത്തരകേരളത്തിലെ ഹൈന്ദവജനതയ്ക്ക് സാധിച്ചു എന്നതാണ് ചരിത്രം. ഹൈദരാലിയും ടിപ്പുവും പടയോട്ടം കഴിഞ്ഞു തിരിച്ചുപോകുമ്പോഴേക്കും അവര്‍ കീഴടക്കിയ പ്രദേശങ്ങള്‍ സ്വതന്ത്രമായിക്കൊണ്ടിരുന്നു. ഡക്കാന്‍ ഔറംഗസീബിന്റെ പട്ടടയായപോലെ കേരളം ടിപ്പുവിന്റെ പട്ടടയായി മാറി. കേരളം ടിപ്പുവിനു ഒരിക്കലും സമാധാനം നല്‍കിയിരുന്നില്ല. കോഴിക്കോട്ടെ രവിവര്‍മ്മയും കൃഷ്ണവര്‍മ്മയും, കോട്ടയത്തെ പഴശ്ശിരാജ, നീലേശ്വരത്തെ രാമവര്‍മ്മ, കടത്തനാട് രാജാവിന്റെ പ്രധാനമന്ത്രി എടച്ചേരി നമ്പ്യാര്‍, മഞ്ചേരിയില്‍ സാമൂതിരിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന മഞ്ചേരി ഹസ്സന്‍കോയ ഗുരിക്കള്‍ എന്നിവര്‍ മൈസൂര്‍ സുല്‍ത്താന്മാരെ പ്രതിരോധിച്ചവരാണ്. രാമവര്‍മ്മയെ 1786ല്‍ പിടികൂടി തൂക്കിക്കൊന്നു. ഹസ്സന്‍കോയയേയും ഇടച്ചേരി നമ്പ്യാരെയും പിടികൂടി 1789-ല്‍ ജയിലിലിട്ടു. കൃഷ്ണവര്‍മ്മയും രവിവര്‍മ്മയും പഴശ്ശിയും മൈസൂര്‍ രാജവംശത്തിന്റെ പതനം ഉറപ്പാക്കുന്നതില്‍ വിജയം വരിച്ചു. ടിപ്പു ഉത്തരകേരളത്തിലെ സാമുദായിക വിടവ് ശക്തമാക്കി. കോഴിക്കോട്ടെയും മറ്റും ഒരു വിഭാഗം മുസ്ലിം മതനേതാക്കള്‍ ടിപ്പുവിനൊപ്പം ചേര്‍ന്ന് ഹിന്ദുക്കളെ ദ്രോഹിച്ചു. മതംമാറ്റത്തിനും ക്ഷേത്രധ്വംസനത്തിനും ഹിന്ദുസ്വത്തുകൊള്ളയടിക്കുന്നതിനും അവര്‍ കൂട്ടുനിന്നു. അതു സാമുദായിക സമാധാനം തകര്‍ത്തു. ഈ അന്തരീക്ഷത്തിലാണ് മാപ്പിള ലഹളകള്‍ രൂപപ്പെടുന്നത്. 1921-ലെ മാപ്പിള ലഹളയില്‍ പതിനായിരക്കണക്കിന് ഹിന്ദുക്കള്‍ മതംമാറ്റപ്പെട്ടു. നിരവധി ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു; ഹിന്ദു സ്വത്തു കയ്യേറ്റപ്പെട്ടു. ഈ രണ്ടു സംഭവങ്ങളോടെ ഈ പ്രദേശത്തിന്റെ ജനസംഖ്യാസ്വഭാവം മാറി. അവിടം മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളായി മാറി. മുസ്ലിംലീഗിനു വേരോട്ടം കിട്ടുകയും ഈ പ്രദേശം ഭാരതത്തില്‍ നിന്ന് വിട്ട് പാക്കിസ്ഥാന്റെ ഭാഗമായ മാപ്പിളസ്ഥാനായി മാറിനില്‍ക്കുമെന്നു ലീഗ് പ്രമേയം പാസ്സാക്കുകയും ചെയ്തു. ഈ ഭാരതവിരുദ്ധ മാനസികാവസ്ഥ തുടര്‍ന്നും നിന്നതിന്റെ ഫലമായി  മുസ്ലിംഭൂരിപക്ഷ പ്രദേശം ചേര്‍ത്തുകൊണ്ടുള്ള ജില്ല വേണമെന്ന വാദം ഉയര്‍ന്നുവന്നു. മലപ്പുറം ജില്ലയ്ക്കു പിന്നിലെ ഈ ചരിത്ര പശ്ചാത്തലമാണ് ഈ ജില്ല കേന്ദ്രീകരിച്ച് കേരളത്തില്‍ നടക്കുന്ന മുസ്ലിംഭീകരവാദത്തിനു പിന്നിലുള്ളത്. അലിഗഡ് സര്‍വ്വകലാശാല ഓഫ് കാമ്പസ് അവിടെതന്നെ വേണമെന്ന ശാഠ്യത്തിനു പിറകിലും മറ്റൊന്നുമല്ല ഉള്ളത്. വീരപുരുഷനായി കാണുകയും ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ തമസ്‌കരിക്കുകയും ചെയ്തുകൊണ്ട് ടിപ്പുവിനെ സര്‍വ്വസമ്മതനായി അംഗീകരിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇടത്ചരിത്രകാരന്മാര്‍ ഇതിനുവേണ്ടി പണിയെടുക്കുന്നു. ചരിത്രം തിരുത്തിയെഴുതാനുള്ള യത്‌നത്തിലാണവര്‍. ടിപ്പു വാളും പീരങ്കിയുമാണു ആയുധമാക്കിയതെങ്കില്‍ പേനയും ആധുനിക സാങ്കേതികവിദ്യകളും ഉപയോഗിച്ചുകൊണ്ടാണ് ഇന്നു ഇസ്ലാമികവല്‍ക്കരണശക്തികളുടെ പുതിയ പടയോട്ടം. ടിപ്പുവിന്റെ ചരിത്രം വസ്തുനിഷ്ഠമായി ഡിഗ്രി പാഠപുസ്തകത്തില്‍ ചേര്‍ത്തപ്പോള്‍ ആ പുസ്തകം തന്നെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അധികൃതര്‍ കത്തിച്ചുകളഞ്ഞു. സംസ്ഥാനസര്‍ക്കാര്‍ സ്‌കൂള്‍ പാഠപുസ്തകത്തില്‍ ടിപ്പുവിനെ മതസൗഹാര്‍ദ്ദത്തിന്റെയും മലബാറിന്റെ വികസന-വീരനായകനായി വാഴ്ത്തുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.