ലജ്ജിച്ച് തലതാഴ്ത്തുക

Friday 20 November 2015 12:57 am IST

'ദൈവത്തിന്റെ സ്വന്തം നാട്' ഇപ്പോള്‍ എങ്ങോട്ട് എന്ന ചോദ്യം ഉയര്‍ത്തുന്നതാണ് കേരളത്തില്‍ വ്യാപകമാകുന്ന പെണ്‍വാണിഭം. 'ഓപ്പറേഷന്‍ ബിഗ് ഡാഡി' എന്ന പേരില്‍ ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ ചിലര്‍ വലയിലായത് പെണ്‍വാണിഭത്തിന്റെ കാണാപ്പുറങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നു. ഓണ്‍ലൈന്‍ വഴി നടത്തിയിരുന്ന പെണ്‍-ബാല ലൈംഗിക വാണിഭത്തിലെ കണ്ണികളായ ചുംബനസമര നേതാക്കള്‍ രാഹുല്‍ പശുപാലനെയും ഭാര്യ രശ്മി ആര്‍.നായരെയുമാണ്  ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരിക്കുന്നത്. അഭ്യസ്തവിദ്യരായ പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് വെബ്‌സൈറ്റില്‍ പരസ്യം നല്‍കുകയും ഇതില്‍ കുടുങ്ങുന്ന പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച്, വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി പെണ്‍വാണിഭ ശൃംഖലയുടെ ഭാഗമാക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും ലൈംഗിക ഉപഭോഗ ചരക്കാക്കി മാറ്റി സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഉപഭോക്താക്കള്‍ക്ക് പോലും ഈ സംഘം എത്തിച്ചുകൊടുത്തിരുന്നുവത്രെ. ചുംബന സമരത്തില്‍ ആകൃഷ്ടരായെത്തിയ നിരവധി പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് ഇവര്‍ പെണ്‍വാണിഭ സംഘത്തില്‍ ചേര്‍ത്തു. ഇടതുപാര്‍ട്ടികളും  ചില പ്രമുഖ മലയാള പത്രങ്ങളും ചാനലുകളും വാനോളം വാഴ്ത്തിയവരാണ് ഇപ്പോള്‍ പെണ്‍വാണിഭസംഘത്തിന്റെ നടത്തിപ്പുകാരാണെന്ന് തെളിഞ്ഞിരിക്കുന്നത്. ഫേസ് ബുക്ക് ഉപയോഗിച്ച് പ്രവര്‍ത്തിച്ചിരുന്ന ഈ സംഘത്തിലെ മുഴുവന്‍ പ്രതികളേയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. എന്നുമാത്രമല്ല രണ്ടു സ്ത്രീകള്‍ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ച് രക്ഷപ്പെടുകയും ചെയ്തു. പന്ത്രണ്ടുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പോലീസിന്റെ വലയില്‍ കുടുങ്ങിയില്ലായിരുന്നുവെങ്കില്‍ പശുപാലനും സംഘവും ഇപ്പോഴും താരപരിവേഷത്തോടെ നമുക്കിടയില്‍ നിറഞ്ഞുനില്‍ക്കുമായിരുന്നു. കോട്ടയം സ്വദേശിയായ അബ്ദുല്‍ ഖാദര്‍ ഈ റാക്കറ്റിന്റെ ഇടനിലക്കാരനായിരുന്നു. 'കൊച്ചു സുന്ദരികള്‍' എന്ന പേരില്‍ ഫേസ്ബുക്ക് പേജ് തുടങ്ങിയാണ് പെണ്‍കുട്ടികളെ കുരുക്കില്‍പ്പെടുത്തിയത്. ഫേസ്ബുക്ക് ഇന്ന് കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും ഹരമാണല്ലോ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ അശ്ലീല ഫോട്ടോ പ്രദര്‍ശിപ്പിച്ചാണ് ഇടപാടുകാരെ ആകര്‍ഷിച്ചത്. ഇത് വിരല്‍ചൂണ്ടുന്നത് മലയാളിയുടെ സാംസ്‌കാരിക നിലവാരം തകരുന്നു എന്നതിലേക്കാണ്. ലൊക്കാന്റൊ വെബ്‌സൈറ്റില്‍ അക്ബര്‍ നല്‍കിയിരുന്ന നമ്പറില്‍ ബന്ധപ്പെട്ടാണ് പോലീസ് വാണിഭസംഘത്തെ  പിടികൂടിയത്. അടുത്തിടെ കേരളത്തിലെ ലിബറല്‍ ബ്രിഗേഡിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായി മാധ്യമങ്ങള്‍ വരെ പശുപാലനെയും ഭാര്യയെയും വാഴ്ത്തിയിരുന്നു. പശുപാലന്‍ ഒരു ചാനലിന്റെ 'ന്യൂസ് മേക്കര്‍ ഓഫ് ദി ഇയര്‍' ആയി തെരഞ്ഞെടുക്കപ്പെടാവുന്ന അവസ്ഥവരെ എത്തി. അവസാന റൗണ്ടില്‍ പുറത്താവുകയായിരുന്നു. എന്നാലിപ്പോള്‍ 'വഷളന്‍ ഓഫ് ദി ഇയര്‍' അവാര്‍ഡിനാണ് പശുപാലന്‍ അര്‍ഹന്‍ എന്ന് തെളിഞ്ഞിരിക്കുന്നു. സ്വതന്ത്ര ലൈംഗികത, സദാചാര നിരാസം തുടങ്ങിയ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ചുംബനസമരത്തിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന വിപത്ത് പലരും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇവരെ ചില മാധ്യമങ്ങള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കോഴിക്കോട് 'ഡൗണ്‍ ടൗണ്‍' എന്ന ഹോട്ടലില്‍ സദാചാരവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നുവെന്നറിഞ്ഞ് അവിടേക്ക് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ സദാചാര പോലീസായി ചിത്രീകരിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്ക് ഇപ്പോള്‍ ജനങ്ങളോട് മാപ്പുപറയാന്‍ ബാധ്യതയുണ്ട്. രാഹുല്‍ പശുപാലന്‍ നേതൃത്വം നല്‍കുന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം ഭാര്യ രശ്മിക്ക് വിലയിട്ടത് മുപ്പതിനായിരം രൂപ മുതല്‍ എണ്‍പതിനായിരം രൂപവരെയായിരുന്നു. രശ്മിയുടെ അര്‍ദ്ധനഗ്നഫോട്ടോകള്‍ ഫേസ്ബുക്ക് പേജില്‍ പ്രചരിപ്പിച്ചാണ് ആവശ്യക്കാരെ ആകര്‍ഷിച്ചത്. രശ്മി ആവശ്യപ്പെട്ട തുക നല്‍കാനില്ലാത്തവര്‍ക്ക് മറ്റു പെണ്‍കുട്ടികളുമായി കച്ചവടം ഉറപ്പിക്കാം. രശ്മിയെ കൈമാറാന്‍ പശുപാലന്‍ എത്തിയത് മകനോടൊപ്പം ആയിരുന്നുവത്രെ! പ്ലേ ബോയ് മാഗസിന്റെ മോഡലാണ് താനെന്ന് പ്രചരിപ്പിച്ചായിരുന്നു രശ്മി സ്വയം മാര്‍ക്കറ്റ് ചെയ്തിരുന്നത്. ചുംബനസമരത്തിന്റെ പേരില്‍ കേരളത്തില്‍ അരങ്ങേറിയത് അക്ഷരാര്‍ത്ഥത്തില്‍ പേക്കൂത്തായിരുന്നു. അതിനേയും പിന്തുണക്കാന്‍ ആളുകളുണ്ടായി എന്നത് മക്കളുള്ള മാതാപിതാക്കളുടെയെല്ലാം മനസ്സില്‍ ആശങ്കയുടെ തീകോരിയിട്ടു. എന്നാല്‍ ബുദ്ധിജീവികളുടെയും സാംസ്‌കാരിക നായകരുടെയും വേഷംകെട്ടി നടക്കുന്ന ഒരുവിഭാഗം സാമൂഹ്യവിരുദ്ധര്‍ ഈ സമരത്തെ സര്‍വാത്മനാ സ്വാഗതം ചെയ്യുകയായിരുന്നു.  പശുപാലനും സംഘവും പെണ്‍വാണിഭത്തിന് പിടിയിലായതോടെ ഇക്കൂട്ടരുടെ മുഖംമൂടിയും അഴിഞ്ഞുവീണിരിക്കുകയാണ്. എന്തുകൊണ്ട് മലയാളി പുരുഷന്മാരില്‍ ലൈംഗിക തൃഷ്ണ വര്‍ധിക്കുന്നു എന്നും പെണ്‍ജീവിതം അപകടകരമായ നിലയിലെത്തുന്നു എന്നുമുള്ളത് അന്വേഷിച്ച് സാമൂഹിക കൗണ്‍സിലിങ്ങില്‍കൂടി ഇതിന് പരിഹാരം കാണേണ്ടതുണ്ട്. പെണ്‍വാണിഭം ഓണ്‍ലൈന്‍ വഴിയാകുമ്പോള്‍ അതിന് കിട്ടുന്ന സ്വകാര്യത അത് വ്യാപകമാകാന്‍ ഇടയാക്കുന്ന ഘടകമാണ് എന്നിരിക്കെ സൈബര്‍ പോലീസ് ഈ രംഗത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.