കോട്ടയം: പൂക്കുലകളുമായി കിളിര്‍ത്ത തെങ്ങിന്‍തൈ കൗതുകമാകുന്നു. പരിപ്പിലെ ടോം ജോസിന്റെ ഉടമസ്ഥതയിലുള്ള അങ്ങാടിശ്ശേരി നഴ്സറിയിലാണ് ഈ അപൂര്‍വ്വയിനം തെങ്ങിന് തൈ മുളച്ചത്.
കഴിഞ്ഞ മെയ് മാസത്തിലാണ് ടോം കോഴിക്കോടുനിന്നും കൊണ്ടുവന്ന ഏഴായിരത്തോളം വിത്തു തേങ്ങകള്‍ മുളപ്പിക്കാനായി പാകിയത്. ആഗസ്റ്റ് മാസമായപ്പോഴേക്കും ഈ വിത്തുകള്‍ എല്ലാം കിളിര്‍ത്തു. അതിന്റെ കൂട്ടത്തിലാണ് ഡി ഇന്റു ടി എന്ന ഇനത്തില്‍പ്പെട്ട അപൂര്‍വ്വയിനം തേങ്ങയും കിളിര്‍ത്തത്. അന്‍പതിലധികം വെള്ളക്കകളുമായാണ് ഈ തെങ്ങിന് തൈ മുളച്ചത്.
സാധാരണ നാല് വര്‍ഷം കൊണ്ടാണ് ഈ ഇനത്തിലെ തെങ്ങിന് തൈകള്‍ കായ്ക്കുന്നത്. ഈ ഇനത്തിലെ തൈകള്‍ ഇത്തരത്തില്‍ കായ്ച്ചതായി ഇതുവരെ കേട്ടിട്ടില്ലെന്ന് കര്‍ഷകരായ പഴമക്കാരും കൃഷി മേഖലയില്‍ ജോലിചെയ്യുന്ന വിദഗ്ദ്ധരും പറയുന്നു. കൃഷിയെ സ്നേഹിക്കുന്ന ജനങ്ങള്‍ക്കായി ഈ അപൂര്‍വ്വ തെങ്ങിന് തൈ ടോം തന്റെ നേഴ്സറിയില്‍ പ്രദര്‍ശനത്തിനായി മാറ്റിവച്ചിരിക്കുകയാണ്. മുളച്ചപ്പോഴേ തന്നെ പൂക്കുലകളുമായി കിളിര്‍ത്ത തെങ്ങിന് തൈ കാണുവാനായി ദിനംപ്രതി നിരവധി ആള്‍ക്കാരാണ് വിവിധ ജില്ലകളില്‍ നിന്നും മറ്റുമായി ടോമിന്റെ വീട്ടില്‍ എത്തിച്ചേരുന്നത്.
30 വര്‍ഷമായി ടോം ജോസ്സ് കാര്‍ഷികവൃത്തി ചെയ്തു വരുന്നു. ഇപ്പോള്‍ ഇദ്ദേഹത്തിന്റെ വീട്ടില്‍ ഒരേക്കര്‍ സ്ഥലത്തായി പച്ചക്കറി കൃഷിയും പൂന്തോട്ടവും പ്ലാവ്, തെങ്ങ്, ജാതി, മാവ്, സപ്പോര്‍ട്ട തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. കൂടാതെ നെല്‍കൃഷിയും ചെയ്തു വരുന്നു. പാലക്കാട്, തൃശൂര്‍, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ നിന്നാണ് കൃഷിക്കാവശ്യമായ വിത്തിനങ്ങള്‍ ഇദ്ദേഹം വാങ്ങുന്നത്.
തന്റെ നേഴ്സറിയില്‍ നിന്നും ടോം വിവിധയിനം തെങ്ങിന് തൈകളും പച്ചക്കറി തൈകളും മറ്റും ചില്ലറയായും മൊത്തമായുമാണ് വില്‍ക്കുന്നത്. കേരളത്തിനു പുറമേ ആസ്സാമില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമൊക്കെ ആള്ക്കാര് വന്ന് തന്റെ പക്കല്‍ നിന്നും വിവിധയിനം തൈകള്‍ വാങ്ങിക്കൊണ്ട് പോവാറുണ്ടെന്ന് ടോം ജോസ് പറയുന്നു. കൃഷിയില്‍ ടോമിനെ സഹായിക്കുവാനായി ഭാര്യ എല്‍സിയും അമ്മ ഏലിയാമ്മയും സഹോദരി ഡീനയുമുണ്ട്. ജോ, ആനു എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: