12 പഞ്ചായത്തുകള്‍ ബിജെപി ഭരിക്കും

Friday 20 November 2015 1:34 am IST

  തിരുവനന്തപുരം : സംസ്ഥാനത്തെ 12 ഗ്രാമപഞ്ചായത്തുകള്‍ ബിജെപി ഭരിക്കും. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന രണ്ട് പഞ്ചായത്തുകളില്‍ കോണ്‍ഗ്രസും സിപിഎമ്മും ചേര്‍ന്ന് ബിജെപി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചു. തിരുവനന്തപുരം, കാസര്‍കോട് ജില്ലകളില്‍ നാലു പഞ്ചായത്തുകള്‍ വീതവും പത്തനംതിട്ടയില്‍ രണ്ടും ആലപ്പുഴയിലും തൃശ്ശൂരും ഒരോ പഞ്ചായത്തുമാണ് ബിജെപി അധികാരത്തിലെത്തയത്. തിരുവനന്തപുരം ജില്ലയില്‍ വെങ്ങാനൂര്‍, കല്ലിയൂര്‍,വിളവൂര്‍ക്കല്‍, മാറനല്ലൂര്‍ പഞ്ചായത്തുകളാണ് ബിജെപി ഭരണത്തിലെത്തിയത്. വിളവൂര്‍ക്കല്‍, മാറനല്ലൂര്‍ നറുക്കെടുപ്പിലൂടെയായിരുന്നു ബിജെപി ജയം. കാസര്‍കോട് ജില്ലയില്‍ മധൂര്‍, കാറഡുക്ക, ബെള്ളൂര്‍, എന്‍മകജെ പഞ്ചായത്തുകളിലാണ് ബിജെപി അധികാരത്തിലെത്തിയത്. മധൂര്‍, കാറഡുക്ക, ബെള്ളൂര്‍ എന്നീ പഞ്ചായത്തുകളില്‍ പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് സ്ഥാനങ്ങള്‍ വോട്ടെടുപ്പിലൂടെ നേടിയപ്പോള്‍ എന്‍മകജെ പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനങ്ങള്‍ ബിജെപിക്ക് ലഭിച്ചു. സിപിഎം കോട്ടയെന്നറിയപ്പെടുന്ന കുറ്റിക്കോലില്‍ ബിജെപി വൈസ് പ്രസിഡണ്ട് സ്ഥാനത്തെത്തി. കോണ്‍ഗ്രസ്സ് അംഗങ്ങള്‍ അപ്രതീക്ഷിതമായി വോട്ട് ചെയ്തതോടെയാണ് ബിജെപിക്ക് വൈസ് പ്രസിഡണ്ട് സ്ഥാനം ലഭിച്ചത്. ഇവിടെ മൂന്ന് അംഗങ്ങളാണ് ബിജെപിക്കുള്ളത്. പത്തനംതിട്ടയില്‍ വലിയ ഒറ്റകക്ഷിയായ നാല് പഞ്ചായത്തുകള്‍ ഉണ്ടായിരുന്നെങ്കിലും രണ്ടിടത്തുമാത്രമേ ബിജെപിക്ക് ജയിക്കാനായുള്ളു. കുറ്റൂര്‍, നെടുമ്പ്രം പഞ്ചായത്തുകളിലാണ് ബിജെപി അധികാരത്തിലേറിയത്. 16 അംഗ കുളനട പഞ്ചായത്തില്‍ 7 അംഗങ്ങളുള്ള ബിജെപിയെ സിപിഎം(4) കോണ്‍ഗ്രസ്(4) സഖ്യം തോല്‍പ്പിച്ചു. ഇരുപാര്‍ട്ടികളും ചേര്‍ന്ന് സ്വതന്ത്രനെ പ്രസിഡന്റാക്കി. പന്തളത്തും ഇരു പാര്‍ട്ടികളും ചേര്‍ന്ന് ബിജെപി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചു. ആലപ്പുഴയിലെ തിരുവന്‍വണ്ടൂരും തൃശ്ശൂരിലെ അവനവന്‍ശ്ശേരിയുമാണ് ബിജെപി ഭരണത്തിലെത്തിയ പഞ്ചായത്തുകള്‍. പഞ്ചായത്ത് ഭരണം പിടിക്കാന്‍ പലസ്ഥലത്തും പാര്‍ട്ടികള്‍ ചേരിമാറിയതിനും പ്രസിഡന്റ് തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു. കോട്ടയം ജില്ലയില്‍ മീനച്ചില്‍ പഞ്ചായത്തില്‍ ഇടതു പിന്തുണയൊടെ കേരള കോണ്‍ഗ്രസും വെള്ളാവൂര്‍ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് പിന്തുണയോടെ എല്‍ഡിഎഫും കോണ്‍ഗ്രസിനെ പിന്തള്ളി ഭരണം പിടിച്ചെടുത്തു. കോണ്‍ഗ്രസ് അംഗം എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതിനാല്‍ കങ്ങഴ പഞ്ചായത്തില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടി. ആലപ്പുഴ തൃപ്പെരുന്തുറയില്‍ സിപിഎമ്മിലെ ആറ് അംഗങ്ങള്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്തു. ഇവിടെ ധാരണ അനുസരിച്ച് സിപിഐ സ്ഥാനാര്‍ഥിയെ പിന്തുണക്കാനാണ് സിപിഎം വിപ്പ് നല്‍കിയിരുന്നത്. എന്നാല്‍ വിപ്പ് ലംഘിച്ചവരുടെ വോട്ടില്‍ സിപിഎം പ്രതിനിധി പ്രസിഡന്റായി. മലയിന്‍കീഴ് പഞ്ചായത്തില്‍ എല്‍ഡിഎഫ് പിന്തുണയോടെ ജെഡിയു സ്ഥാനാര്‍ത്ഥി പ്രസിഡന്റായി. പത്തനംതിട്ട കുളനട ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ്- സിപിഎം സഖ്യമാണ് ഭരണം നേടിയത്. സ്വതന്ത്ര അംഗം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇവിടെ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ഇടുക്കി ആലക്കോട് പഞ്ചായത്തില്‍ എല്‍ഡിഎഫ് കേരളാകോണ്‍ഗ്രസ് സഖ്യം വന്നപ്പോള്‍ കോണ്‍ഗ്രസ് വിമതനെ പ്രസിഡന്റാക്കി. കണ്ണൂര്‍ ചപ്പാരപ്പടവ് പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗത്തിന്റെ പിന്തുണയോടെ ഇടതുപക്ഷം അധികാരംപിടിച്ചു. മലപ്പുറം എടപ്പറ്റ പഞ്ചായത്തില്‍ സിപിഎം ലീഗ് സഖ്യത്തിനാണ് ഭരണം. പെമ്പിളൈ ഒരുമയുടെ രണ്ടു സ്ഥാനാര്‍ത്ഥികള്‍ നിര്‍ണ്ണായകമായ മൂന്നാര്‍ ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ് അധികാരത്തിലെത്തി. ഒമ്പതു സീറ്റുകളായിരുന്നു ഇവിടെ യുഡിഎഫിന്. എല്‍ഡിഎഫിന് പത്തുസീറ്റും ഉണ്ടായിരുന്നു. പൊമ്പിളൈ ഒരുമൈ പിന്തുണച്ചതോടെ യുഡിഎഫിന് 11 സീറ്റായി. ഒഞ്ചിയം പഞ്ചായത്ത് ഭരണം ആര്‍എംപി നിലനിര്‍ത്തി. 879 ഗ്രാമപഞ്ചായത്തുകളില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 545 എണ്ണത്തില്‍ എല്‍.ഡി.എഫും, 313 എണ്ണത്തില്‍ യു.ഡി.എഫും 12 എണ്ണത്തില്‍ ബി.ജെ.പി യും നേടി. ഒമ്പത് പഞ്ചായത്തുകളില്‍ സ്വതന്ത്രര്‍ തിരഞ്ഞെടുക്കപ്പെട്ടു. 145 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങളില്‍ 92 എണ്ണം എല്‍.ഡി.എഫും 53 എണ്ണം യു.ഡി.എഫും, നേടി. ആകെയുള്ള 14 ജില്ലാ പഞ്ചായത്തുകളില്‍ എല്‍.ഡി.എഫും യു.ഡി.എഫും 7 എണ്ണം വീതം നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.