കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 23.55 ശതമാനം ശമ്പള വര്‍ദ്ധനവിന് ശുപാര്‍ശ

Friday 20 November 2015 1:41 am IST

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 23.55 ശതമാനം വര്‍ദ്ധനവിന് ശുപാര്‍ശ ചെയ്തുകൊണ്ട് ഏഴാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അടിസ്ഥാന ശമ്പളത്തില്‍ 16 ശതമാനം വര്‍ദ്ധനവിനാണ് ശുപാര്‍ശ. കേന്ദ്രജീവനക്കാരുടെ കുറഞ്ഞ ശമ്പളം 18,000 രൂപയാക്കി ഉയര്‍ത്തണം. കൂടിയ ശമ്പളം 2,50,000 രൂപ. പെന്‍ഷന്‍കാര്‍ക്ക് 23.63 ശതമാനം വര്‍ദ്ധനവ് നടപ്പാക്കണമെന്നും ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ക്ഷാമബത്തയില്‍ 63 ശതമാനം വര്‍ദ്ധനവിനും ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ശുപാര്‍ശകള്‍ നടപ്പാക്കുന്നതു വഴി കേന്ദ്രസര്‍ക്കാരിന് 1,02,100 കോടി രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടാകുന്നത്. കാബിനറ്റ് സെക്രട്ടറിക്കാണ് ഏറ്റവും ഉയര്‍ന്ന ശമ്പളം ലഭിക്കുക, 2,50,000 രൂപ. ഉദ്യോഗസ്ഥ തലത്തില്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന പരമാവധി തുക 2,25,000 രൂപയാണ്. വീട്ടുവാടക 138.71 ശതമാനവും മറ്റ് അവലന്‍സുകള്‍ 49.79 ശതമാനവും വര്‍ദ്ധിപ്പിക്കും. ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചുകഴിഞ്ഞാല്‍ അടുത്ത വര്‍ഷം ജനുവരി ഒന്നു മുതല്‍ ജീവനക്കാര്‍ക്ക് പുതിയ നിരക്കില്‍ ശമ്പളം ലഭിച്ചുതുടങ്ങും. ശുപാര്‍ശകള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ മാത്രമേ കേന്ദ്രമന്ത്രിസഭ അനുമതി നല്‍കൂ എന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ജനുവരി ഒന്നു മുതല്‍ വര്‍ദ്ധിപ്പിച്ച ശമ്പളത്തിന്റെ കുടിശിക പെന്‍ഷന്‍ പദ്ധതിയില്‍ ലയിപ്പിക്കും. വിരമിക്കല്‍ പ്രായമായ 60 വയസ്സില്‍ മാറ്റം വേണ്ടെന്നാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. വണ്‍റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കണം, എല്ലാ അര്‍ദ്ധ സൈനികവിഭാഗങ്ങളുടേയും വിരമിക്കല്‍ പ്രായം 60 വയസ്സാക്കി ഉയര്‍ത്തണം തുടങ്ങിയ ശുപാര്‍ശകളും ഉണ്ട്. ഐഎഎസ് ഉദ്യോഗസ്ഥരുടെ ശമ്പള സ്‌കെയിലിന് തുല്യമായി ഐപിഎസ്, ഐആര്‍എസ് ഉദ്യോഗസ്ഥരുടെ സ്‌കെയില്‍ ഉയര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ട്. അമ്പതു ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 54 ലക്ഷത്തോളം പെന്‍ഷന്‍കാര്‍ക്കും പുതിയ ശുപാര്‍ശകള്‍ പ്രയോജനകരമാകും. കേന്ദ്രസര്‍ക്കാര്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നതോടെ പൊതുമേഖലാ സ്ഥാപനങ്ങളിലും ശമ്പള പരിഷ്‌കരണം നടപ്പാകും. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും കേന്ദ്രസര്‍വ്വീസിന് ആനുപാതികമായി ശമ്പള വര്‍ദ്ധനവ് നടപ്പാക്കണമെന്ന ആവശ്യവും ഇതോടെ ശക്തമാകും. ശമ്പള കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് മാത്തൂര്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയാണ് ശുപാര്‍ശകള്‍ കൈമാറിയത്. 2014 ഫെബ്രുവരിയിലാണ് കമ്മീഷനെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചത്. എല്ലാ പത്തുവര്‍ഷവും കൂടുമ്പോള്‍ ശമ്പള പരിഷ്‌കരണത്തിനായി കേന്ദ്രസര്‍ക്കാര്‍ കമ്മീഷന്‍ രൂപീകരിക്കാറുണ്ട്. ആഗസ്റ്റില്‍ കാലാവധി കഴിഞ്ഞെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഡിസംബര്‍ വരെ നീട്ടിനല്‍കിയിരുന്നു. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ വിവേക് റേ, സാമ്പത്തിക വിദഗ്ധനായ രതിന്‍ റോയ്, കമ്മീഷന്‍ സെക്രട്ടറി മീന അഗര്‍വാള്‍ എന്നിവരാണ് കമ്മീഷനിലെ മറ്റംഗങ്ങള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.