ബംഗളൂരു: ബംഗളൂരു സ്ഫോടനക്കേസിലെ പ്രതി തടിയന്റവിട നസീറിന്റെ കൂട്ടാളികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ സാക്ഷികള്‍ക്കും അഭിഭാഷകര്‍ക്കും പോലീസ് സംരക്ഷണം ഏര്‍പ്പാടാക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് എന്‍ഐഎ പ്രത്യേക കോടതിയില്‍ അപേക്ഷ നല്കി.
കര്‍ണാടക സര്‍ക്കാര്‍ വിചാരണ കോടതിയില്‍ നല്കിയ പരാതിയെ തുടര്‍ന്നു നസീറിന്റെ അഭിഭാഷകരെ കോടതി താക്കീതു ചെയ്തു. കേസിലെ സാക്ഷികളുടെ കൂറുമാറ്റത്തെപ്പറ്റി അന്വേഷിച്ച് വരുകയാണ്. നസീറിന്റെ കൂട്ടാളി ഷഹനാസില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടന്നതായി കണ്ടെത്തിയിരുന്നത്.
ജയിലില്‍ കഴിയുമ്പോഴും നസീര്‍ ഇപ്പോഴും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു നേതൃത്വം നല്‍കുന്നതായി തെളിവുകള്‍ ലഭിച്ചിരുന്നു. പ്രതി തടിയന്റവിട നസീര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി കൊച്ചി പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സിയും കര്‍ണാടക പോലീസും സാക്ഷികളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്.
സാക്ഷികളുടെ കൂറുമാറ്റത്തില്‍ നസീറിന് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണ് എന്‍ഐഎയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: