മെക്കാനിക്കുകള്‍ക്ക് കൂട്ടസ്ഥലംമാറ്റം; കെഎസ്ആര്‍ടിസി ഡിപ്പോ പ്രതിസന്ധിയില്‍

Saturday 21 November 2015 10:27 am IST

ചേര്‍ത്തല: കെഎസ്ആര്‍ടിസി ഡിപ്പോയെ പ്രതിസന്ധിയിലാക്കി മെക്കാനിക്കുമാര്‍ക്ക് കൂട്ടസ്ഥലം മാറ്റം. ചേര്‍ത്തല ഡിപ്പോയിലെ എഴുപത്തിയാറ് മെക്കാനിക്കുകളില്‍ പതിനേഴ് പേരെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥലം മാറ്റി ഉത്തരവ് ഇറങ്ങിയത്. ഒന്‍പത് പേരെ ചെങ്ങന്നൂര്‍ക്കും, രണ്ട് പേരെ എടത്വയിലേക്കും, നാല് പേരെ കായംകുളം ഡിപ്പോയിലേക്കും, രണ്ട് പേരെ ആലപ്പുഴയിലേക്കുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഇത് കൂടാതെ മൂന്ന് പേരെ ശബരിമല ഡ്യൂട്ടിക്കായും നിയോഗിച്ചിട്ടുണ്ട്. 17 പേരെ സ്ഥലം മാറ്റിയപ്പോള്‍ പകരക്കാരനായി കോട്ടയം ഡിപ്പോയില്‍ നിന്ന് ഒരാളെ മാത്രമാണ് ഇവിടേക്ക് നിയോഗിച്ചിട്ടുള്ളത്. പകരം സംവിധാനങ്ങള്‍ ഒരുക്കാതെ അധികൃതര്‍ ജീവനക്കാരെ ഒറ്റയടിക്ക് സ്ഥലം മാറ്റിയത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ദിവസേന 102 ഷെഡ്യൂളുകള്‍ നടത്തിയിരുന്ന ജില്ലയിലെ മികച്ച ഡിപ്പോയെന്ന ഖ്യാതി നേടിയ ചേര്‍ത്തല അധികൃതരുടെ അവഗണനമൂലം കടുത്ത പ്രതിസന്ധിയിലാണ്. അറുപത്തിയഞ്ചോളം സര്‍വീസുകള്‍ മാത്രമാണ് ഇപ്പോള്‍ പ്രതിദിനം ഓപ്പറേറ്റ് ചെയ്യാനാകുന്നത്. ബസുകളുടെയും ജീവനക്കാരുടെയും അഭാവമാണ് സര്‍വീസ് ക്യാന്‍സലേഷന് കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. സ്‌പെയര്‍ പാര്‍ട്‌സുകളുടെ അഭാവം മൂലം ഭൂരിഭാഗം ബസുകളും കട്ടപ്പുറത്താണ്. ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയതോടെ ബസുകളുടെ അറ്റകുറ്റപ്പണികള്‍ യഥാസമയം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഒരു ബസിന്റെ അറ്റകുറ്റപ്പണി ചെയ്യുന്നതിനായി നാല് പേര്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ ഒരു ജീവനക്കാരന്‍ തന്നെ ബസിന്റെ പണികള്‍ പൂര്‍ണമായും ചെയ്യേണ്ട സ്ഥിതിയാണ്. ജീവനക്കാരിലാരെങ്കിലും അവധിയെടുത്താല്‍ മെക്കാനിക്കല്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നതിന് കാരണമാകും. ഇത് ഡിപ്പോയുടെ ദൈനംദിന പ്രവര്‍ത്തനത്തെയും ഗുരുതരമായി ബാധിക്കുമെന്നാണ് സൂചന. പത്ത് ലക്ഷത്തിനു മുകളില്‍ കളക്ഷന്‍ ലഭിച്ചിരുന്ന ഇവിടെ ഇപ്പോള്‍ എട്ടുലക്ഷത്തില്‍ താഴെയാണ് പ്രതിദിന കളക്ഷന്‍. ബസുകളുടെ അഭാവത്തിന്റെ പേരില്‍ മികച്ച കളക്ഷന്‍ ലഭിക്കുന്ന കോട്ടയം, തോപ്പുംപടി, ആലപ്പുഴ റൂട്ടുകളിലേക്കുള്ള സര്‍വീസുകളാണ് പതിവായി വെട്ടിക്കുറയ്ക്കുന്നത്. സ്വകാര്യബസ് ലോബിയുമായുള്ള ഡിപ്പോയിലെ ഉന്നതരില്‍ ചിലരുടെ ബന്ധമാണ് വരുമാനമേറിയ റൂട്ടുകളിലെ സര്‍വീസുകള്‍ പതിവായി ക്യാന്‍സല്‍ ചെയ്യുന്നതിന് കാരണമെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.