അരവണ, അപ്പം നിര്‍മ്മാണത്തില്‍ ശുചിത്വം ഉറപ്പാക്കണം: ഹൈക്കോടതി

Friday 20 November 2015 8:30 pm IST

കൊച്ചി: ശബരിമലയില്‍ അപ്പം അരവണ നിര്‍മ്മാണത്തില്‍ കര്‍ശന ശുചിത്വം ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍, ശബരിമല സ്‌പെഷ്യല്‍ ഓഫീസര്‍ എന്നിവരുടെ കര്‍ശന നിരീക്ഷണം ഇക്കാര്യത്തിലുണ്ടാകണമെന്നും ഉത്തരവില്‍ പറയുന്നു. മണ്ഡല മകരവിളക്ക് സീസണിലെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ജസ്റ്റിസ് തോട്ടത്തില്‍. ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ശബരിമല അയ്യപ്പസേവാ സമാജം അന്നദാനത്തിന് അനുമതി തേടി സമര്‍പ്പിച്ച അപേക്ഷ ഹൈക്കോടതി നിരസിച്ചു. ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ മണ്ഡല മകരവിളക്ക് ഉത്സവകാലത്ത് വൈദ്യുതി തടസമുണ്ടാകരുതെന്ന് നിര്‍ദ്ദേശം നല്‍കി. പമ്പാ മലിനീകരണത്തിനെതിരെ നടപടി സ്വീകരിക്കാന്‍ കൂടുതല്‍ പൊലീസിനെ നിയോഗിക്കാന്‍ പമ്പ എസ്.ഐയ്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് വിശദീകരിച്ചു. പമ്പ സ്‌പെഷ്യല്‍ ഓഫീസര്‍ (പൊലീസ്) ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. പമ്പ, അരുവികള്‍, ജലസംഭരണി തുടങ്ങിയവ മലിനപ്പെടുത്തുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം മൂന്നു മാസം വരെ തടവു ശിക്ഷ ലഭിക്കുമെന്നും ഹൈക്കോടതി വിശദീകരിച്ചു. ശബരിമലയില്‍ പാലിക്കേണ്ട കര്‍ശന നിയമങ്ങള്‍ എല്ലാ ജില്ലകളിലും നോട്ടീസ് ബോര്‍ഡുകള്‍ സ്ഥാപിച്ചു ജനങ്ങളെ അറിയിക്കണം. ഇതിനു പുറമേ ശബരിമല സന്നിധാനം, നിലയ്ക്കല്‍, പമ്പ, കാനനപാത, എന്നിവിടങ്ങളില്‍ രണ്ടു മൂന്ന് പ്രധാന സ്ഥലങ്ങളിലും അറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കണം. മലയാളത്തിനു പുറമേ ഇംഗഌഷ്, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും അറിയിപ്പുകള്‍ രേഖപ്പെടുത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.