പാലം നിര്‍മ്മണം പൂര്‍ത്തിയായി; അപ്രോച്ച് റോഡായില്ല

Friday 20 November 2015 10:03 pm IST

ആലുവ: വകുപ്പ് മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ ഉളിയന്നൂര്‍ ഏലൂക്കര പാലം നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ആറു മാസം കഴിഞ്ഞിട്ടും അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം ആദ്യഘട്ടം പോലും ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. 2010 ലാണ് പാലവും അനുബന്ധ റോഡിന്റെ അലൈമെന്റ് കേരളാ റോഡ് ആന്റ് ബ്രിഡ്ജ്‌സില്‍ നിന്നും നടപടിക്രമം പൂര്‍ത്തിയാകുകയും, 2011 ല്‍ ഇതിന്റെ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. 2012-ല്‍ ഉളിയന്നൂര്‍ ഭാഗത്തെ അപ്രോച്ച് റോഡിന്റെ അലൈമെന്റ് രാഷ്ട്രീയ നേതാക്കളുടെ താല്‍പര്യ പ്രകാരം മാറ്റാന്‍ ശ്രമം ആരംഭിച്ചത് സംബന്ധിച്ച തര്‍ക്കത്തില്‍ എത്തി. റോഡിന്റെ നിര്‍മ്മാണം മുടങ്ങി. ആദ്യ അലൈമെന്റ് പ്രകാരം ആലുവ ടൗണിലേക്ക് 2.5 കി. മീറ്റര്‍ ദൂരമാണ് ഉണ്ടായിരുന്നത്. പുതിയതായി നടത്താന്‍ ശ്രമിക്കുന്ന റോഡിന്റെ ദൂരം 3.5 കി. മീറ്ററായി മാറുകയും അപകടം സൃഷ്ടിക്കുന്ന 12 വളവുകള്‍ കൂടുതലായി വരുകയും ചെയ്തു. ഇതുമൂലം മുപ്പത്തടം, ഏലൂക്കര ഭാഗത്തുനിന്ന് ആലുവ ടൗണിലേക്ക് പോകുന്നവാഹനങ്ങള്‍ക്ക് കോടികള്‍ മുടക്കി നിര്‍മ്മിച്ച പാലത്തിന്റെയും റോഡിന്റെയും പ്രസക്തി നഷ്ടപ്പെടുന്നു. പ്രദേശത്തെ ജനങ്ങളും, രാഷ്ട്രീയപാര്‍ട്ടിയും, സംഘടനകളും ഇതുമായി ബന്ധപ്പെട്ട മേഖലകളില്‍ പരാതി നല്‍കി. അടുത്തകാലത്ത് ചില വ്യക്തികളുടെ സ്വകാര്യ പദ്ധതികള്‍ മുന്‍കൂട്ടി കണ്ടാണ് റോഡിന്റെ അലൈന്‍മെന്റ് മാറ്റാന്‍ ശ്രമിക്കുന്നത്. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് ഇതിന് തടസ്സമായി വന്നപ്പോള്‍ ചില ഉദ്യോഗസ്ഥ - രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ഫലമായി ഭൂവുടമകളെ ഭീഷണിപ്പെടുത്തുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.