പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസ് ബിജെപി പ്രവര്‍ത്തകരെ വെറുതെ വിട്ടു

Saturday 21 November 2015 9:48 am IST

കോഴിക്കോട്: പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച കേസില്‍ ബിജെപി പ്രവര്‍ത്തകരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. പുതിയാപ്പയില്‍ ഡിവൈഎഫ്‌ഐ നടത്തിയ പൊതുയോഗത്തിനിടയില്‍ പോലീസിനെയും ഡിവൈഎഫ് ഐക്കാരെയും ആക്രമിച്ചെന്ന കേസിലാണ് ബിജെപി പ്രവര്‍ത്തകരായ മിത്രന്‍, പുഷ്‌ക്കരന്‍ എന്നിവരടക്കമുള്ള 21 പേരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടത്. കോഴിക്കോട് ജില്ലാ അഡീഷണല്‍ സെഷ ന്‍സ് കോടതി (അഞ്ച്) ജഡ്ജി ജോണി സെബാസ്റ്റ്യനാണ് ഇവരെ വെറുതെ വിട്ടത്. 2013 ഫെബ്രുവരി ഏഴിന് രാത്രി 9.30ന് പുതിയാപ്പ ഹാര്‍ബറിന് മുന്‍വശം കോഴിക്കോട്-കണ്ണൂര്‍ തീരദേശ റോഡില്‍ വെച്ച് ബിജെപി നേതാക്കളായ മിത്രന്‍, പുഷ്‌ക്കരന്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറോളം വരുന്ന ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഡിവൈഎഫ്‌ഐക്കാരെ അക്രമിച്ചെന്നും തടയാന്‍ നോക്കിയ പോലീസുകാരെ അക്രമിച്ചെന്നാരോപിച്ച് വെള്ളയില്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വെള്ളയില്‍ എസ്‌ഐ വിവേകാനന്ദന്‍, അഡീഷണല്‍ എസ്.ഐ എംഎം പ്രകാശന്‍, എലത്തൂര്‍ എസ്.ഐ വാസുദേവന്‍, എ ആര്‍ ക്യാമ്പ് സീനിയര്‍ പോലീസ് ഓഫീസര്‍ ശ്രീലേഷ്‌കുമാര്‍ എന്നിവരെ അക്രമിച്ചെന്നാരോപിച്ചായിരുന്നു വെള്ളയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. പ്രതികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടവരാണെന്ന് പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് ജില്ലാ കോടതി പ്രതികളായവരെ വെറുതെ വിട്ടത്. പ്രതികള്‍ക്ക് വേണ്ടി അഡ്വ. പി.പി. സുരേന്ദ്രന്‍, അഡ്വ. രഘുനന്ദന്‍ എന്നിവര്‍ ഹാജരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.