ഇപ്പോഴും എപ്പോഴും സിനിമ തന്നെ ജീവിതം

Saturday 21 November 2015 5:00 pm IST

നിര്‍മാതാവ് സിനിമയിലെ അന്നദാതാവ്. ആ അന്നം മറന്നുകൊണ്ടുള്ള ഒരു കളിക്കും താനില്ലെന്നു പറഞ്ഞാണ് റഷീദ് വയനാട് മനസു തുറന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറില്‍ നിന്നും പ്രൊഡ്യൂസറുടെ ഉയര്‍ച്ചപ്പടിയിലേക്കു കാല്‍വെച്ച റഷീദിന്റെ നെറിവാണിത്. പതിമൂന്ന് ചിത്രങ്ങളുടെ നിര്‍മാണച്ചുമതലയില്‍ നിന്നും കിട്ടിയ ആത്മവിശ്വാസവും പക്വതയുമാണ് പുതിയ ചിത്രത്തിന്റെ നിര്‍മാണം ഏറ്റെടുക്കാന്‍ ഈ ചെറുപ്പക്കാരനു ശക്തിയായത്. റഷീദും ഡിവൈന്‍ ഫിലിംസും ചേര്‍ന്നു നിര്‍മിക്കുന്ന ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുകയാണ്. സെറ്റിലേക്കു വേണ്ട മൊട്ടു സൂചിയുടെ എണ്ണത്തിലും വലിപ്പത്തിലും വരെ കൃത്യതയും സുതാര്യതയും നോക്കുന്ന റഷീദ്, സ്വന്തം സിനിമയുടെ കാര്യത്തിലും കണക്കപ്പിള്ളയാണ്. എന്നാല്‍ ഒരു കുടുംബത്തിലെന്നപോലെ സെറ്റിലെല്ലാവര്‍ക്കും ആഹ്ലാദവും സംതൃപ്തിയും തന്നെ. സിനിമക്കുള്ളിലെ സിനിമ അനാവരണം ചെയ്യുന്ന മുഴുനീള കോമഡി ചിത്രമാണ് ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ. സുഹൈലും മൈഥിലിയുമുള്‍പ്പെടെ നാല്‍പ്പതോളം താരങ്ങളുണ്ട് ചിത്രത്തില്‍. എല്ലാം പെട്ടെന്നായിരുന്നുവെന്നു പറയും പോലെ സിനിമയിലെത്തിയത് യാദൃഛികമായി. സിനിമയില്‍ വന്നപ്പോഴാണ് സിനിമാക്കമ്പം ഉണ്ടായത്. അപ്പോഴത് ആകസ്മികതയുടെ ആഹഌദമായി. ഡയറക്ടര്‍ രഞ്ജിത്ത് സാറുമായി നല്ല ബന്ധമാണെന്നും അതാണ് സിനിമയിലേക്കുള്ള തന്റെ വരവായതെന്നും ഈ കല്‍പ്പറ്റക്കാരന്‍ പറയുന്നു. ആദ്യം പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്. പിന്നെ മാനേജര്‍, കണ്‍ട്രോളര്‍. ഇപ്പോള്‍ നിര്‍മാതാവും. അതും ആകസ്മികം. അഞ്ചുവര്‍ഷം കൊണ്ട് മലയാളം, തമിഴ്, തെലുങ്ക്,കന്നഡ ഭാഷകളിലായി പതിമൂന്നു ചിത്രങ്ങള്‍. ഡ്യൂപഌക്കേറ്റ്, അന്ന, മുകില്‍... എല്ലാം സിനിമയിലെ ട്വിസ്റ്റു പോലെ. നിര്‍മാതാവായതും അങ്ങനെ.പിന്നേയുമുണ്ട് പ്രത്യേകതകള്‍. രഞ്ജിത്തിന്റെ ചേട്ടന്‍ രാജീവ് ബാലകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ. അനുജന്റെ നന്ദനം മുതല്‍ ലോഹംവരെയുള്ള സിനിമകളില്‍ ഉണ്ടായിരുന്നു ഈ ചേട്ടന്‍. സിനിമ വഴി മുടക്കുമോ എന്ന ആശങ്കയിലായിരുന്നു ആദ്യം വീട്ടുകാര്‍. അത് വഴിയും ജീവിതവുമായപ്പോള്‍ ആധിമാറി സന്തോഷമായി. റഷീദിന് പന്ത്രണ്ട് വയസുള്ളപ്പോഴാണ് നാല്‍പ്പത്തെട്ടാം വയസില്‍ ബാപ്പ അബ്ദുള്ള മരിക്കുന്നത്. അന്ന് ഉമ്മയോടും നാല് പെങ്ങമ്മാര്‍ക്കുമൊപ്പം നിലവിളിയുടേയും മരവിപ്പിന്റേയും നിലയില്ലാക്കയത്തിലായിരുന്നു. ബാപ്പ കെട്ടിപ്പൊക്കിയതെല്ലാം പോയി. ബിസിനസ് തകര്‍ന്നു. കടകള്‍ അന്യാധീനമായി. കുടുംബം പുലര്‍ത്താന്‍ ആ കടകളില്‍ തന്നെ റഷീദ് എന്ന കൗമാരക്കാരന്‍ ജോലിക്കു പോയി. പിന്നീടെല്ലാം കടങ്കഥകളെക്കാള്‍ കേമമായിരുന്നു. റഷീദിന്റെ ആത്മാര്‍ഥതയും സങ്കടവും കണ്ട് കടക്കാരന്‍ കടകള്‍ തിരിച്ചേല്‍പ്പിച്ചു. ജീവിത തീയില്‍ ഉരുകിയൊലിച്ച് അനുഭവത്തിന്റെ ലാവയില്‍ കുതിക്കുമ്പോള്‍ ചെറുപ്പത്തില്‍ കണ്ട സ്വപ്‌നങ്ങളെല്ലാം പിന്നാലെ വന്ന് നക്ഷത്രങ്ങളായി കൂടുകൂട്ടുകയാണെന്ന് റഷീദ് അറിയുകയായിരുന്നു. നാല് പെങ്ങമ്മാരേയും കെട്ടിച്ചയച്ചു. ഒരാളുടെ ജീവിതം പലരുടേയും അനുഗ്രഹമാണ്. തനിക്കു കിട്ടിയ കാരുണ്യവും സ്‌നേഹവും എവിടേയും പങ്കുവെക്കുകയാണിന്നു റഷീദ്. പുതുമുഖങ്ങള്‍ക്കു തന്റെ ചിത്രങ്ങളില്‍ അവസരം കൊടുക്കുന്നത് അതുകൊണ്ടാണ്. എത്രയോ വാതിലുകള്‍ക്കു മുന്‍പില്‍ നോ എന്നു കേട്ടവരായിരിക്കും അവരെന്ന വിചാരമാണ് റഷീദിന്. സിനിമയില്‍ എല്ലാവരുമായി നല്ല സൗഹൃദമാണ്. പരസ്പ്പര സ്‌നേഹവും ആദരവുമുള്ളതുകൊണ്ട് എപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും വിളിപ്പുറത്തുണ്ടാകും. സിനിമ മാസ്മരിക വലയമായിരിക്കാം. തനിക്കങ്ങനെ തോന്നിയിട്ടില്ല. ഇപ്പോള്‍സിനിമ തന്നെയാണ് ജീവിതം. ഒറ്റ ദിവസംകൊണ്ട് പേരും പെരുമയുമായി നക്ഷത്രങ്ങളില്‍ ചേക്കേറുന്നവരുണ്ട്. പക്ഷേ അതിനു പിന്നില്‍ അനേകരുടെ വിയര്‍പ്പുണ്ട്,പ്രൊഡ്യൂസറുടെ മുതല്‍ പ്രൊഡക്ഷന്‍ ബോയ്‌സിന്റെ വരെ. താരങ്ങള്‍ ആകാശത്തു നിന്നു താഴേക്കു നോക്കുമ്പോള്‍ ഇതു കാണണം. കാണാത്തപ്പോഴാണ് തമോഗര്‍ത്തങ്ങളിലാകുന്നത്, റഷീദ് പറയുന്നു. നിര്‍മാതാവായിത്തന്നെ തുടരാനാണ് ആഗ്രഹം. ഒരുബിഗ് ബജറ്റ്് ഉള്‍പ്പടെ മൂന്നു ചിത്രങ്ങളാണ് മനസ്സില്‍. ഇതിനിടയില്‍ വീട്ടില്‍ ആളില്ലെന്നും വിവാഹം ഉടനെ വേണമെന്നും ഉമ്മ ഖദീജ. സഹോദരിമാരായ റസിയ, ജുമൈല, റംല, ഷാജിദ എന്നിവര്‍ക്കും അതേ നിര്‍ബന്ധം. ഒന്നും ഉറപ്പിച്ചു പറയാതെ ഒരു ചിരിത്തന്മയിലൊതുക്കുന്നു റഷീദ്.മനസില്‍ കണ്ടതെല്ലാം ലൈവാകുന്ന സംതൃപ്തിയിലാണ് സിനിമയ്ക്കുള്ളിലും അതിന്റെ ആഡംബരം ഒട്ടുമില്ലാതെ തനി വയനാടന്‍കാരനാകുന്ന ഈ ചെറുപ്പക്കാരന്‍.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.