ശനിദോഷമകറ്റുന്നമൂര്‍ത്തി

Monday 23 November 2015 1:11 pm IST

സര്‍വ്വ ഭൂത ദയാപരാ രക്ഷരക്ഷ മഹാബാഹോ ശാസ്‌ത്രേ തുഭ്യം നമോ നമഃ കലിയുഗവരദനാണ് ശ്രീ ധര്‍മ്മശാസ്താവ്. അതിന്നാല്‍ കലി കല്മഷം അകറ്റാന്‍ ശാസ്താ പ്രീതി ഉത്തമമാണ്. ജ്യോതിഷപ്രകാരം ശനിയുടെ അധിപനാണ് ശാസ്താവ്. അതിനാല്‍ കഠിനമായ ശനിദോഷത്തില്‍ നിന്ന് രക്ഷനേടാന്‍ ശബരിമല ദര്‍ശനംശ്രേഷ്ഠമാണ്. പാപഗ്രഹമായ ശനി കറുത്തുമെലിഞ്ഞ് നീണ്ട ശരീരവും വലിയ പല്ലും കഠിന സ്വഭാവവും പിംഗല വര്‍ണമുള്ള കുഴിഞ്ഞ കണ്ണുകളും ഒക്കെയുള്ള ഭീകരരൂപിയായിട്ടാണ് സങ്കല്‍പ്പിയ്ക്കുന്നത്. ഒരുമനുഷ്യായുസ്സിന്റെ പകുതിയിലധികവും പാപഗ്രഹമായശനിയുടെ പിടിയിലാണ്. മാലിന്യമുള്ള ഇടങ്ങളിലും ശാസ്താസാന്നിദ്ധ്യവുമുള്ളിടത്താണ് ശനിയുടെ വാസം. കാക്കയാണ് വാഹനം. ശനി അനുകൂലമായി വന്നാല്‍ സര്‍വ്വ സൗഭാഗ്യങ്ങളും ലഭിയ്ക്കും. പാണ്ഡവര്‍ക്കും നളനും രാജ്യം മുമ്പത്തേക്കാളും സമൃദ്ധിയോടെ തരിച്ചു ലഭിച്ചത് ശനീശ്വരന്റെ അനുഗ്രഹത്താല്‍ തന്നെയാണ്. ശനി അനിഷ്ടസ്ഥാനത്താണെങ്കില്‍ സര്‍വ്വകാര്യ പരാജയവും കടവും നാശവുമാണ്ഫലം. ഏഴരശനി, കണ്ടകശനി, ശനിദശ മറ്റ് ദശാസന്ധികളിലെ അപഹാരം തുടങ്ങിയ കാലയളവില്‍ ദോഷങ്ങള്‍ക്കിടവരുന്നു. ശനിദേവന്‍, ശിവന്‍, ശാസ്താവ്, ഗണപതി, ഹനുമാന്‍,എന്നീ ദേവന്മാരെ പൂജിച്ചാരാധിച്ച് തൃപ്തിപ്പെടുത്തിയാല്‍ ശനിദോഷമെല്ലാമകലുകയും സൗഖ്യം വന്നുചേരുകയും ചെയ്യും. ശനിദോഷത്തെ ഇല്ലായ്മചെയ്യുന്നതിന് ശബരീശ ദര്‍ശനം ഏറെ നല്ലതാണ്. അയ്യപ്പനെ ഭജിയ്ക്കുന്നതിന് ഉത്തമമായ കാലം മണ്ഡലകാലംതന്നെയാണ്. അതികഠിനമായ ശനിയെ ഇല്ലാതാക്കുവാന്‍ സാധുക്കള്‍ക്ക് അന്നദാനം, അയ്യപ്പക്ഷേത്രത്തില്‍ നീരാഞ്ജനം തെളിയിക്കല്‍ എന്നിവവിശേഷമാണ്. ശനിയാഴ്ച ദിനത്തില്‍ ജലപാനം പോലുമില്ലാതെ പൂര്‍ണ്ണ ഉപവാസം ചെയ്ത് രണ്ടുനേരം ക്ഷേത്ര ദര്‍ശനം നടത്തി സാധുക്കള്‍ക്ക് ഭക്ഷണവും നല്‍കി.12 ആഴ്ചവ്രതം അനുഷ്ഠിച്ചാല്‍ ശനിദോഷത്തിന് കുറവുണ്ടാവും. കരിക്കഭിഷേകം, ദുരിതശാന്തിയ്ക്കും ആരോഗ്യ വര്‍ദ്ധനവിനും ഉത്തമമാണ്. വ്രതദിനങ്ങളില്‍ നെയ്യഭിഷേകം നടത്തിയാല്‍ പാപശാന്തിയ്ക്ക് ഉത്തമമാണ്. ഭസ്മാഭിഷേകം ചെയ്യുന്നത് വിദ്യാവിജയത്തിനും വിഘ്‌ന നിവാരണത്തിനും ത്വക്ക് രോഗശാന്തിയ്ക്കും നന്ന്. എള്ളു പായസം അയ്യപ്പസ്വാമിയുടെ ഉത്തമ നിവേദ്യമാണ്. അഭീഷ്ട സിദ്ധി പാപശാന്തി എന്നിവയ്‌ക്കെല്ലാം അത് ഉത്തമം തന്നെയാണ്. എള്ളു തിരി കത്തിയ്ക്കലും, നീലശംഖു പുഷ്പാര്‍ച്ചനയും ശനിദോഷനിവാരണത്തിന് വിശേഷമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.