സിപിഎമ്മില്‍ പൊട്ടിത്തെറി; ആലപ്പുഴയില്‍ കൂട്ടരാജി

Saturday 21 November 2015 6:52 pm IST

ആലപ്പുഴ: ജില്ലയില്‍ ഒരിടവേളയ്ക്കുശേഷം സിപിഎമ്മില്‍ വിഭാഗീയത വീണ്ടും ശക്തമാകുന്നു. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡന്റിനെ നിശ്ചയിച്ചതിനെച്ചൊല്ലിയുണ്ടായ അഭിപ്രായഭിന്നതയെത്തുടര്‍ന്ന് മാന്നാര്‍ ഏരിയയിലെ ചെന്നിത്തല, തൃപ്പെരുന്തുറ ലോക്കല്‍ കമ്മറ്റികളിലെ ഒരാളൊഴികെ എല്ലാവരും രാജിവച്ചു. ഇവിടുത്തെ 21 ബ്രാഞ്ചുസെക്രട്ടറിമാരും പാര്‍ട്ടി ചുമതല ഒഴിഞ്ഞു. ജില്ലാ സെക്രട്ടറി സജി ചെറിയാനെതിരെ ഇവര്‍ സംസ്ഥാന, കേന്ദ്ര നേതൃത്വത്തിന് പരാതി അയയ്ക്കുകയും ചെയ്തു. നേരത്തെ തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കമ്മറ്റിയുടെ വിപ്പ് ലോക്കല്‍ കമ്മറ്റി ലംഘിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇ.എന്‍. നാരായണന്‍, പഞ്ചായത്തംഗം ഡി. ഗോപാലകൃഷ്ണന്‍, മാന്നാര്‍ ഏരിയ കമ്മറ്റിയംഗം കെ. സദാശിവന്‍പിള്ള എന്നിവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. മൂവരും വിഎസ് പക്ഷക്കരാണ്. ഇതില്‍ പ്രതിഷേധിച്ചാണ് കൂട്ടരാജി. ഇരുലോക്കല്‍ കമ്മറ്റികളിലെയും 26 പേരില്‍ 25 പേരും രാജിവച്ചു. രണ്ടു ലോക്കല്‍ സെക്രട്ടറിമാരും 21 ബ്രാഞ്ചു സെക്രട്ടറിമാരും സംസ്ഥാന കമ്മറ്റിക്ക് രാജിക്കത്തയച്ചു. ജില്ലാ സെക്രട്ടറി സജി ചെറിയാനെതിരെ കടുത്ത ആരോപണങ്ങളാണ് രാജിവച്ചവര്‍ ഉന്നയിച്ചിട്ടുള്ളത്. സ്വന്തം പ്രതിനിധിയെ പ്രസിഡന്റാക്കണമെന്നായിരുന്നു സജി ചെറിയാന്റെ നിലപാട്. ഇതിനെ എതിര്‍ത്തതിന്റെ പകപോക്കലാണ് തനിക്കുള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉണ്ടായതെന്ന് ഇ.എന്‍. നാരായണന്‍ പറയുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് നല്‍കിയിട്ടില്ലെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെ വിപ്പ് പഞ്ചായത്താഫീസിന്റെ മേശപ്പുറത്തു വച്ച് മടങ്ങുകയായിരുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.