സംഗീത സാഗരത്തിലെ പഞ്ചരത്‌നങ്ങള്‍ പെയ്തിറങ്ങിയപ്പോള്‍ ശ്രീകൃഷ്ണനഗരി ആനന്ദനിര്‍വൃതിയിലായി

Saturday 21 November 2015 7:14 pm IST

ഗുരുവായൂര്‍: ഭക്തിയും, ഘോഷവും, സംഗീതവും സമന്വയിച്ച ഗുരുവായൂരപ്പ സന്നിധിയില്‍ പഞ്ചരത്‌ന കീര്‍ത്തനങ്ങള്‍ സംഗീത തേന്‍മഴയായി പെയ്തിറങ്ങിയത്, ആസ്വാദക വൃന്ദത്തിന് അമൃതധാരയായി. ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് നടന്നു വരുന്ന ചെമ്പൈ സംഗീതോത്സവത്തിലെ അതിപ്രധാനമായ പഞ്ചര്തന കീര്‍ത്തനാലാപനമാണ് ഇന്നലെ ക്ഷേത്രനഗരിയില്‍ സംഗീതപ്രേമികളെ ആനന്ദനിര്‍വൃതിയില്‍ ആറാടിച്ചത്. അനുഭവ തീഷ്ണമായ സംഗീത സ്മരണകള്‍ പെയ്തിറങ്ങിയ ചെമ്പൈ സംഗീത മണ്ഡപത്തില്‍ നാദങ്ങളുടേയും, വാദ്യങ്ങളുടേയും സമന്വയത്തില്‍ അരങ്ങേറിയ പഞ്ചരത്‌ന കീര്‍ത്തനാലാപനം, അക്ഷരാര്‍ത്ഥത്തില്‍ ഭൂലോക വൈകുണ്ഠമായ ഗുരുവായൂരിനെ സംഗീത പാല്‍ക്കടലാക്കുകയായിരുന്നു. നാദബ്രഹ്മത്തിന്റെ അമൃതം നുകരാന്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ ആയിരങ്ങള്‍ക്ക് നിര്‍വൃതിയുടെ അമൃതനിമിഷങ്ങള്‍ സമ്മാനിച്ചാണ് പഞ്ചരത്‌നകീര്‍ത്തനാലാപനം തേന്‍മഴയായി പെയ്തിറങ്ങിയത്. പ്രത്യേകം തെരഞ്ഞെടുത്ത പ്രഗത്ഭരും പ്രശസ്തരുമായ നൂറിലധികം സംഗീതജ്ഞര്‍ സംഗീത വേദിയില്‍ അണിനിരന്ന് ത്യാഗരാജ സ്വാമികളുടെ കീര്‍ത്തനങ്ങളില്‍ പഞ്ചരത്‌നങ്ങളായ നാട്ട-ഗൗള-ആരഭി-വരാളി-ശ്രീ എന്നീ രാഗങ്ങളിലുള്ള ജഗദാനന്ദ കാരക......ദുഡുഗുഗലനന്നെ......സാദിഞ്ചനെ....കനകനരുചിര... എന്തൊരുമഹാനുഭാവലു എന്നീ കീര്‍ത്തനങ്ങള്‍ ആലപിച്ചപ്പോള്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലും പരിസരത്തുമായി തിങ്ങി നിറഞ്ഞിരുന്ന ആസ്വാദകവൃന്ദം എല്ലാം മറന്ന് അതിലലിഞ്ഞു പാടി. സൗരാഷ്ട്ര രാഗത്തില്‍ ശ്രീഗണപതിം എന്ന കീര്‍ത്തനം ആലപിച്ച ശേഷമായിരുന്നു പഞ്ചര്തന കീര്‍ത്തനാലാപനത്തിന് തുടക്കിട്ടത്. എന്‍.പി.രാമസ്വാമി, പി.ആര്‍.കുമാരകേരള വര്‍മ്മ, പാല സി.കെ.രാമചന്ദ്രന്‍, മണ്ണൂര്‍ എം.പി.രാജകുമാരനുണ്ണി, നെടുങ്കുന്നം വാസുദേവന്‍, ഡോ.ഗുരുവായൂര്‍ മണികണ്ഠന്‍, വി.ആര്‍. ദിലീപ്കുമാര്‍, ആനയടി പ്രസാദ്, വെള്ളിനേഴി സുബ്രഹ്മണ്യം, ഡോ: ഇ.എന്‍. സജിത്, എം.എസ്. പരമേശ്വരന്‍, ആര്‍.വി. വിശ്വനാഥന്‍, ആലപ്പുഴ ശ്രീകുമാര്‍, കൊല്ലം ജി.എസ്. ബാലമുരളി, കെ. മുരളീധരനുണ്ണി, അരൂര്‍ പി.കെ. മനോഹരന്‍, കോട്ടക്കല്‍ രഞ്ജിത് വാര്യര്‍, അഭിരാം ഉണ്ണി, ഡോ: കെ. ഓമനക്കുട്ടി, ഡോ: വിജയലക്ഷ്മി സുബ്രഹ്മണ്യം, പാല്‍ക്കുളങ്ങര അംബികാദേവി, ഡോ: മാലിനിമനോഹരന്‍, വൈക്കം രാജമ്മാള്‍, കെ. ഗിരിജാവര്‍മ്മ, രഞ്ജിനി വര്‍മ്മ, സുകുമാരി നരേന്ദ്രമേനോന്‍, ഡോ: എന്‍. മിനി, ഗീതാദേവി വാസുദേവന്‍, മേഘനാ സത്യമൂര്‍ത്തി, ലക്ഷ്മി കൃഷ്ണകുമാര്‍, എസ്. ശര്‍മ്മിള, എസ്. ശകുന്തള, ജ്യോതി കമ്മത്ത്, എറണാകുളം ജയലക്ഷ്മി, എന്‍.ജെ. നന്ദിനി, ഭാവനാ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പഞ്ചരത്‌നം ആലപിച്ചപ്പോള്‍, തിരുവിഴ ശിവാനന്ദന്‍, എസ്.ഈശ്വരവര്‍മ്മ, നെല്ലായി കെ.വിശ്വനാഥന്‍, ചെമ്പൈ വെങ്കിട്ടരാമന്‍, തിരുവിഴ വിജു എസ്. ആനന്ദ്, തിരുവനന്തപുരം സമ്പത്ത്, തിരുവനന്തപുരം മഹാദേവന്‍, കിള്ളിക്കുറിശ്ശിമംഗലം രമേഷ്, ഗുരുവായൂര്‍ നാരായണന്‍, ബിന്ദു കെ. ഷേണായി, വൃന്ദാവര്‍മ്മ, പാര്‍വ്വതി വെങ്കിടാചലം, കോടമ്പള്ളി ഗോപകുമാര്‍ തുടങ്ങിയവര്‍ വയിലിനിലും, തിരുവനന്തപുരം വി. സുരേന്ദ്രന്‍, എ.കെ.രാമചന്ദ്രന്‍, വൈക്കം വേണുഗോപാല്‍, കടനാട് വി.കെ. ഗോപി, എന്‍. ഹരി, ഡോ: കുഴല്‍മന്ദം രാമകൃഷ്ണന്‍, തിരുവന്തപുരം എം. ബാലസുബ്രഹ്മണ്യം, കെ.എം.എസ്. മണി, തൃശൂര്‍ ബി. ജയറാം, നാഞ്ചില്‍ അരുള്‍, ചങ്ങനാശ്ശേരി സതീഷ്‌കുമാര്‍, ആലുവ ഗോപാലകൃഷ്ണന്‍, ആര്‍. ശ്യാമകൃഷ്ണന്‍, ബോംബൈ ഗണേഷ് തുടങ്ങിയവര്‍ മൃദംഗത്തിലും, ഉഡുപ്പി ശ്രീധര്‍, കോവൈ സുരേഷ്, മാഞ്ഞൂര്‍ ഉണ്ണികൃഷ്ണന്‍, കോട്ടയം ഉണ്ണികൃഷ്ണന്‍, ഉഡുപ്പി ബാലകൃഷ്ണന്‍, വാഴപ്പള്ളി കൃഷ്ണകുമാര്‍, ഹരിപ്പാട് ശേഖര്‍, അഞ്ചല്‍ കൃഷ്ണയ്യര്‍, മങ്ങാട് പ്രമോദ്, കുമരകം ഗണേഷ് ഗോപാല്‍, ആലുവ രാജേഷ്, തിരുവന്തപുരം രാജേഷ് എന്നിവര്‍ ഘടത്തിലും, കോട്ടയം മുരളി, പയ്യന്നൂര്‍ ഗോവിന്ദ പ്രസാദ്, തിരുനക്കര രതീഷ്, ഗോപി നാദലയ, താമരകുടി രാജശേഖരന്‍, നെയ്യാറ്റിന്‍കര കൃഷ്ണന്‍ മുഖര്‍ശംഖിലും, നന്ദകുമാര്‍ എടയ്ക്കയിലും, ഡോ: പത്മാ വര്‍മ്മ വീണയിലും പഞ്ചരത്‌നകീര്‍ത്തനാലാപനത്തിന് പക്കമേളമൊരുക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.