കൊല്ലം: നാല്പത്തൊമ്പതാമത് കേരള സ്കൂള്‍ ശാസ്ത്രോത്സവം 24 മുതല്‍ 28 വരെ കൊല്ലത്ത് നടക്കും. ശാസ്ത്രമേള, സയന്‍സ് നാടകം, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, പ്രവൃത്തിപരിചയമേള, ഐടിമേള, വൊക്കേഷണല്‍ എക്സ്പോ, കരിയര്ഫെസ്റ്റ് എന്നീ മേളകളിലാണ് മത്സരങ്ങളെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കൊല്ലം ബോയ്സ് എച്ച്എസ്എസ്, സെന്റ് അലോഷ്യസ്, സെന്റ് ജോസഫ്, എസ്എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്കൂള്‍, ക്രിസ്തുരാജ് എന്നിവിടങ്ങളിലായാണ് ശാസ്ത്രോത്സവം നടക്കുന്നത്.
യുപി, എച്ച്എസ്. ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി 14 ജില്ലകളില്‍ നിന്ന് 264 ഇനങ്ങളിലായി പതിനായിരത്തില്പരം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും.
മേളയോടനുബന്ധിച്ചുള്ള വൊക്കേഷണല്‍ എക്സ്പോയില്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച വിവിധ ഉല്പന്നങ്ങളുടെ പ്രദര്‍ശനവും നടക്കും. കരിയര്ഫെസ്റ്റില് വിവിധ കമ്പനികള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഇന്റര്‍വ്യൂ നടത്തുന്നുണ്ട്.
മത്സരങ്ങളില്‍ എ, ബി, സി, ഗ്രേഡുകള്‍ ലഭിക്കുന്നവര്‍ക്ക് ഗ്രേസ് മാര്‍ക്കും ക്യാഷ് അവാര്‍ഡും ട്രോഫികളും വിദ്യാഭ്യാസ വകുപ്പ് നല്‍കും. 24ന് വൈകിട്ട് 4ന് സ്വാഗതസംഘം ചെയര്മാന് പി.കെ. ഗുരുദാസന് എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ മന്ത്രി പി.കെ. അബ്ദുറബ്ബ് മേള ഉദ്ഘാടനം ചെയ്യും.
എംപിമാരായ എന്‍.കെ. പ്രേമചന്ദ്രന്. കൊടിക്കുന്നില്‍ സുരേഷ്, കെ.സി. വേണുഗോപാല്‍, എംഎല്‍എമാരായ എംഎ. ബേബി, എ.എ. അസീസ്, കോവൂര്കുഞ്ഞുമോന്, ജി.എസ്. ജയലാല്‍, കെ.ബി. ഗണേഷ്കുമാര് എന്നിവര്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ എഡിപിഐ എന്‍. വിശ്വലത, ടി. പ്രസന്നകുമാര്‍, ഡി. വിമല, എ. ഷാനവാസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: