പാഠപുസ്തക വിതരണം: യുവമോര്‍ച്ച ഡിപിഐ ഓഫീസ് ഉപരോധിച്ചു

Saturday 21 November 2015 8:11 pm IST

തിരുവനന്തപുരം: അധ്യയനവര്‍ഷം അവസാനിക്കാന്‍ നാലു മാസം മാത്രം ശേഷിക്കെ പാഠപുസ്തകവിതരണം പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഡിപിഐ ഓഫീസ് ഉപരോധിച്ചു. ഡിസംബര്‍ 14ന് ക്രിസ്തുമസ് പരീക്ഷ ആരംഭിക്കാനിരിക്കെയാണ് അധികൃതരുടെ അനാസ്ഥമൂലം പാഠപുസ്തകവിതരണം പൂര്‍ത്തിയാകാത്തതെന്ന് ഉപരോധത്തിന് നേതൃത്വം നല്‍കിക്കൊണ്ട് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍ പറഞ്ഞു. 1.39 ലക്ഷം പാഠപുസ്തകങ്ങളാണ് രണ്ടാംഘട്ടത്തില്‍ വിതരണം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ 70,000 പാഠപുസ്തകങ്ങള്‍ പോലും വിതരണം ചെയ്തിട്ടില്ല. പാഠപുസ്തകവിതരണം അട്ടിമറിച്ചതിന് പിന്നില്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദു റബ്ബാണ്. സ്വകാര്യ പ്രസ്സുകളെ സഹായിക്കാനാണ് വിദ്യാഭ്യാസമന്ത്രി ബോധപൂര്‍വം പാഠപുസ്തക അച്ചടി വൈകിപ്പിച്ചത്. ഈ അഴിമതി സിറ്റിംഗ് ജഡ്ജി അന്വേഷിക്കണമെന്നും സുധീര്‍ ആവശ്യപ്പെട്ടു. എത്രയും വേഗം പാഠപുസ്തകങ്ങള്‍ എല്ലാ സ്‌കൂളുകളിലും എത്തിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് യുവമോര്‍ച്ച നേതൃത്വം നല്‍കുമെന്ന് അഡീഷണല്‍ ഡിപിഐയെ ഉപരോധിച്ചു കൊണ്ടു നടന്ന സമരത്തില്‍ സുധീര്‍ മുന്നറിയിപ്പു നല്‍കി. മൂന്നു ദിവസത്തിനുള്ളില്‍ എല്ലാ സ്‌കൂളുകളിലും പാഠപുസ്തകങ്ങള്‍ എത്തിക്കുമെന്ന് അഡീഷണല്‍ ഡിപിഐ പറഞ്ഞു. ഈ ഉറപ്പിന്മേല്‍ യുവമോര്‍ച്ച ഉപരോധസമരം അവസാനിപ്പിച്ചു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് മുളയറ രതീഷ്, സംസ്ഥാന സമിതി അംഗങ്ങളായ നിശാന്ത്, സമ്പത്ത്, ജില്ലാ ജനറല്‍സെക്രട്ടറിമാരായ ചന്ദ്രകിരണ്‍, അരുണ്‍, വൈസ് പ്രസിഡന്റുമാരായ രഞ്ജിത് ചന്ദ്രന്‍, സെക്രട്ടറിമാരായ എം.എ. ഉണ്ണിക്കണ്ണന്‍, കരമന പ്രവീണ്‍, പ്രശാന്ത് എന്നിവര്‍ ഉപരോധസമരത്തിന് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.