പമ്പ സര്‍വീസുകള്‍ കെഎസ്ആര്‍ടിസി അട്ടിമറിക്കുന്നു

Saturday 21 November 2015 8:33 pm IST

തിരുവനന്തപുരം: മണ്ഡലകാലമായതോടെ കറവപ്പശുവായ പമ്പസര്‍വീസ് അട്ടിമറിക്കാന്‍ കെഎസ്ആര്‍ടിസിയില്‍ ഗൂഢാലോചന. നഷ്ടത്തില്‍ നിന്നു നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസിക്ക് ശബരിമല തീര്‍ഥാടനസമയം ചാകരക്കാലമാണ്. എന്നാല്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കാതെ അട്ടിമറിക്കു ശ്രമിക്കുകയാണ് കെഎസ്ആര്‍ടിസിയിലെ ഒരുവിഭാഗം. മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പുതന്നെ തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ നിന്ന് എസി ലോ ഫ്‌ളോര്‍ ബസുകളുടെ സര്‍വീസ് ഉണ്ടായിരിക്കുമെന്ന് ഗതാഗതമന്ത്രിയുടെ നേതൃത്വത്തില്‍ അധികൃതര്‍ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച കെഎസ്ആര്‍ടിസി പത്രക്കുറിപ്പും ഇറക്കിയിരുന്നു. എന്നാല്‍ മണ്ഡലകാലം ആരംഭിച്ച് ഇത്ര ദിവസമായിട്ടും ലോ ഫ്‌ളോര്‍ സര്‍വീസ് ഒരു ഡിപ്പോയില്‍ നിന്നും പമ്പയിലേക്ക് ആരംഭിച്ചിട്ടില്ല. മുന്‍ വര്‍ഷങ്ങളില്‍ നിലയ്ക്കല്‍ വരെ പല ഡിപ്പോകളില്‍ നിന്നും എസി ലോ ഫ്‌ളോര്‍ സര്‍വീസ് നടത്തിയിരുന്നു. ഇക്കുറി നിലയ്ക്കലില്‍ നിന്നു പമ്പവരെ അയ്യപ്പന്മാരെ കൊണ്ടുപോകാന്‍ എസി ഇല്ലാത്ത ലോ ഫ്‌ളോര്‍ ബസ്സുകളാണ് ഉപയോഗിക്കുന്നത്. പക്ഷേ എസി ബസ്സുകള്‍ നിലയ്ക്കലിലേക്ക് ഓടിക്കില്ലെന്ന വാശിയിലാണ് ഒരുവിഭാഗം. ഓണ്‍ലൈന്‍ ബുക്കിങ്ങിന് സാധിക്കുന്നില്ല. നേരിട്ട് അന്വേഷിക്കുന്നവരെ നിരുത്സാഹപ്പെടുത്തുന്നു. തത്കാലം ലോ ഫ്‌ളോര്‍ സര്‍വീസ് ഉണ്ടായിരിക്കില്ലെന്നുമാണ് മറ്റൊരാളിന് ലഭിച്ച മറുപടി. വേണ്ടത്ര റിസര്‍വേഷന്‍ കിട്ടാത്തതിനാലാണ് ലോ ഫ്‌ളോര്‍ സര്‍വീസ് ആരംഭിക്കാത്തതെന്നായിരുന്നു കെഎസ്ആര്‍ടിസി എംഡി ആന്റണി ചാക്കോയുടെ ആദ്യവിശദീകരണം. ബുധനാഴ്ച മുതല്‍ ലോ ഫ്‌ളോര്‍ സര്‍വീസ് ആരംഭിക്കാനിരിക്കുകയാണ്. ഇന്നലെ ട്രയല്‍ റണ്‍ നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.