രാജിവെച്ചവരോട് വിട്ടുവീഴ്ചയില്ലെന്ന് സിപിഎം ജില്ലാനേതൃത്വം

Saturday 21 November 2015 8:33 pm IST

ആലപ്പുഴ: ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തില്‍ വിപ്പ് ലംഘിച്ചതിന്റെ പേരില്‍ പുറത്താക്കിയവരോട് വിട്ടുവീഴ്ച്ച ചെയ്യില്ലെന്ന് സിപിഎം ജില്ലാനേതൃത്വം. പുറത്താക്കിയവരെ തിരിച്ചെടുക്കില്ലെന്നും വിപ്പ് ലംഘിച്ചവര്‍ സംസ്ഥാനനേതൃത്വത്തിന്റെ നിര്‍ദേശം അട്ടിമറിച്ചെന്നും വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മാന്നാര്‍ ഏരിയകമ്മറ്റി യോഗത്തില്‍ ജില്ലാനേതൃത്വം വിശദീകരിച്ചു. 24 ലോക്കല്‍ കമ്മറ്റി അംഗങ്ങളുടേയും രാജി ഏരിയ കമ്മറ്റി സ്വീകരിച്ചു. അതേസമയം, രാജിവെച്ചവര്‍ പിബി ക്കും സംസ്ഥാന സമിതിക്കും പരാതി അയച്ചു. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ചതിന്റെ പേരില്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്നു പേരെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് രണ്ട് ലോക്കല്‍ കമ്മറ്റികളില്‍ ആകെയുള്ള 26 പേരില്‍ 24 പേരും 22 ബ്രാഞ്ച് സെക്രട്ടറിമാരും നേതൃത്വത്തിന് രാജി നല്‍കി. തുടര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മാന്നാര്‍ ഏരിയകമ്മറ്റി യോഗത്തിലാണ് സിപിഎം ജില്ലാസെക്രട്ടറി സജി ചെറിയാന്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. മൂന്ന് പേരെ പുറത്താക്കിയ നടപടി ചെന്നിത്തലയില്‍ സിപിഎമ്മിനെ തകര്‍ക്കുമെന്ന് രണ്ട് ഏരിയ കമ്മറ്റി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, ജില്ലാനേതൃത്വം നേരിട്ട് പ്രദേശത്തെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നായിരുന്നു ജില്ലാസെക്രട്ടറി സജി ചെറിയാന്റെ വിശദീകരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.