സമത്വമുന്നേറ്റ യാത്രയ്ക്ക് നാളെ തുടക്കം; രാഷ്ട്രീയ മാറ്റത്തിന് കാതോര്‍ത്ത് കേരളം

Saturday 21 November 2015 10:56 pm IST

  ആലപ്പുഴ/ കാസര്‍കോട്: നവകേരള സൃഷ്ടിയും അവഗണനയിലാണ്ട ഭൂരിപക്ഷ സമുദായങ്ങളുടെ ഐക്യവും ലക്ഷ്യമിട്ട് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വ മുന്നേറ്റയാത്രയ്ക്ക് നാളെ തുടക്കമാകും. 23ന് രാവിലെ 9.30ന് മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ കെടാവിളക്ക് തെളിയിക്കും. വൈകുന്നേരം 3 മണിക്ക് കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സജ്ജമാക്കിയിരിക്കുന്ന വേദിയില്‍ നടക്കുന്ന പൊതു സമ്മേളനത്തിന് ശേഷം മാറ്റത്തിന്റെ ശംഖൊലി മുഴക്കി യാത്ര അനന്തപുരിയിലേക്ക് പ്രയാണം ആരംഭിക്കും. ഡിസംബര്‍ അഞ്ചിന് വൈകിട്ട് ശംഖുംമുഖം കടപ്പുറത്ത് അഞ്ചുലക്ഷം പേര്‍ പങ്കെടുക്കുന്ന മഹാസംഗമത്തോടെ യാത്ര അവസാനിക്കും. പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനവും അന്ന് ഉണ്ടാകുമെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചു. ഭൂരിപക്ഷ ഐക്യത്തിനും ഉന്നതിക്കുമായി എന്‍എസ്എസ്സുമായി ചര്‍ച്ച നടത്താനും എസ്എന്‍ഡിപി തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. സമത്വമുന്നേറ്റ യാത്രയില്‍ നിന്നും ഒഴിവാകാന്‍ യോഗക്ഷേമസഭയ്ക്കുമേല്‍ ഇടതു വലതു മുന്നണികള്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരി വെളിപ്പെടുത്തി. സമുദായത്തിന് ആനുകൂല്യങ്ങള്‍ നല്‍കാമെന്നാണ് പ്രലോഭനം. എന്നാല്‍ യാത്രയില്‍ നിന്നും പിന്മാറില്ലെന്നും ഭൂരിപക്ഷ സമുദായ ഐക്യശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തില്‍ പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ തീര്‍ത്ഥ, സ്വാമി ശാരദാനന്ദ (ശിവഗിരിമഠം), സ്വാമി അമൃത കൃപാനന്ദപുരി( അമൃതാനന്ദമയീമഠം), സ്വാമി ആത്മസ്വരൂപാനന്ദ (ശ്രീരാമകൃഷ്ണാശ്രമം), സ്വാമി പ്രേമാനന്ദ (തീര്‍ത്ഥങ്കരാശ്രമം), സ്വാമി ഗോരഖ്‌നാഥ് (അഗസ്ത്യ സിദ്ധാശ്രമം), കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി എന്നിവര്‍ സമത്വ മുന്നേറ്റ ജ്യോതി പ്രകാശനം നിര്‍വ്വഹിക്കും. ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍, എസ്എന്‍ഡിപിയോഗം പ്രസിഡന്റ് എം.എന്‍. സോമന്‍, കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി. ബാബു, മലബാര്‍ നായര്‍ സമാജം പ്രസിഡന്റ് മഞ്ചേരി ഭാസ്‌കരന്‍പിള്ള, കേരള ധീവരസഭ പ്രസിഡന്റ് പി.ഡി. സോമകുമാര്‍, ജനറല്‍ സെക്രട്ടറി അഡ്വ. സുഭാഷ് നായരമ്പലം, സാംബവമഹാസഭ പ്രസിഡന്റ് ഐ. ബാബു, മുന്നാക്കസമുദായ സംരക്ഷണ മുന്നണി പ്രസിഡന്റ് സി.എസ്. നായര്‍, തുഷാര്‍ വെളളാപ്പള്ളി തുടങ്ങിയവര്‍ സംസാരിക്കും. അക്കീരമണ്‍ കാളിദാസ ഭട്ടതിരി അദ്ധ്യക്ഷത വഹിക്കും. യാത്ര കടന്നുപോകുന്ന ജില്ലയിലെ മുഴുവന്‍ പ്രവര്‍ത്തകരും മറ്റു ജില്ലകളില്‍ നിന്നുള്ള നേതാക്കളുമാകും പങ്കെടുക്കുക. അമ്പതോളം വാഹനങ്ങള്‍ സ്ഥിരമായി യാത്രയിലുണ്ടാകും. യാത്രയോടനുബന്ധിച്ച് പതിനഞ്ചു മിനിട്ടു ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്ര പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. അതതുജില്ലകളിലെയും പ്രദേശങ്ങളിലെയും വിഷയങ്ങളും ഭൂരിപക്ഷ സമുദായങ്ങള്‍ നേരിടുന്ന അവഗണനയും ചൂണ്ടിക്കാട്ടുന്നവയാണ് ചിത്രങ്ങള്‍. 24ന് രാവിലെ 10ന് തളിപ്പറമ്പ്, വൈകിട്ട് 3ന് കണ്ണൂര്‍, 25ന് രാവിലെ 10ന് വടകര, വൈകിട്ട് 3 ന് കോഴിക്കോട്, 26ന് രാവിലെ 10ന് മലപ്പുറം, വൈകിട്ട് 3ന് മണ്ണാര്‍കാട്, 27ന് രാവിലെ 10ന് പാലക്കാട്, വൈകിട്ട് 3ന് വടക്കാഞ്ചേരി, 28ന് രാവിലെ 10ന് തൃശൂര്‍, വൈകിട്ട് 3ന് ചാലക്കുടി, 29ന് രാവിലെ 10ന് ആലുവ, വൈകിട്ട് 3ന് മൂവാറ്റുപുഴ, 30ന് രാവിലെ 10ന് അടിമാലി, വൈകിട്ട് 3ന് കോട്ടയം, ഡിസംബര്‍ ഒന്നിന് രാവിലെ 10ന് വൈക്കം, വൈകിട്ട് 3ന് പുന്നപ്ര, രണ്ടിന് രാവിലെ 10ന് മാവേലിക്കര, വൈകിട്ട് 3ന് ചെങ്ങന്നൂര്‍, മൂന്നിന് രാവിലെ 10ന് പത്തനംതിട്ട, വൈകിട്ട് 3ന് കൊല്ലം ചാത്തന്നൂര്‍, നാലിന് വാഹനങ്ങളുടെ അകമ്പടിയോടെ തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയില്‍ സ്വീകരണം, വൈകിട്ട് 5ന് ശംഖു മുഖത്ത് മഹാസമ്മേളനവും നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.