മാമം വാഹനാപകടം: മെഡിക്കല്‍ കോളേജ് കണ്ണീര്‍ക്കടലായി

Saturday 21 November 2015 10:53 pm IST

പേട്ട: കഴിഞ്ഞ ദിവസം മാമം പാലത്തിലുണ്ടായ വാഹനാപകടത്തില്‍പ്പെട്ടവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചതോടെ ആശുപത്രിയിലെ അത്യാഹിത വിഭാഗം കണ്ണീര്‍ കടലായി മാറി. ഉറ്റവരുടെയും ഉടയവരുടെയും വാവിട്ട കരച്ചിലും സഹായത്തിനായി എത്തിയ നാട്ടുകാരുടെ വിതുമ്പലും കൊണ്ട് ആശുപത്രി പരിസരും ദുഃഖത്തിലാഴ്ന്നു. അത്യാഹിതത്തിലെത്തിയ അപകടത്തിനിരയായ മുപ്പത് പേരില്‍ ഏറെയും ഗുരുതരാവസ്ഥയിലാണ്. പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള കോരാണിയിലെ സര്‍ക്കാര്‍ ഐറ്റിഐയിലെയും ചിറയിന്‍കീഴ് ശാരാവിലാസം സ്‌കൂളിലെയും വിദ്യാര്‍ത്ഥികളാണ് അധികവും. ആശുപത്രി പരിസരത്ത് തിങ്ങിക്കൂടിയത് ജനത്തെ നിയന്ത്രിക്കാന്‍ പോലീസിന് ഏറെ ബുദ്ധിമുട്ടേണ്ടിവന്നു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് മോഹന്‍ദാസ്, ജനറല്‍ മെഡിസിന്‍ മേധാവി ശ്രീനാഥ്, ഓര്‍ത്തോ സര്‍ജ്ജറി മേധാവി സുള്‍ഫിക്കറടക്കമുള്ളവര്‍ അപകടത്തില്‍പ്പെട്ട് കൊണ്ടുവരുന്ന രോഗികള്‍ക്ക് ചികിത്സ ഒരുക്കുന്നതിനും അപകടത്തില്‍പ്പെട്ടവരെ അന്വേഷിച്ചെത്തുന്ന ബന്ധുക്കള്‍ക്ക് വിശദവിവരം നല്‍കുന്നതിനും മുന്‍നിരയില്‍ തന്നെ പ്രവര്‍ത്തന നിരതരായി. എന്നാല്‍ അത്യാഹിത വിഭാഗത്തില്‍ വേണ്ടത്ര ഡോക്ടര്‍മാരുടെ കുറവ് ചികിത്സയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചു. ഓര്‍ത്തോ, സര്‍ജറി, കമ്മ്യൂണിറ്റി മെഡിസിന്‍, ജനറല്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളിലായി രണ്ട് വീതവും ഒഎംഎഫ് ഇഎന്റ്‌റി എന്നീ വിഭാഗങ്ങളായി ഓരോ പേര്‍ വീതവുമടങ്ങുന്ന പത്ത് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പിജി വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്‍മാരുമാണ് തുടക്കത്തില്‍ അപകടത്തില്‍പ്പെട്ടവരെ പരിശോധിച്ചത്. അത്യാഹിതത്തിലെത്തുന്ന രോഗികളുടെ എണ്ണം ക്രമാതീതമായതോടെ ഡോക്ടര്‍മാരെ അത്യാഹിതവിഭാഗത്തില്‍ എത്തിക്കുകയായിരുന്നു. അടിയന്തിര ചികിത്സായ ഘട്ടത്തില്‍പോലും അത്യാഹിത വിഭാഗത്തില്‍ ആവശ്യം വേണ്ട ഡോക്ടര്‍മാര്‍ ഇല്ലായെന്നത് വീണ്ടും യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. അത്യാഹിത വിഭാഗത്തില്‍ കൂടുതല്‍ ഡോക്ടര്‍മാര്‍ വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടും ബന്ധപ്പെട്ട ആരോഗ്യവകുപ്പോ സര്‍ക്കാരോ നടപടിയെടുത്തില്ല. അതേസമയം അപകടത്തില്‍പ്പെട്ടവര്‍ക്ക് രക്തം നല്‍കാന്‍ ബാങ്കില്‍ ആവശ്യത്തിന് രക്തമില്ലായെന്നത് ചികിത്സയ്ക്ക് പ്രതികൂല സാഹചര്യമൊരുക്കി. ബന്ധുക്കളുടെയും സഹപാഠികളുടെയും നേതൃത്വത്തില്‍ പുറമെ നിന്നുള്ളവരാണ് ഒടുവില്‍ രക്തം നല്‍കിയത്. എന്നാല്‍ പുറമെ നടത്തുന്ന രക്തദാന ക്യാമ്പുകളില്‍ നിന്നും രക്തം എടുക്കാന്‍ വേണ്ട ജീവനക്കാരില്ലാത്തതാണ് രക്തബാങ്കില്‍ രക്തത്തിന് കുറവ് വരാന്‍ കാരണമായതെന്ന് പറയുന്നത്. സേവാഭാരതി നിരവധി തവണ രക്തദാന ക്യാമ്പ് നടത്താന്‍ തീരുമാനിച്ച് ആശുപത്രി അധികൃതരെ അറിയിച്ചപ്പോള്‍ രക്തം എടുക്കാന്‍ വരാന്‍ ആളില്ലായെന്ന മറുപടിയാണ് ആശുപത്രി അധികൃതരില്‍ നിന്നു ഉണ്ടായതെന്ന് സേവാഭാരതി പ്രവര്‍ത്തകര്‍ പറഞ്ഞു. അത്യാഹിതങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രാഥമിക ചികിത്സ ലഭ്യമാക്കാന്‍ അത്യാഹിത വിഭാഗത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സേവനം വിപുലമാക്കണമെന്ന് അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.