റിപ്പബ്ലിക് ദിന പരേഡ്: ഫ്രഞ്ച് പ്രസിഡന്റ് മുഖ്യാതിഥിയാകും

Saturday 21 November 2015 11:07 pm IST

ന്യൂദല്‍ഹി: 2016 ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിനപരേഡില്‍ ഇത്തവണ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോങ് മുഖ്യാതിഥിയാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം ഫ്രഞ്ച് പ്രസിഡന്റ് സ്വീകരിച്ചതായാണ് വിവരമെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ഒക്‌ടോബറിലാണ് ഫ്രഞ്ച് പ്രസിഡന്റിനെ ക്ഷണിച്ചുകൊണ്ട് പ്രധാനമന്ത്രി കത്ത് അയച്ചത്. കഴിഞ്ഞ ദിവസം ദല്‍ഹിയിലെത്തിയ ഫ്രഞ്ച് വിദേശകാര്യമന്ത്രി ലോറന്റ് ഫാബിയസ് ഇക്കാര്യത്തില്‍ അനുകൂല തീരുമാനം ആയെന്ന് ഭാരത വിദേശകാര്യ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. പാരീസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ ഐ.എസ് ഭീകരര്‍ക്കെതിരെ ശക്തമായ നടപടികളുമായി ഫ്രാന്‍സ് മുന്നോട്ടുപോകുന്നതിനിടെയാണ് ഫ്രഞ്ച് പ്രസിഡന്റ് റിപ്പബ്ലിക്ദിനപരേഡ് കാണുന്നതിനായി എത്തുന്നത്. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേലുമായിരുന്നു മുഖ്യാതിഥികള്‍. 13/11 പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രഞ്ച് പ്രസിഡന്റിനെ റിപ്പബ്ലിക് പരേഡിന് മുഖ്യാതിഥിയായി ലഭിച്ചത് ഭാരതത്തിന്റെ വലിയ നയതന്ത്ര വിജയമായാണ് കണക്കാക്കപ്പെടുന്നത്. ഐക്യരാഷ്ട്രസഭയിലെ സുരക്ഷാ സമിതി സ്ഥിരാംഗത്വം ലക്ഷ്യമിട്ട് ഭാരതം നടത്തുന്ന ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ സന്ദര്‍ശനം. ഫ്രാന്‍സ്വ ഒലോങിനു പുറമേ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജയ് ബ്രേ തുടങ്ങിയവരെയും ന്യൂദല്‍ഹി പരിഗണിച്ചെങ്കിലും പാരീസ് ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഫ്രഞ്ച് പ്രസിഡന്റിന് ക്ഷണം ഉറപ്പാകുകയായിരുന്നു. ഫ്രഞ്ച് പ്രസിഡന്റുമാരായ നിക്കോളാസ് സര്‍ക്കോസി, ജാക്ക്വിസ് ചിരസ് എന്നിവര്‍ ഇതിന് മുമ്പ് റിപ്പബ്ലിക് പരേഡിന് മുഖ്യാതിഥികളായിട്ടുണ്ട്. ശീതയുദ്ധ കാലത്തു മുതല്‍ ഭാരതവും ഫ്രാന്‍സും തമ്മില്‍ സജീവമായ നയതന്ത്രബന്ധമുണ്ട്. ഫ്രഞ്ച് പ്രസിഡന്റിന്റെ വരവോടെ റാഫേല്‍ യുദ്ധവിമാന കരാര്‍ അടക്കമുള്ള കാര്യങ്ങള്‍ക്ക് ഗതിവേഗം കൂടുമെന്നുറപ്പാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.