സിപിഎം- പോലീസ് അച്ചുതണ്ടിനെതിരെ അഞ്ചാലുംമൂട്ടില്‍ ബിജെപി മാര്‍ച്ച്

Sunday 22 November 2015 10:38 am IST

അഞ്ചാലുംമൂട്: സിപിഎം-പോലീസ് അച്ചുതണ്ടിനെതിരെ ബിജെപി പെരിനാട് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. വോട്ടെണ്ണല്‍ കഴിഞ്ഞ് ആഹ്ലാദ പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകരെ അക്രമിച്ച സിപിഎം ക്രിമിനലുകളെ അറസ്റ്റ് ചെയ്യുക, തെരഞ്ഞെടുപ്പ് തലേന്ന് കുഴിയം വാര്‍ഡിലെ സിപിഐ സ്ഥാനാര്‍ത്ഥിക്ക് നേരെയുണ്ടായ അക്രമം ക്രൈംബ്രാഞ്ച് അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. പാവൂര്‍ വായലില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് സ്റ്റേഷന് മുന്നില്‍ പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. ബാരിക്കേഡ് മറികടിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം ബിജെപി കുണ്ടറ മണ്ഡലം സെക്രട്ടറി ടി.കെ. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് സംരക്ഷിക്കുകയാണെന്നും ഇതിന് പിന്നിലുള്ളത് ഭരണമാറ്റഭയമാണെന്നും അദ്ദേഹം ആരോപിച്ചു. സമാധാനപരമായി വിജയഘോഷം നടത്തിയ പ്രവര്‍ത്തകരെ യാതൊരു പ്രകോപനവും കൂടാതെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവം നടന്ന് ആഴ്ചകള്‍ പിന്നിടുമ്പോഴും പ്രതികളില്‍ പലരും പോലീസ് ഒത്താശയോടെ നടക്കുന്നത് കേരളത്തിലെ പോലീസ്‌സേനക്ക് തന്നെയാണ് അപമാനമാണ്. തെരഞ്ഞെടുപ്പിന്റെ തലേദിവസം കുഴിയം വാര്‍ഡിലെ സിപിഐ സ്ഥാനാര്‍ത്ഥിയെ അവരുടെ മുന്നണിക്കാര്‍ തന്ന അക്രമിച്ചിട്ട് അത് ബിജെപി പ്രവര്‍ത്തകരുടെ തലയില്‍ കെട്ടിവയ്ക്കുവാന്‍ ശ്രമിക്കുകയായിരുന്നു. ഈ സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം അവശപ്പട്ട് ആഭ്യന്തരമന്ത്രി ഉള്‍പ്പടെയുളളവര്‍ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് സമിതി പ്രസിഡന്റ് ഇടവട്ടം വിനോദ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി മഠത്തില്‍ സുനില്‍, ആര്‍എസ്എസ് അഞ്ചാലുംമൂട് നഗര്‍ കാര്യവാഹ് പെരിനാട് പ്രദീപ്, ഉമേഷ്ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സിപിഐയുടെ നേതാവും പെരിനാട് പതിനെട്ടാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ലെറ്റസ് ജെറോമിനാണ് വോട്ടെടുപ്പിന് തലേദിവസം രാത്രി മുഖമൂടിധാരികളുടെ അക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. പെരിനാട് പഞ്ചായത്ത് ഓഫീസിനു സമീപം ബൂത്ത് ഓഫീസ് കെട്ടിക്കൊണ്ടു നില്‍ക്കവെയായിരുന്നു അക്രമം. നിലവിളികേട്ട് സമീപത്ത് തെരഞ്ഞെടുപ്പ് കാര്യങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന ബിജെപി പ്രവര്‍ത്തകര്‍ ഓടിയെത്തുകയും ലെറ്റസിനെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. അതേസമയം അക്രമത്തെ ബിജെപി പ്രവര്‍ത്തകരുടെ തലയില്‍ എല്‍ഡിഎഫ് കെട്ടിവയ്ക്കുകയായിരുന്നു. പ്രദേശത്തെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പാണെന്ന് മനസിലാക്കി എല്‍ഡിഎഫ് ആസൂത്രിത അക്രമം നടത്തുകയായിരുന്നുവെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. കുഴിയത്ത് വാര്‍ഡില്‍ നിന്നു ജയിച്ച ബിജെപി സ്ഥാനാര്‍ത്ഥി ഉമേഷിന്റെ വിജയഹ്ലാദപ്രകടനത്തിന് നേരെയാണ് അക്രമണം ഉണ്ടായത്. പ്രകടനം പെരിനാട് വായനശാല ജംഗ്ഷന്‍ സമീപത്ത് എത്തിയപ്പോള്‍ സിപിഎം-ഡിവൈഎഫ്‌ഐ ക്രിമിനല്‍ സംഘം കല്ലുകളും കുപ്പികളും വലിച്ചെറിഞ്ഞ് അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ ബിജെപി പ്രവര്‍ത്തകരായ കണ്ണന്‍, അജയകുമാര്‍, സാജു, രാഹുല്‍, മനു എന്നിവര്‍ക്ക് തലക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.