ചെന്നിത്തല പഞ്ചായത്ത് ഭരണം ജില്ലാ നേത്വത്തിന്റെ പിടിവാശിക്കു വഴങ്ങില്ലെന്ന് വിമത വിഭാഗം

Sunday 22 November 2015 8:44 pm IST

മാന്നാര്‍: ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമ പഞ്ചായത്ത് ഭരണം സിപിഎം ജില്ലാ-ഏരിയ നേതൃത്വങ്ങളുടെ പിടിവാശിക്കു മുന്നില്‍ കീഴടങ്ങി മുന്നോട്ടുപോകില്ലെന്ന് പാര്‍ട്ടി പുറത്താക്കിയ പഞ്ചായത്ത് പ്രസിഡന്റ് ഇ.എന്‍.നാരായണന്‍ പറഞ്ഞു. ചെന്നിത്തലയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് പാര്‍ട്ടി നേതൃത്വത്തിനെതിരെ പ്രതികരിച്ചത്. രണ്ടു ലോക്കല്‍ കമ്മറ്റിയംഗങ്ങളിലെ 26ല്‍ 25 അംഗങ്ങളും ഒറ്റക്കെട്ടാണെന്നും ഇതിനു പുറമെ മാന്നാര്‍ ഏരിയ കമ്മറ്റിയിലെ ഗ്രാമത്തില്‍ നിന്നുള്ള മൂന്ന് പ്രതിനിധികള്‍ക്കും ഏക സ്വരമാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങളില്‍ ആശങ്കകള്‍ ഇല്ല. പാര്‍ട്ടിയിലെ ചില കഴുകന്മാരുണ്ടെന്നും അവരുടെ വികൃതമായ മുഖം പിച്ചിച്ചീന്തുമെന്നും ആ പേരുകള്‍ ഉടന്‍ പരസ്യമാകുമെന്നും ഇ.എന്‍.നാരായണെനൊപ്പം പങ്കെടുത്ത സിപിഎം അംഗങ്ങളായ ഡി.ഗോപാലകൃഷ്ണന്‍, വിനീത കുമാരി, ഓമനക്കുട്ടന്‍, ഉമാതാരാനാഥ് എന്നിവര്‍ പറഞ്ഞു. താഴേത്തലത്തില്‍ നിന്നും മുകളിലേക്കു പോകേണ്ടതായ തീരുമാനങ്ങള്‍ അടുത്ത സമയത്ത് തിരിച്ചാണുണ്ടാകുന്നതെന്ന ആശങ്കകളും നേതാക്കള്‍ പങ്കുവച്ചു. സിപിഐയിലെ ജയകുമാരിയെ പ്രസിഡന്റാക്കുന്ന കാര്യം തങ്ങളെ അറിയിക്കുകയോ ആലോചിക്കുകയോ ചെയ്തില്ല. തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നും ചെന്നിത്തല പഞ്ചായത്തില്‍ പ്രസിഡന്റായി മറ്റൊരാള്‍ വരികയില്ലെന്നും സിപിഎം അംഗങ്ങള്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.