അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ദൗത്യമാക്കണം: സര്‍ സംഘചാലക്

Sunday 22 November 2015 9:10 pm IST

ന്യൂദല്‍ഹി: രാമജന്മഭൂമിയിലെ രാമക്ഷേത്ര നിര്‍മ്മാണം സമൂഹത്തിന്റെയാകെ ദൗത്യമാക്കി മാറ്റണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ റാവു ഭാഗവത്. രോഗബാധിതനായി കിടന്ന അശോക് സിംഗാളിനെ കാണുന്നതിനായി ആശുപത്രിയിലെത്തിയ തന്നോട് സിംഗാള്‍ ആവശ്യപ്പെട്ട രണ്ടുകാര്യങ്ങള്‍ അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണ പൂര്‍ത്തീകരണവും വേദപ്രചാരണവുമാണ്. അയോധ്യയിലെ മന്ദിര നിര്‍മ്മാണം നമ്മുടെയെല്ലാം ലക്ഷ്യമാണ്. അതിനായി എന്തൊക്കെയാണോ ചെയ്യേണ്ടത് അതു എല്ലാവരും ഏറ്റെടുത്തു ചെയ്യണം, സര്‍സംഘചാലക് പറഞ്ഞു.അശോക് സിംഗാള്‍ ശ്രദ്ധാഞ്ജലി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഡോ.മോഹന്‍ റാവു ഭാഗവത്.  രാമക്ഷേത്ര നിര്‍മ്മാണമെന്നത് അശോക് സിംഗാളിന്റെ മാത്രമല്ല, നമ്മുടെയെല്ലാം കര്‍ത്തവ്യമാണ്. അദ്ദേഹം മാത്രമേ യാത്രയായിട്ടുള്ളൂ. അദ്ദേഹത്തിന്റെ ലക്ഷ്യം ഇനിയും ബാക്കിയാണ്. അശോക് സിംഗാളിന്റെ ശ്രദ്ധാഞ്ജലി ചടങ്ങില്‍ ക്ഷേത്രനിര്‍മ്മാണം വീണ്ടും എല്ലാവരുടേയും സ്മരണയിലേക്കെത്തിയത് നല്ലതുതന്നെയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ലക്ഷ്യത്തെ സ്വന്തം ലക്ഷ്യമാക്കിയെടുത്ത് വരുംവര്‍ഷങ്ങളില്‍ സിംഗാളിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി എല്ലാവരും പ്രയത്‌നിക്കണം, സര്‍സംഘചാലക് കൂട്ടിച്ചേര്‍ത്തു. ഹിന്ദുധര്‍മ്മത്തിലെ സംന്യാസിയും സേനാപതിയുമായിരുന്ന അശോക് സിംഗാളിന് അയോധ്യയില്‍ ക്ഷേത്രം നിര്‍മ്മിച്ചുകൊണ്ട് ഉചിതമായ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുമെന്ന് വിഎച്ച്പി അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഭായ് തൊഗാഡിയ പ്രഖ്യാപിച്ചു. അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണം ഹിന്ദുവിന്റെ അഭിമാനത്തിന്റെ പ്രശ്‌നമാണ്. സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍ സോമനാഥക്ഷേത്രം പുനരുദ്ധരിച്ച പോലെ അയോധ്യയിലെ മന്ദിര നിര്‍മ്മാണവും സാധ്യമാകണം. തൊട്ടുകൂടായ്മ ഇല്ലാത്ത ഭാരതത്തിനു വേണ്ടിയാണ് അശോക് സിംഗാള്‍ പ്രവര്‍ത്തിച്ചത്. ബ്രാഹ്മണന്മാരല്ലാത്ത ഒരുലക്ഷത്തോളം പേര്‍ക്ക് വേദാപരിശീലനം നല്‍കി ഗ്രാമങ്ങളിലെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയോഗിച്ചതുള്‍പ്പെടെയുള്ള നിരവധി പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം ഹിന്ദുധര്‍മ്മത്തില്‍ നിര്‍വഹിച്ചതെന്നും തൊഗാഡിയ പറഞ്ഞു. അശോക് സിംഗാളിന്റെ ജീവിതലക്ഷ്യം പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ഭാരത നിര്‍മ്മാണവും രാമക്ഷേത്ര നിര്‍മ്മാണവും ഒരുമിച്ചു പൂര്‍ത്തീകരിക്കേണ്ടതാണെന്ന് മുരളീ മനോഹര്‍ ജോഷി പറഞ്ഞു. ഭാരതമാതാവ് തന്റെ വിഷമങ്ങള്‍ സമൂഹത്തോട് പറയാന്‍ നിയോഗിച്ച ആളായിരുന്നു അശോക് സിംഗാളെന്ന് സ്വാധി ഋതംഭര പറഞ്ഞു. സംഘപരമ്പരയില്‍ വ്യക്തികള്‍ക്ക് സ്ഥാനമില്ലെങ്കിലും അശോക്ജിയുടെ സ്ഥാനം എന്നും അങ്ങനെതന്നെ ഇരിക്കുമെന്നും ഋതംഭര പറഞ്ഞു. വിഎച്ച്പി പ്രസിഡന്റ് രാഘവ റെഡ്ഡി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആര്‍എസ്എസ് സഹസര്‍കാര്യവാഹുമാരായ ഡോ.കൃഷ്ണഗോപാല്‍, ദത്താത്രേയ ഹൊസബളെ, കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, രവിശങ്കര്‍ പ്രസാദ്, ഡോ.ഹര്‍ഷവര്‍ദ്ധന്‍, ബിജെപി നേതാക്കളായ മീനാക്ഷി ലേഖി, തരുണ്‍ വിജയ്, മറ്റു പരിവാര്‍ പ്രസ്ഥാനങ്ങളുടെ നേതാക്കളായ ചമ്പത് റായ്, ഓംപ്രകാശ് സിംഗാള്‍, അശോക് സിങ് ചൗഹാന്‍, വിഷ്ണുഹരി ഡാല്‍മിയ, അഡ്വ.സജി നാരായണന്‍, വിവിധ സംന്യാസി മഠത്തിന്റെ പ്രതിനിധികളായ സ്വാമി ചിന്മയാനന്ദപുരി, സ്വാമി രാഘവേന്ദ്ര, നിജാമൃത ചൈതന്യ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. തിബറ്റന്‍ ബുദ്ധസംന്യാസിമാരുടെയും സിഖ് സമുദായത്തിന്റെയും പ്രത്യേക പൂജകളുമുണ്ടായിരുന്നു. രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി, ദലൈലാമ, സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്, പ്രകാശ് സിങ് ബാദല്‍, വിവിധ രാഷ്ട്രപ്രതിനിധികള്‍ തുടങ്ങിയ പ്രമുഖരുടെ അനുശോചന സന്ദേശങ്ങള്‍ ചടങ്ങില്‍ വായിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.