പരാജയത്തിന്റെ ജാള്യത മറയ്ക്കാനാണ് ബിജെപിക്കെതിരെ വി.ഡി. സതീശന്‍ ആരോപണമുന്നയിക്കുന്നുവെന്ന് ബിജെപി

Sunday 22 November 2015 9:54 pm IST

പറവൂര്‍: കോണ്‍ഗ്രസ്സിന് പറവൂരിലുണ്ടായ പരാജയത്തിന്റെ ജാള്യത മറയ്ക്കാനാണ് സതീശന്‍ ബിജെപിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് ബിജെപി പറവൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ടി.എ. ദിലീപ്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോട്ടുവള്ളി പഞ്ചായത്തില്‍ ബിജെപിയും എല്‍ഡിഎഫും തമ്മില്‍ രഹസ്യധാരണ എന്ന് പറഞ്ഞ് എംഎല്‍എ വി.ഡി. സതീശന്‍ രംഗത്ത് വന്നത് പറവൂര്‍ നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിനേറ്റ കനത്തപരാജയത്തിന്റെ ജാള്യത മറയ്ക്കാനാണ്. കോട്ടുവള്ളി പഞ്ചായത്തില്‍ സന്ധ്യാ കൃഷ്ണന്‍ വിജയിച്ച രണ്ടാം വാര്‍ഡില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തായിരുന്നു എന്ന കാര്യം സതീശന്‍ സൗകര്യപൂര്‍വ്വം മറച്ചുവയ്ക്കുകയാണ്. മറ്റ് മൂന്ന് വാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്ത് വന്നിടത്തെല്ലാം കോണ്‍ഗ്രസ്സ് മൂന്നാം സ്ഥാനത്തായിരുന്നു. വടക്കേക്കരയില്‍ ബിജെപി വിജയിച്ച നാല് വാര്‍ഡിലും രണ്ടാം സ്ഥാനത്ത് വന്ന നാല് വാര്‍ഡിലും കോണ്‍ഗ്രസ്സ് മൂന്നാമതായിരുന്നു. വരാപ്പുഴയിലും പറവൂര്‍ മുനിസിപ്പാലിറ്റിയിലും സമാനമായ സംഭവങ്ങളാണ് ഉണ്ടായത്. കോണ്‍ഗ്രസ്സ് ഭരണം ഉണ്ടായിരുന്ന ഏഴിക്കരയും ചേന്ദമംഗലവും നഷ്ടപ്പെട്ടതും ബിജെപി പല പഞ്ചായത്തുകളിലും അക്കൗണ്ട് തുറന്നതും 22,000ത്തില്‍ പരം വോട്ടുകള്‍ ബിജെപി പറവൂരില്‍ നേടിയതുമാണ് സതീശന് അങ്കലാപ്പിലാക്കിയത്. പ്രസിഡന്റ് പദവി പട്ടികജാതി വനിതയ്ക്കായി സംവരണം ചെയ്തിരിക്കുന്ന കോട്ടുവള്ളി പഞ്ചായത്തില്‍ ഈ വിഭാഗത്തില്‍ നിന്ന് ഒരു വനിതയെ വിജയിപ്പിക്കാന്‍ സാധിക്കാതെ പ്രസിഡന്റ് പദവി സിപിഎംന് കൊടുക്കേണ്ട ഗതികേടാണ് കോണ്‍ഗ്രസ്സിനുണ്ടായത്. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിച്ച പഞ്ചായത്ത് കമ്മിറ്റിക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച പാര്‍ട്ടിയാണ് ബിജെപി. ബിജെപി എല്‍ഡിഎഫ് ബന്ധം ആരോപിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള സതീശന്റെ നീക്കം ജനങ്ങള്‍ പുഛിച്ച് തള്ളുകയാണ് ചെയ്യുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.