ഗുരുവിനെപ്പറ്റി കോടിയേരിക്ക് ഒന്നുമറിയില്ലെന്ന് വെള്ളാപ്പള്ളി

Monday 23 November 2015 11:54 am IST

കാസര്‍കോട്: ശ്രീനാരായണ ഗുരുവിനെപ്പറ്റി സിപിഎം സംസ്ഥാന സെക്രട്ടറി കോ ടിയേരി ബാലകൃഷ്ണനോന്നും അറിയില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ചാട്ടവാര്‍ പ്രയോഗം കൊടിയേരിയുടെ പാര്‍ട്ടിയുടെ സംസ്‌കാരമാണോയെന്ന് ഞാന്‍ സംശയിച്ചാല്‍ തെറ്റ് തോന്നരുത്. ഗുരുവിനെകുറിച്ച് വ്യക്തമായി പഠിച്ചിരുന്നുവെങ്കില്‍ കോടിയേരി ഇത്തരത്തില്‍ പറയില്ലായിരുന്നു. ഗുരുവിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയാത്തതുകൊണ്ടാണ് കോ ടിയേരി ഇത്തരത്തിലുള്ള പ്രസ്താവനകളുമായി രംഗത്ത് വരുന്നതെന്ന് വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. ഗുരുവിനെ കുരിശിലേറ്റിയപ്പോള്‍ ഇടത് വലത് മുന്നണികള്‍ പ്രതികരിച്ചില്ല. മറ്റ് മതങ്ങള്‍ക്ക് നേരെയാണ് ഇത്തരത്തില്‍ ഒരു നടപടിയെങ്കില്‍ ഇവിടെ എന്താകുമായിരുന്നു. പിഎസ്‌സി നിലവിലുള്ള സംവരണ തത്വങ്ങളെല്ലാം പാലിച്ചു കൊണ്ട് നിയമനം നടത്താന്‍ തയ്യാറാണെങ്കില്‍ എസ്എന്‍ഡിപിയുടെ കീഴിലുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അധ്യാപക അനധ്യാപക നിയമനങ്ങള്‍ സര്‍ക്കാറിന് വിട്ട് കൊടുക്കാന്‍ തയ്യാറാണ്. ഇവിടെ ഞങ്ങളെക്കുറിച്ചുള്ള വ്യക്തമായ കണക്കുകള്‍ എല്ലാവരുടെയും കൈവശമുണ്ട്. പക്ഷെ മറ്റ് പലരുടെയും കൈവശമുള്ളതിന്റെ കണക്കുകള്‍ ആര്‍ക്കുമറിയില്ല. മുസ്ലിം, ക്രൈസ്തവ മതങ്ങളുടെ കീഴിലുള്ള വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലുള്ള സ്ഥാപനങ്ങളുടെ കണക്കുകള്‍ ആരുടെയും കൈകളിലില്ലെന്ന് വെള്ളാപ്പള്ളി പറയാതെ പറഞ്ഞുവെച്ചു. ഭൂമി, വിദ്യാഭ്യാസം, പണം ആരുടെ കൈകളിലാണ് ഇന്ന് ഉള്ളതെന്ന് വെള്ളാപ്പള്ളി ചോദിച്ചു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ മാത്രമാണ് യോജിക്കാത്തത്. അദ്ദേഹത്തിന്റെ കൂടെയുള്ള ആളുകള്‍ ഞങ്ങളുടെ കൂടെയാണ്. മലബാര്‍ നായര്‍ സമാജം, സമസ്ത നായര്‍ സമാജം തുടങ്ങിയവ യാത്രയുടെകൂടെ ചേര്‍ന്ന് കഴിഞ്ഞു. എന്‍എസ്എസുമായി ചര്‍ച്ചയ്ക്ക് ഞങ്ങള്‍ തയ്യാറാണ്. സുകുമാരന്‍ നായര്‍ക്ക് എത്രനാള്‍ മാറിനിന്ന് ഒറ്റയ്ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിയുമെന്ന് വെള്ളാപ്പള്ളി ചോദിച്ചു. എന്ത് കൊണ്ടാണ് എസ്എന്‍ഡിപി എന്‍എസ്എസ് ഐക്യത്തില്‍ നിന്ന് മാറി നിന്നതെന്ന കാരണം സുകുമാരന്‍ നായര്‍ പറയുന്നില്ലല്ലോയെന്ന് ചോദ്യത്തിനുത്തരമായി വെള്ളാപ്പള്ളി പറഞ്ഞു. എം.എം.ബഷീര്‍ കേരളത്തില്‍ മുഴുവന്‍ സമത്വ മുന്നേറ്റ യാത്രയില്‍ പ്രസംഗിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.ആശയത്തെ ആശയംകൊണ്ട് നേരിടണം അല്ലാതെ ആയുധംകൊണ്ട് നേരിടരുത്. സമത്വ മുന്നേറ്റ യാത്രയുടെ പോസ്റ്ററുകളില്‍ നിന്ന് എന്റെയും മകന്റെയും തലവെട്ടിക്കളയുന്ന സംസ്‌കാരം കേരളത്തിന് ചേര്‍ന്നതല്ല. മലബാറില്‍ അധികം അറിയപ്പെടാത്ത എന്നെ ഡിവൈഎഫ്‌ഐയുടെ എതിര്‍പ്പ് ഏറെ പ്രശസ്തനാക്കി. ഞങ്ങള്‍ ശക്തരാണെന്നതു കൊണ്ടാണ് അവര്‍ എതിര്‍ക്കുന്നത്. എതിര്‍പ്പുകള്‍ വര്‍ദ്ധിക്കുന്തോറും ഞങ്ങളുടെ ശക്തി വര്‍ദ്ധിക്കുകയും പ്രശസ്തരാകുകയുമാണ് ചെയ്യുന്നത്. രണ്ടാം ഭൂപരിഷ്‌കരണത്തിന് സമയമായെന്ന് വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു. സമത്വ മുന്നേറ്റയാത്ര തിരുവനന്തപുരത്ത് എത്തിച്ചേരുന്നതോടെ പുതിയ രാഷട്രീയ പാര്‍ട്ടിക്ക് രൂപംനല്‍കുമെങ്കിലും അതിന്റെ അദ്ധ്യക്ഷനാകാന്‍ ഞാനില്ലെന്ന് വെള്ളപ്പള്ളി പറഞ്ഞു. പക്ഷെ ഭാരവാഹി ആകുമോയെന്ന് കാര്യം ഇപ്പോള്‍ പരയാനാകില്ല. വിഎസ് അച്യുതാനന്ദന് ആരോ എഴുതികൊടുക്കുന്നത് വായിക്കുകമാത്രമാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന സമത്വമുന്നേറ്റ യാത്രയുടെ ഭാഗമായി കാസര്‍കോട് വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.