ഹരിനാമകീര്‍ത്തനങ്ങളുടെ അലയൊലിയില്‍ ഗുരുവായൂര്‍ ഏകാദശി

Sunday 22 November 2015 11:32 pm IST

ഗുരുവായൂര്‍: പതിനായിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുമുതിര്‍ന്ന ഹരിനാമകീര്‍ത്തനങ്ങളുടെ അലയൊലിയില്‍ ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. ഭഗവദ് വിഗ്രഹ ദര്‍ശന സുകൃതം നേടാന്‍ ഏകാദശി വ്രതം അനുഷ്ഠിച്ച് പതിനായിരങ്ങളാണ് ഇന്നലെ ഗുരുപവനപുരിയിലെത്തിയത്. ഏകാദശി ദിനത്തില്‍ ദേവസ്വത്തിന്റെ വകയായി ഇന്നലെ ഉദയാസ്തമന പൂജയുമുണ്ടായി. രാവിലെ ഉഷപൂജക്കു ശേഷം നടന്ന കാഴ്ചശീവേലിക്ക് ഗജരത്‌നം പത്മനാഭന്‍ ഭഗവാന്റെ തങ്കക്കോലമേറ്റി. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തിലുള്ള മേളത്തിന്റെ അകമ്പടിയില്‍ മൂന്നാനകളോടെ നടന്ന കാഴ്ച്ചശീവേലിക്ക് വിഷ്ണുവും, ഇന്ദ്രസെനും പറ്റാനകളായി. ഏകാദശി ദിനത്തിലാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയെന്നാണ് ഐതിഹ്യം. രാവിലെ പാര്‍ഥസാരഥി ക്ഷേത്രത്തിലേക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ നടന്ന എഴുന്നെള്ളിപ്പിന് ഗജരത്‌നം പത്മനാഭന്‍ ഭഗവാന്റെ തിടമ്പേറ്റി. വൈകുന്നേരം കേളി, മദ്ദളപ്പറ്റ്, തായമ്പക എന്നിവയുമുണ്ടായി. ഏകാദശി ഗീതാദിനം കൂടിയാണെന്നതിന്റെ ഭാഗമായി സന്ധ്യക്ക് പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് കൃഷ്ണന്‍ അര്‍ജുനന് ഗീതോപദേശം നല്‍കുന്നതിന്റെ പ്രതിമ സ്ഥാപിച്ച രഥം, നാമജപമന്ത്രങ്ങളോടെയും വാദ്യമേളങ്ങളോടെയും ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിച്ചു. രാത്രി വിളക്കെഴുന്നെള്ളിപ്പിന്റെ നാലാമത്തെ പ്രദക്ഷിണം ഇടക്കയുടെ അകമ്പടിയോടെ നടക്കുമ്പോള്‍ ക്ഷേത്രത്തിന്റെ അകത്തളം നെയ്‌വിളക്കിന്റെ നിറശോഭയില്‍ തെളിഞ്ഞുനിന്നു. മേളത്തിന്റെ അകമ്പടിയോടെയാണ് അഞ്ചാമത്തെ പ്രദക്ഷിണം. ഏകാദശിയുടെ സമാപനമായ ദ്വാദശി പണസമര്‍പ്പണം പുലര്‍ച്ചെ ഒരു മണിയോടെ ആരംഭിച്ചു.  നാളെ നടക്കുന്ന ത്രയോദശി ഊട്ടോടെ ഏകാദശി ചടങ്ങുകള്‍ പൂര്‍ത്തിയാകും. ഗുരുവായൂരപ്പന്‍ നേരിട്ട് ഭക്തന് ശ്രാദ്ധം ഊട്ടുന്നുവെന്ന സങ്കല്‍പ്പത്തിലാണ് ത്രയോദശി ഊട്ട് നല്‍കുന്നത്. ഏകാദശി വ്രതാനുഷ്ഠാനം പൂര്‍ണ്ണമാകണമെങ്കില്‍ “ദ്വാദശിപ്പണം’ വച്ച് നമസ്‌കരിക്കുക എന്ന ചടങ്ങ് പ്രധാനമാണ്. ദ്വാദശി ദിവസം രാവിലെ കുളിച്ച് ശുദ്ധമായി ഗുരുവായൂരപ്പനെ തൊഴുതശേഷമാണ് ഭക്തര്‍ ദ്വാദശിപ്പണം സമര്‍പ്പിക്കുക. ക്ഷേത്രകൂത്തമ്പലത്തില്‍ ദക്ഷിണ സ്വീകരിച്ച് അനുഗ്രഹിക്കാന്‍ അഗ്നി ഹോത്രികള്‍ ഉപവിഷ്ടരാകും.  പുലര്‍ച്ചെ ഒന്നു മുതല്‍ രാവിലെ എട്ടുവരെയാണ് ദ്വാദശിപണ സമര്‍പണചടങ്ങ്. ദ്വാദശി സമര്‍പണത്തിന് ശേഷം ഒമ്പതിന് ക്ഷേത്രനടയടക്കും. പിന്നീട് ഉച്ചതിരിഞ്ഞ് 4.30ന് ശുദ്ധിവരുത്തിയ ശേഷമാണ് നട തുറക്കുക. ദ്വാദശി പണമായി ലഭിക്കുന്ന തുക നാലായി വീതിച്ച് ഒരുഭാഗം ഗുരുവായൂരപ്പന് സമര്‍പ്പിക്കും. ബാക്കി തുക മൂന്നായി തിരിച്ച്  ശുകപുരം, പെരുവനം, ഇരിങ്ങാലക്കുട എന്നീ ഗ്രാമക്കാരായ അഗ്നി ഹോത്രികള്‍ വീതിച്ചെടുക്കും. യാഗാഗ്നി സംരക്ഷിക്കുന്നതിനും, വേദപഠനത്തി്‌നുമായാണ് ഈ തുക ഉപയോഗിക്കുക. ഏകാദശി വ്രതം നോറ്റവര്‍ക്കായി ദ്വാദശി ഊട്ടും നല്‍കും. നാളെ നടക്കുന്ന ത്രയോദശി ഊട്ടോടെയാണ് ഏകാദശി ചടങ്ങുകള്‍ക്ക് പരിസമാപ്തിയാവുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.