മുല്ലപ്പെരിയാര്‍: കേരളത്തിനെതിരെ ചിദംബരം

Saturday 17 December 2011 3:35 pm IST

ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതി വിധി തമിഴ്‌നാടിന് അനുകൂലമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം. പിറവത്തെ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് കേരളത്തിലെ രാഷ്ട്രീയ കക്ഷികളുടെ ബഹളമെന്നും ചിദംബരം ചെന്നൈയില്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാം തകരുമെന്ന കേരളത്തിന്റെ ആശങ്ക അനാവശ്യമാണ്. ഇപ്പോള്‍ ഉയര്‍ത്തുന്ന ആശങ്ക തെരഞ്ഞെടുപ്പ്‌ തീരുന്നതോടെ അവസാനിക്കുമെന്നും ചിദംബരം പറഞ്ഞു. തമിഴ്‌നാട്‌ കോണ്‍ഗ്രസ്‌ സംഘടിപ്പിച്ച മുല്ലപ്പെരിയാര്‍-കൂടംകുളം സംവാദത്തില്‍ സംസാരിക്കുകയായിരുന്നു ചിദംബരം. തമിഴ്‌നാടിന് വേണ്ടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ചത്. അവിടത്തെ ജലം തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകള്‍ക്ക് വേണ്ടിയുള്ളതാണ്. അതിനാല്‍ നമുക്ക് കുറച്ചു കാലം കൂടി കാത്തിരിക്കേണ്ടി വരും. ഫെബ്രുവരി ആദ്യ ആഴ്ചയിലേ രണ്ടാമത്തെ ആഴ്ചയിലോ മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മാര്‍ച്ച് മാസത്തോടെ സുപ്രീംകോടതി വിധി ഉണ്ടാകും. സുപ്രീംകോടതി വിധി തീര്‍ച്ചയായും തമിഴ്‌നാടിന് അനുകൂലമായിരിക്കും. അതിനാല്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ സംയമനം പാലിക്കണമെന്നും ചിദംബരം പറഞ്ഞു. പ്രശ്നത്തില്‍ ചര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യമുണ്ടാക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞതിനു പിന്നാലെയാണ് ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.