സപ്തഭാഷാ ഭൂമിയില്‍ ഇന്ന് സമത്വമുന്നേറ്റയാത്രയ്ക്ക് തുടക്കം

Monday 23 November 2015 12:48 am IST

കാസര്‍കോട്: സാമൂഹ്യ നീതി നിഷേധിക്കപ്പെട്ട കേരളത്തിലെ ഭൂരിപക്ഷ സമുദായങ്ങളുടെ നേതൃത്വത്തില്‍ സേവ് കേരള ബില്‍ഡ് കേരള എന്ന മുദ്രാവാക്യമുയര്‍ത്തി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നയിക്കുന്ന സമത്വ മുന്നേറ്റ യാത്രയ്ക്ക് സപ്തഭാഷാ സംഗമ ഭൂമിയായ കാസര്‍കോടിന്റെ മണ്ണില്‍ നിന്ന് ഇന്ന് തുടക്കമാകും. രാവിലെ 9.30ന് മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ നിന്ന് കെടാവിളക്ക് തെളിയിക്കും. വൈകുന്നേരം മൂന്നു മണിക്ക് കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് 200 ലധികം പേര്‍ക്കിരിക്കാവുന്ന പ്രത്രേകം സജ്ജമാക്കിയ മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിന് ശേഷം യാത്ര മാറ്റത്തിന്റെ ശംഖനാദം മുഴക്കി അനന്തപുരിയിലേക്ക് പ്രയാണം ആരംഭിക്കും. സമത്വ മുന്നേറ്റ യാത്രയുടെ ഉദ്ഘാടനം ആചാര്യവര്യന്‍മാര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ നിന്ന് ആദ്യമായിട്ടാണ് രാഷ്ട്രീയ കേരളം ആകാംഷയോടെ വീക്ഷിക്കുന്ന ഇത്തരത്തിലുള്ള ഒരു യാത്രയ്ക്ക് തുടക്കമാകുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. യാത്രയുടെ ആദ്യ ദിനം പയ്യന്നൂരില്‍ അവസാനിക്കും. യാത്രയില്‍ ഉരുത്തിരിഞ്ഞ് വരുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസൃതമായി രൂപീകരിക്കപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തുന്നതോടെ രാഷ്ട്രീയ കേരളത്തില്‍ വലിയ പരിവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും. യാത്രയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എസ്എന്‍ഡിപി ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.