നാളെയുടെ ശാസ്ത്രപ്രതിഭകളുടെ സംഗമത്തിന് കൊല്ലം വേദിയാകുന്നു

Monday 23 November 2015 2:55 pm IST

കൊല്ലം: ശാസ്ത്രമേള വിജയികള്‍ക്കുള്ള ട്രോഫികളുടെ പ്രദര്‍ശനവും വഹിച്ചുകൊണ്ടുള്ള പ്രൗഡഗംഭീരമായ യാത്ര ഇന്ന് നടക്കും. ശാസ്‌ത്രോത്സവത്തിന് ഇക്കുറി ഏര്‍പ്പെടുത്തിയ ശാസ്‌ത്രോത്സവക്കപ്പും വഹിച്ചുകൊണ്ട് പുനലൂര്‍ ബോയിസ് എച്ച്എസില്‍ നിന്ന് ആരംഭിക്കുന്ന പ്രദര്‍ശനയാത്ര അഡീഷണല്‍ ഡിപിഐ വി.എല്‍.വിശ്വലത പതാക കൈമാറി ഉദ്ഘാടനം ചെയ്യും. ട്രോഫി കമ്മറ്റി കണ്‍വീനര്‍ പി.എസ്.ഗോപകുമാറാണ് യാത്രാക്യാപ്ടന്‍. പിടിഎ പ്രസിഡന്റ് പി.വിജയന്‍ അദ്ധ്യക്ഷത വഹിക്കും. ഡിഇഒ കെ.ആനന്ദകുമാര്‍, എഇഒ ആര്‍.ഉണ്ണിക്കൃഷ്ണന്‍, പ്രിന്‍സിപ്പാള്‍ കെ.ഹരികുമാരന്‍പിള്ള, ഹെഡ്മിസ്ട്രസ് കെ. രമാദേവി എന്നിവര്‍ സംസാരിക്കും. ജോയിന്റ് കണ്‍വീനര്‍ എ.ആര്‍.അരുണ്‍കുമാര്‍ നന്ദി പറയും. ശാസ്താംകോട്ട ബിഎംസി എഞ്ചിനീയറിങ് കോളേജ് ഏര്‍പ്പെടുത്തിയ ട്രോഫി രൂപകല്പന ചെയ്തത് ശില്‍പി പ്രദീപ് ഡിഗ്നിറ്റിയാണ്. ജില്ലയിലെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് പ്രദര്‍ശനയാത്ര വൈകിട്ട് നാലിന് പ്രധാന വേദിയായി കൊല്ലം തേവള്ളി ബോയ്‌സ് എച്ച്എസില്‍ എത്തിച്ചേരും. തുടര്‍ന്ന് സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ ട്രോഫി സക്കറിയാ മാര്‍ അന്തോണിയോസ് മെത്രാപ്പൊലീത്ത ഡിഡിഇ എന്‍.ഐ.അഗസ്റ്റിന് കൈമാറും. കൗണ്‍സിലര്‍ കോകില എസ്.കുമാര്‍ അദ്ധ്യക്ഷത വഹിക്കും. പതിനായിരത്തിലധികം ശാസ്ത്രകൗമാരങ്ങള്‍ അറിവിന്റെയും പുത്തന്‍ കണ്ടെത്തലിന്റെയും വിസ്മയച്ചെപ്പുകള്‍ മേളയിലൂടെ കൊല്ലത്തിന് മുന്നില്‍ തുറക്കുകയാണ്. നാളെ മുതല്‍ മുതല്‍ 28 വരെ നഗരത്തിലെ വിവിധ വിദ്യാലയങ്ങളിലായാണ് രണ്ടുപതിറ്റാണ്ടിന് ശേഷം വിരുന്നെത്തുന്ന സംസ്ഥാന ശാസ്ത്രമേള അരങ്ങേറുന്നത്. പതിനാല് ജില്ലകളില്‍ നിന്നായി 264 ഇനങ്ങളില്‍ പതിനായിരത്തിലധികം മത്സരാര്‍ത്ഥികള്‍. ശാസ്ത്രമേളക്കൊപ്പം വൊക്കേഷണല്‍ എക്‌സ്‌പോയും കുറ്റമറ്റതാക്കാന്‍ വിപുലമായ ഒരുക്കത്തിലാണ് സംഘാടകര്‍. നാളെ വൈകിട്ട് 3ന് സെന്റ് ജോസഫ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്ന് വിപുലമായ ഘോഷയാത്ര പ്രധാനവേദിയായ സെന്റ് അലോഷ്യസ് സ്‌കൂളിലേക്ക് നടക്കും. ഘോഷയാത്രയില്‍ രണ്ടായിരം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. വിവിധ കലാരൂപങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍, ഡിസ്‌പ്ലെ, വാദ്യഘോഷങ്ങള്‍ തുടങ്ങിയവ ഘോഷയാത്രയ്ക്ക് പൊലിമയേറ്റും. വൊക്കേഷണല്‍ എക്‌സ്‌പോ നടക്കുന്ന 26, 27 തീയതികളില്‍ പൊതുജനങ്ങള്‍ക്ക് മേള കാണുവാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി ശാസ്ത്രനാടകം, മിമിക്‌സ് പരേഡ്, സയന്റിഫിക് മാജിക് ഷോ, നൃത്തസമന്വയം എന്നിവയും അരങ്ങേറും. 25, 26 തീയതികളിലായി ഗവ.മോഡല്‍ ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഐടി മേള നടക്കും. കരിയര്‍ഫെസ്റ്റ് 26ന് രാവിലെ 10ന് കൊല്ലം ബോയ്‌സ് വിഎച്ച്എസ്എസിലെ മുഖ്യവേദിയില്‍ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.