ലോക്പാല്‍ ബില്ല് : പ്രധാനമന്ത്രിക്ക് വീണ്ടും ഹസാരെ കത്തയച്ചു

Saturday 17 December 2011 4:13 pm IST

ന്യൂദല്‍ഹി: ലോക്‌പാല്‍ ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലെങ്കിലും പാസാകുമോ എന്ന ചോദ്യമുയര്‍ത്തി അണ്ണാ ഹസാരെ വീണ്ടും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‌ കത്തെഴുതി. ബില്‍ പാസാക്കിയില്ലെങ്കില്‍ ഡിസംബര്‍ 27 മുതല്‍ അനിശ്ചിതകാല നിരാഹാര സമരവും രാജ്യ വ്യാപക ജയില്‍ നിറയ്ക്കലും നടത്തുമെന്നു ഹസാരെ മുന്നറിയിപ്പ് നല്‍കി. ലോക്പാലിനെ എതിര്‍ത്ത എം.പിമാരുടെ വസതിക്കു മുന്‍പില്‍ ജനുവരി ഒന്നു മുതല്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കത്തില്‍ പറയുന്നു. ഡിസംബര്‍ 24 ന്‌ അവസാനിക്കുന്ന സമ്മേളനത്തില്‍ ബില്ലിന്റെ സ്ഥിതി എന്താകുമെന്ന സംശയമാണ്‌ ഹസാരെയ്ക്കുള്ളത്‌. ഡിസംബര്‍ 22 വരെ കാത്തിരിക്കും. ഫലപ്രദമായ ബില്ലാണു പാസാക്കുന്നതെങ്കില്‍ ഡിസംബര്‍ 27ന്റെ വേദി കോണ്‍ഗ്രസിനെ അഭിനന്ദിക്കുന്നതിനായിരിക്കും. മുതിര്‍ന്ന കേന്ദ്രമന്ത്രിമാരെ ക്ഷണിച്ചു റോസാപ്പൂ നല്‍കുമെന്നും നാലു പേജുള്ള കത്തില്‍ ഹസാരെ വ്യക്തമാക്കി. കുറച്ചു മാസങ്ങള്‍ക്ക്‌ മുമ്പ്‌ പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ ബില്‍ പാസാകുമെന്ന ഉറപ്പ്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് നല്‍കിയിരുന്നതായും കഴിഞ്ഞ ഒരു വര്‍ഷമായി സാധാരണക്കാരെ പറ്റിക്കുന്നതിനായി ഓരോ വാഗ്‌ദാനങ്ങളായി സര്‍ക്കാര്‍ നല്‍കി വരികയാണെന്നും ഹസാരെ ആരോപിച്ചു. നേരത്തെ ബില്‍ പാസാകുമെന്ന്‌ പ്രത്യാശ പ്രകടിപ്പിച്ച ഹസാരെ എന്നാല്‍ ഡിസംബര്‍ 23 ന്‌ മുമ്പ്‌ ബില്‍ പാസാകുമോ എന്ന ആശങ്കയും പ്രകടിപ്പിച്ചു. ബില്ലിനോടൊപ്പം പ്രത്യേക പൗരാവകാശ രേഖ പാസാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിലും ഹസാരെ അത്ഭുതം പ്രകടിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.