പ്രിയമാനസം കേരളത്തിന്റെ നിലപാട് ഗോവയില്‍ വിവാദമാകുന്നു. നുണപ്രചരണവുമായി മനോരമ

Monday 23 November 2015 8:13 pm IST

തൃശ്ശൂര്‍:ഉണ്ണായി വാര്യരുടെ കഥ പറയുന്ന സംസ്‌കൃത സിനിമ പ്രിയമാനസത്തെ തഴഞ്ഞ കേരള ചലച്ചിത്ര അക്കാദമിയുടെ നടപടി ഗോവന്‍ മേളയിലും ചൂടേറിയ ചര്‍ച്ചയാവുന്നു. അക്കാദമിയുടെ ഇരട്ടത്താപ്പ് ജന്മഭൂമിയാണ് തുറന്നുകാട്ടിയത്. ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ച പ്രിയമാനസം വന്‍ അംഗീകാരം നേടി. പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് ഒരു ദിവസം കൂടി സ്‌ക്രീനിങ് അനുവദിച്ചിട്ടുമുണ്ട്. അതേസമയം തിരുവനന്തപുരം മേളയില്‍ നിന്ന് ചിത്രത്തെ ഒഴിവാക്കിയ കേരള ജൂറിയുടെയും അക്കാദമിയുടേയും നിലപാട് ഗോവന്‍ മേളയില്‍ പലരും ചോദ്യം ചെയ്തു. സംവിധായകന്‍ വിനോദ് മങ്കരയുമായി ദേശീയ മാധ്യമങ്ങള്‍ നടത്തിയ അഭിമുഖത്തിലുടനീളം നിറഞ്ഞത് കേരളത്തില്‍ നിന്ന് നേരിടേണ്ടി വന്ന വിവേചനത്തെക്കുറിച്ചും അസഹിഷ്ണുതയെക്കുറിച്ചുമുള്ള ചോദ്യങ്ങളായിരുന്നു. തിരുവനന്തപുരം മേളക്ക് ചിത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന ജൂറി നിലവാരമില്ലാത്തവരുടേതാണെന്നും ഫിലിം മേക്കേഴ്‌സ് എന്നവകാശപ്പെടാവുന്ന ആരും അതിലില്ലെന്നും വിനോദ് മങ്കര പറഞ്ഞു. ഹൈന്ദവ ബിംബങ്ങള്‍ കൂടുതലാണ് എന്ന കാരണത്താലാണ് ചിത്രത്തെ ഒഴിവാക്കിയത്. അമ്പലവാസിയായിരുന്ന ഉണ്ണായി വാര്യരുടെ ജീവിതം പള്ളിയിലോ മോസ്‌കിലോ ചിത്രീകരിക്കാനാകുമോയെന്നും സംവിധായകന്‍ ചോദിച്ചു. സിനിമയെ ഒരു കലാരൂപം എന്ന നിലയിലാണ് കാണേണ്ടത്. ഉണ്ണായി വാര്യരുടെ കലയും കാലവും സത്യസന്ധമായി രേഖപ്പെടുത്താനാണ് താന്‍ ശ്രമിച്ചതെന്നും സംവിധായകന്‍ വെളിപ്പെടുത്തി. അതേസമയം വിവാദം വഴിതിരിച്ചുവിടാന്‍ ചിലകോണുകളില്‍ നിന്ന് ശ്രമം നടക്കുന്നതായി സംവിധായകന്‍ ജന്മഭൂമിയോട് പറഞ്ഞു. താന്‍ പറയാത്ത കാര്യങ്ങളാണ് മനോരമ പത്രം ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. മനോരമയുടെ ലേഖകനുമായി താന്‍ സംസാരിച്ചിട്ടില്ല. ബിജെപി എന്ന വാക്ക് മുഖാമുഖത്തില്‍ ഒരിടത്ത് പോലും പരാമര്‍ശിച്ചിട്ടില്ല. ലേഖകന്റെ വാര്‍ത്തയില്‍ ആറിടത്ത് താന്‍ ബിജെപിക്കെതിരെ പറഞ്ഞുവെന്നാണ്. പ്രിയമാനസത്തിന്റെ പൈതൃകം ബിജെപി ഏറ്റടുക്കേണ്ട എന്ന് സംവിധായകന്‍ പറഞ്ഞുവെന്നാണ് മനോരമ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മുഖാമുഖത്തിന്റെ പൂര്‍ണ്ണരൂപം പിടിഐ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംവിധായകന്‍ തന്നെ അത് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ബിജെപി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നല്ല പിന്തുണയാണ് ലഭിച്ചത്. ഉദ്ഘാടന വേദിയില്‍ സന്നിഹിതനായിരുന്ന കേന്ദ്രമന്ത്രി രാജ്യ വര്‍ദ്ധന്‍ സിങ് റാത്തോഡ് ചിത്രം ന്യൂദല്‍ഹിയില്‍ ക്ഷണിക്കപ്പെട്ട സദസ്സിനു മുന്‍പാകെ പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ഒട്ടേറെ അന്താരാഷ്ട്ര മേളകള്‍ക്ക് ക്ഷണം ലഭിച്ചതായും വിനോദ് പറഞ്ഞു. ചിത്രത്തിന് ദേശീയ അന്തര്‍ദേശീയ തലത്തില്‍ അംഗീകാരം കിട്ടുന്നതിലെ ജാള്യത മറക്കാനാണ് ചില പത്രങ്ങള്‍ ഇപ്പോള്‍ നുണ പ്രചരണം നടത്തുന്നതെന്നാണ് കരുതുന്നത് എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.