ബസും ജീവനക്കാരുമില്ല കെഎസ്ആര്‍ടിസി ഡിപ്പോ പ്രതിസന്ധിയില്‍

Monday 23 November 2015 8:16 pm IST

എടത്വ: ആവശ്യത്തിനു ബസും ജീവനക്കാരുമില്ലാതെ കെഎസ്ആര്‍ടിസി എടത്വ ഡിപ്പോ പ്രതിസന്ധിയില്‍. 28 ഷെഡ്യൂളുകളും 31 ബസുമുണ്ടായിരുന്ന എടത്വ ഡിപ്പോയില്‍ ഇപ്പോള്‍ 15 ഷെഡ്യൂളുകള്‍ മാത്രമാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ദേശസാത്കൃത റൂട്ട് ആയിട്ടും മാനേജ്‌മെന്റ് ഡിപ്പോയെ തീര്‍ത്തും അവഗണിച്ചിരിക്കുകയാണെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു. നാല് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് ഉള്ളതില്‍ ഒന്നുപോലും ഇപ്പോള്‍ ഓപ്പറേറ്റ് ചെയ്യുന്നില്ല. ബസില്ലെന്ന കാരണം പറഞ്ഞ് ദിവസവും ലാഭത്തില്‍ സര്‍വ്വീസ് നടത്തിക്കൊണ്ടിരുന്ന ഷെഡ്യൂളുകളാണ് ക്യാന്‍സല്‍ ചെയ്തിരിക്കുന്നത്. രണ്ടു ലക്ഷത്തിലധികം കളക്ഷന്‍ ലഭിച്ചിരുന്ന ഡിപ്പോയില്‍ ഇപ്പോള്‍ കളക്ഷന്‍ 1.25 ലക്ഷമായി കുറഞ്ഞു. 15 ഡ്രൈവര്‍മാരുടെ കുറവാണ് ഇവിടുള്ളത്. ഏഴ് ബസുകളാണ് പണിക്കായി വിവിധ ഗാരേജുകളിലേക്ക് മാറ്റിയിട്ടുള്ളത്. നിരവധി ഡിപ്പോകളില്‍ ഡ്യൂട്ടി ഇല്ലാതെ ഡ്രൈവര്‍മാര്‍ വീട്ടില്‍ പോകുമ്പോഴാണ് എടത്വ ഡിപ്പോയില്‍ ഡ്രൈവര്‍മാരില്ലാത്ത സ്ഥിതിവിശേഷം. നിരവധി തവണ അധികൃതരുടെ പക്കല്‍ പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ചക്കുളത്തുകാവ് പൊങ്കാലക്ക് ഇനി നാലുദിവസം മാത്രമുള്ളപ്പോള്‍ പൊങ്കാലക്ക് സര്‍വീസ് നടത്താന്‍ കഴിയാത്ത അവസ്ഥയാണ്. നീരേറ്റുപുറം കുടിവെള്ള പദ്ധതിയുടെ ഭാഗമായി തലവടി പഞ്ചായത്ത് മുതല്‍ റോഡ് കുഴിച്ചിട്ടിരിക്കുന്നതിനാല്‍ വണ്‍വേയായാണ് ഇപ്പോള്‍ ബസ് സര്‍വീസ് നടത്തുന്നത്. പൊങ്കാല സമയത്ത് വണ്‍വേ പോലും നടത്താന്‍ സാധിക്കില്ല. ഇതിനു പരിഹാരം കാണാനും കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് തയാറായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.